നടന്‍ ദിലീപും ഭാര്യ കാവ്യ മാധവനും കൊടുങ്ങല്ലൂര്‍ ശ്രീ കുരുംബ ഭഗവതി ക്ഷേത്രത്തിൽ ദർശനം നടത്തി. 28 സ്വര്‍ണത്താലികള്‍ നടയില്‍ സമര്‍പ്പിക്കുകയും ശത്രുസംഹാര പുഷ്പാഞ്ജലിയടക്കമുളള വഴിപാടുകളും നടത്തുകയും ചെയ്തു. നടിക്കെതിരേയുള്ള ആക്രമണവുമായി ബന്ധപ്പെട്ട വിവാദം കൊഴുക്കുന്നതിനിടെ ശത്രുസംഹാര പുഷ്പാഞ്ജലി നടത്തിയത് ശത്രുക്കളെ നശിപ്പിക്കാനോ ശത്രുതയിൽ നിന്ന് രക്ഷനേടാനോ എന്ന് ചിന്തിക്കുന്നത് സ്വാഭാവികം.
എന്നാൽ എന്താണ് ശത്രുസംഹാരപുഷ്പാഞ്ജലിക്കൊണ്ടുള്ള ഫലം? മാനസികവും ശാരീരികവുമായ ശുദ്ധീകരണത്തിന് വേണ്ടിയാണ് പുഷ്പ്പാഞ്ജലികൾ നടത്തുന്നത്. ശത്രുസംഹാര പുഷ്‌പാഞ്‌ജലി നടത്തി എല്ലാ ശത്രുക്കളെയും നശിപ്പിക്കുക എന്നല്ല ഉദ്ദേശിക്കുന്നത്. നമ്മുടെ ഉള്ളിൽ നാം അറിയാതെ തന്നെ മോശം ചിന്തകളിലേക്കും തെറ്റിലേക്കും നയിക്കുന്ന ശത്രുവിനെ അഥവാ ദുഷ്ട ശക്തിയെ നിയന്ത്രിക്കാനായാണ് ശത്രുസംഹാരപുഷ്പാഞ്ജലി വഴിപാടായി നടത്തിവരുന്നത്.താലി വഴിപാട് മംഗല്യ ഭാഗ്യത്തിനായി നടത്തിവരുന്ന ഒരു വഴിപാടാണ്.
ശത്രുസംഹാര പുഷ്പാഞ്ജലിയും ശത്രുസംഹാര പൂജയും തന്റെ ശത്രുക്കളെ ഇല്ലായ്മ വരുത്തുന്നതിനാണെന്നു പലപ്പോഴും തെറ്റിദ്ധരിക്കപ്പെടാറുണ്ട്. കാമം, ക്രോധം, ലോഭം, മോഹം, മദം, മാത്സര്യം തുടങ്ങി നാമോരോരുത്തരിലുമുള്ള ദുഷ്ടശക്തികളെ നിയന്ത്രിക്കുന്നതിനാണ് ശത്രുസംഹാര പൂജ നടത്തുന്നത്. മാനസികമായി പരാജയപ്പെടുത്തുവാൻ ശ്രമിക്കുന്ന ഉള്ളിലുള്ള ദുഷ്ടശക്തിയെ നിയന്ത്രിക്കുന്നതിലാണ് ഒരാളുടെ വിജയം. നാം നമ്മെത്തന്നെ ഈശ്വരനിൽ സമർപ്പിക്കുന്നതിന് പ്രതീകമായാണ് വഴിപാടുകൾ നടത്തുന്നത്. ആത്മാർഥമായി ചെയ്യുന്ന കർമങ്ങൾക്കു ഫലം ഉറപ്പാണ്. ഒന്നും ആഗ്രഹിക്കാതെ ഭക്തിയോടെ വഴിപാടുകൾ നടത്തുന്നതാണ് ഏറ്റവും ഉത്തമം. വെറുതെ ആഗ്രഹപൂർത്തീകരണത്തിനായി മാത്രം വഴിപാടുകൾ നടത്തുന്നത് നന്നല്ല. തികഞ്ഞ ഭക്തിയോടു കൂടി ഭഗവാനിൽ അർപ്പിക്കുന്ന വഴിപാടുകൾ ഉത്തമ ഫലം നൽകുമെന്നാണ് വിശ്വാസം.
തൃശ്ശൂർ ജില്ലയിലെ കൊടുങ്ങല്ലൂരിലാണ് ശ്രീ കുരുംബ ഭഗവതി ക്ഷേത്രം സ്ഥിതിചെയ്യുന്നത്. വടക്കോട്ടു ദർശനമായി ഉഗ്രഭാവത്തിലുള്ള ഭദ്രകാളിയാണ് ഇവിടുത്തെ പ്രധാന പ്രതിഷ്ഠ.
Read more- Astrology Rituals Download Prediction