എത്ര ചെറിയ ഭൂമിയിലും നല്ലൊരു സ്ഥാനമുണ്ട്. കൃത്യമായ കണക്കോടും സ്ഥാനത്തോടും കൂടി ഇവിടെ നല്ലൊരു ഭവനം നിർമിക്കാം.
പ്രകൃതിയുമായുളള ശരിയായ ബന്ധത്തിലൂടെ മാത്രമേ മനുഷ്യന് നന്മ കൈവരിക്കാൻ കഴിയൂ. ശാസ്ത്രത്തിന്റെയെല്ലാം ആത്യന്തിക ലക്ഷ്യം മനുഷ്യനന്മയാണ്. മനുഷ്യനും പ്രകൃതിയും തമ്മിലുളള അനാദിയായ ആത്മഐക്യം ദൃഢീകരിക്കുന്ന മഹത്തായ ശാസ്ത്രമാണ് വാസ്തു. ജീവജാലങ്ങളെ സംബന്ധിച്ച് അതിന്റെ ആയുസും ആരോഗ്യവും എത്രത്തോളം പ്രധാനപ്പെട്ടതാണോ അതുപോലെയാണ് ആലയങ്ങളെ സംബന്ധിച്ച് അതിന്റെ ഉറപ്പും ഭംഗിയും. പ്രകൃതിക്കും പ്രകൃതിനിയമങ്ങൾക്കും ഇണങ്ങുംവിധം ഭവനം സംവിധാനം ചെയ്യപ്പെടുമ്പോഴാണ് ഇവ കരഗതമാവുക.
ഒരർഥത്തില്‍ ധർമ, അർഥ, കാമ മോക്ഷങ്ങളുടെ ഉറവിടം കൂടിയാണ് ഭവനം. അതായത് കാലഘട്ടങ്ങളിലെ സംസ്കാരവും നിർമാണദ്രവ്യവുമെല്ലാം വാസ്തുശാസ്ത്രത്തെ സ്വാധീനിച്ചിരിക്കുന്നു. ഇതിന്റെ ഫലമായാണ് ഗൃഹനിർമാണശൈലികൾക്കും രൂപങ്ങള്‍ക്കും വൈപുല്യത കൈവരിക്കാൻ കഴിഞ്ഞത്. പരീക്ഷണം, നിരീക്ഷണം, നിഗമനം, സിദ്ധാന്തം തുടങ്ങിയ തത്വങ്ങളിലൂടെയാണ് വാസ്തുശാസ്ത്ര നിയമങ്ങൾ രൂപപ്പെട്ടത്.
സ്ഥലങ്ങളെ ഗ്രാമം, നഗരം, പട്ടണം എന്നിങ്ങനെ വിഭജിച്ച് ഒാരോ പ്രദേശത്തും അനുസരിക്കേണ്ട നിർമാണനിയമങ്ങള്‍ ചൂണ്ടിക്കാട്ടുകയാണ് വാസ്തുവിദ്യയിൽ ചെയ്തിരിക്കുന്നത്. ഗ്രാമം, നഗരം, പട്ടണം എന്നിവയെല്ലാം അളക്കുന്നതിന് കൃത്യമായ മാനദണ്ഡങ്ങളും വാസ്തുവിദ്യയിലുണ്ട്.
300 ദണ്ഡളവ് വരുന്നതാണ് ഒരു ചെറിയ ഗ്രാമം 500, 700, 900, 1000, 1500, 2000 ദണ്ഡളവുകളും ഗ്രാമത്തിന് സ്വീകരിക്കാറുണ്ട്. മുന്നൂറ് ദണ്ഡ് മുതൽ എണ്ണായിരം ദണ്ഡ് വരെ നൂറ് ദണ്ഡ് വർദ്ധനവിൽ എഴുപത്തെട്ട് പ്രകാരമുളള വിസ്താരമാണ് നഗരസംവിധാനത്തിന് നിശ്ചയിച്ചിരിക്കുന്നത്. നൂറ് ദണ്ഡ് മുതൽ മുന്നൂറ് ദണ്ഡ് വരെ പത്ത് ദണ്ഡ് വർദ്ധനവിൽ ഇരുപത്തിയൊന്ന് തരത്തിലുളള ചെറുനഗരങ്ങളെപ്പറ്റിയും വാസ്തുവിദ്യയിൽ പ്രതിപാദിക്കുന്നുണ്ട്.
Read More : Vasthu