Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഈ നിസ്സാരകാര്യങ്ങളാണ് വീട്ടിൽ വലിയ പ്രശ്നങ്ങളുണ്ടാക്കുന്നത്!

Vastu Tips

വാസ്തുശാസ്ത്രം ഒക്കെ നോക്കി വീട് നിർമ്മിച്ചാണ് താമസം തുടങ്ങിയത്. എന്നാൽ പ്രതീക്ഷിച്ചപോലെ ഐശ്വര്യം ഇല്ല എന്ന് പലരും പറഞ്ഞു കേട്ടിട്ടുണ്ട്. എന്തെങ്കിലും തെറ്റു പറ്റിയോ? ഇനി എന്തുചെയ്താൽ ശരിയാക്കാം? വീട് പണിയും മുമ്പോ പണി പൂർത്തിയായ ശേഷമോ വാസ്തുശാസ്ത്രം അറിയുന്നയാളെ കൊണ്ടുവന്നു നോക്കിയിട്ടുണ്ടാകില്ല പലരും. ഇല്ലെങ്കിൽ അതിനൊക്കെ അദ്ദേഹം പ്രതിവിധി പറഞ്ഞു തരുമായിരുന്നു.

വീടിന്റെ പ്രധാന വാതിലിന് നേരെ നിൽക്കുന്ന മരം മുറിച്ചു കളഞ്ഞാൽ തീരാവുന്നതാകും പ്രശ്നം. അല്ലെങ്കിൽ പ്രധാന കതക് വച്ചിരിക്കുന്നത് മുന്നിലെ തെരുവിന് അഭിമുഖമായിട്ടാക്കിയാൽ മതിയാകും. വീടിന് മുന്നിലുള്ള കുഴി, കിണർ, കാന എന്നിവ പാടില്ല എന്ന് പറ‍ഞ്ഞു തരാൻ ആളില്ലാഞ്ഞിട്ടാകും. കതക് തുറക്കുമ്പോൾ ഉണ്ടാകുന്ന ശബ്ദം അൽപം എണ്ണ ഒഴിച്ച് നിശബ്ദം ആക്കിയാൽ മതി. 

വീടിന് രണ്ടു വശത്തുമായി വലിയ വൃക്ഷങ്ങൾ വരാന്‍ പാടില്ല. പറമ്പ് കന്നിമൂല അതായത് തെക്ക് പടിഞ്ഞാറേ മൂല ഉയർന്നും വടക്ക് കിഴക്കേമൂല ഏറ്റവും താഴ്ന്നും ഇരിക്കണം. കിണറോ വാട്ടർടാങ്കോ വടക്ക് കിഴക്കായിരിക്കണം. നായയും മറ്റും പ്രധാന വാതിലിൽ കെട്ടിയിടരുത്. കതക് തുറക്കുമ്പോൾ നേരെ കണ്ണാടി കാണാൻ പാടില്ല. പ്രധാന വാതിലിന് നേരെ പലരും കണ്ണാടി ഉള്ള അലമാര വച്ചിട്ടുണ്ടാകും. അത് നീക്കി വച്ചാൽ മതിയാകും. 

അലമാരയുടെ കുറ്റിയും കൊളുത്തും താഴും താക്കോലും ഒക്കെ ശരിക്ക് പ്രവർത്തിക്കുന്നില്ലെങ്കിലും പ്രശ്നങ്ങളുണ്ടാകും. പഴയ കണ്ണടയും, വാച്ചും, ഉപയോഗമില്ലാത്ത വസ്ത്രങ്ങളും ഉപേക്ഷിക്കുക. പൊട്ടകണ്ണാടിയും മറ്റും ഒരിക്കലും വച്ചുകൊണ്ടിരിക്കരുത്. എഴുതി മഷി തീർന്ന ഡോട്ട് പേനകളും കളയണം. സമയകൃത്യതയില്ലാത്ത വാച്ചുകളും നന്നാക്കാൻ പറ്റാത്തവയാണെങ്കിൽ ഉപേക്ഷിക്കണം. ഇലക്ട്രിക് ഉപകരണങ്ങളും കേടായി ഇരിക്കരുത്. പൈപ്പിൽ നിന്നും വെള്ളം ഇറ്റിറ്റു വീഴാൻ പാടില്ല. പുതിയ ടാപ്പ് പിടിപ്പിക്കുക. 

കാറ്റും വെളിച്ചവും കൃത്യമായി കയറിയത് കൊണ്ടായില്ല. സ്വിച്ചിട്ടാൽ കത്താത്ത ബൾബ് എന്തിനാണ് വീട്ടിൽ മാറ്റാൻ മടിക്കുന്നത്? ഇത്തരം കാര്യങ്ങൾ ചെറുതാണ് പക്ഷെ അതിന്റെ സ്വാധീനം വലുതാണ്. ഇത്രയും കാര്യങ്ങളിൽ ചിലതെങ്കിലും നിങ്ങളുടെ വീട്ടിലെ പ്രശ്നമാകും. അത് പരിഹരിക്കുക മാറ്റം നേരിട്ട് അനുഭവിക്കുക.

അലമാരയിലെ പഴയ പട്ടുസാരി കളയാൻ മടിയുണ്ടാകും. ഒരു വർഷമോ അതിലധികമോ ആയി ഉപയോഗിക്കുന്നില്ല എങ്കിലും വിലകൂടിയത് കൊണ്ടോ സെന്റിമെന്റൽ അറ്റാച്ച്മെന്റ് കൊണ്ടോ കളയാൻ മടിയുണ്ടാകും. അത് പുറത്തെടുത്ത് വെയിലത്തിട്ട് വീണ്ടും മടക്കി വച്ചാൽ മതി ഉപേക്ഷിക്കേണ്ട. പക്ഷെ ഒരിക്കലും ഉപയോഗിക്കാത്തവ കളയുന്നതാണ് നല്ലത്.

ഇതാക്കെ വീട്ടിൽ ചെയ്തു നോക്കൂ, ഐശ്വര്യം വർദ്ധിക്കുന്നത് നിങ്ങൾക്ക് താനെ ബോദ്ധ്യപ്പെടും.

Read more: Vastu, Astrology, Yearly horoscope, Soul mate