Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഓഹരിയിൽ നേട്ടമുണ്ടാക്കാം ജോലിയും

PTI2_9_2016_000085A

ഓഹരി, കമോഡിറ്റി വിപണിയെക്കുറിച്ചു പഠിച്ച്. ഈ മേഖലകളിൽ മികച്ച വരുമാനമുള്ള ജോലി ഉറപ്പാക്കാം. അതല്ലെങ്കിൽ വിപണിയെ സംബന്ധിച്ച കാര്യങ്ങളെല്ലാം ആഴത്തിൽ മനസിലാക്കി നിക്ഷേപത്തിൽ നിന്ന് ഉയർന്ന നേട്ടമുണ്ടാക്കാം.രണ്ടിനും അവസരം ഒരുക്കുന്നതാണ് എൻഐഎസ്എം കോഴ്സുകൾ

മൂലധന വിപണി റെഗുലേറ്ററായ സെബിയുടെ കീഴിൽ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ സെക്യൂരിറ്റീസ് മാർക്കറ്റ് (എൻഐഎംഎസ്) എന്ന സ്ഥാപനമാണ് കോഴ്സുകൾ നടത്തുന്നത്. സെബിയുടെ തന്നെ പാഠ്യ പദ്ധതിയായതിനാൽ ഈ കോഴ്സിനു പ്രസക്തിയേറെയാണ്. മൂലധന വിപണിയുമായി ബന്ധപ്പെട്ട ജോലി ലഭിക്കുന്നതിനുള്ള മിനിമം യോഗ്യതയായി സെബി നിശ്ചയിച്ചിരിക്കുന്നത് ഈ സർട്ടിഫിക്കറ്റ് കോഴ്സുകളെയാണ്.

സ്റ്റോക്ക് എക്സ്ചേഞ്ച്, ഓഹരി ഡിപ്പോസിറ്ററികൾ, ബ്രോക്കിങ് സ്ഥാപനങ്ങൾ ,മർച്ചന്റ് ബാങ്കിങ് സ്ഥാപനങ്ങൾ, ബാങ്കിങ് ഇതര ധനകാര്യ സ്ഥാപനങ്ങൾ എന്നിവിടങ്ങളിലെല്ലാം ജോലി ലഭിക്കാൻ അടിസ്ഥാന യോഗ്യതകൾക്കു പുറമേ ഈ കോഴ്സുകൾ അധികയോഗ്യതയായി വേണം. ഇതുള്ളവർക്ക് മുൻഗണന ലഭിക്കും. കോഴ്സ് പാസാകാത്തവർ ജോലി ലഭിച്ച് നിശ്ചിത കാലയളവിനുള്ളിൽ പഠിച്ച് സർട്ടിഫിക്കറ്റ് എടുത്തിരിക്കണം. കോഴ്സിനു ചേരാൻ മിനിമം വിദ്യാഭ്യാസ യോഗ്യതയില്ല. പക്ഷേ ജോലി ലഭിക്കണമെങ്കിൽ പ്ലസ്‌ടു മുതൽ എംബിഎ വരെയുള്ള നിർദിഷ്ട യോഗ്യത ആവശ്യമാണ്.

നിക്ഷേപിക്കാൻ പഠിക്കാം, നേട്ടം കൂട്ടാം
ഈ കോഴ്സ് പഠിച്ചാൽ വിപണിയെക്കുറിച്ച് ആഴത്തിൽ അറിയാനും നല്ല ഓഹരി നിക്ഷേപകനാകാനും സാധിക്കും. ഷെയർ ഡിപ്പോസിറ്ററിയുടെ പ്രവർത്തനം, അവധി വ്യാപാരം, ഡെറിവേറ്റീവ്സ്, മ്യൂച്വൽ ഫണ്ട്, കമോഡിറ്റി ട്രേഡിങ്, കറൻസി ട്രേഡിങ് തുടങ്ങിയ സംബന്ധിച്ചുള്ള കോഴ്സുകളുണ്ട്.

സ്വയം പഠിച്ചാണ് പരീക്ഷയെഴുതേണ്ടത് nism.ac.in എന്ന സൈറ്റിൽ വിശദവിവരങ്ങൾ ലഭിക്കും. ഓൺ ലൈനായി റജി‌സ്റ്റർ ചെയ്യാൻ പാൻകാർഡ് ഉണ്ടായിരിക്കണം.

ഓരോ സർട്ടിഫിക്കറ്റിനും 1500 രൂപയാണ് ഫീസ്. ഓൺലൈനായോ ഐസിഐസിഐ ബാങ്ക് വഴിയോ ഫീസടയ്ക്കാം. സ്റ്റഡി മെറ്റീരിയൽസും ഓൺലൈനായി കിട്ടും. 150 രൂപ അധികം നൽകി ടെസ്റ്റ് ബുക്ക് രൂപത്തിലും ഇതു നേടാം. പരീക്ഷയും ഓൺലൈനാണ്. പണമടച്ച് മൂന്നു മാസത്തിനുള്ളിൽ സൈറ്റിൽ ലഭ്യമായ തീയതിയിൽ, ലഭ്യമായ സെന്ററിൽ ഓൺലൈനായി പരീക്ഷ എഴുതണം.

120 മിനിറ്റാണു പരീക്ഷ. 100 ഒബ്ജക്ടീവ് ടൈപ്പ് ചോദ്യങ്ങളുണ്ടാകും. നാല് ഉത്തരത്തിൽ നിന്നു ശരിയായതു തിരഞ്ഞെടുക്കണം. തെറ്റിയാൽ 25 ശതമാനം മൈനസ് മാർക്ക്. ഓരോ ശരിയുത്തരവും ക്ലിക് ചെയ്ത് അവസാനം സബ്മിറ്റ് ബട്ടൻ പ്രസ് ചെയ്യുക. ഉടൻ റിസൽട്ട് വരും. പല കോഴ്സിനും 50 ശതമാനം മാർക്ക് മതി ജയിക്കാൻ ചിലതിന് 60 ശതമാനം വേണം.

പാസായാൽ പരീക്ഷ സെന്ററിൽ നിന്നു തന്നെ താൽക്കാലിക സർട്ടിഫിക്കറ്റ് കിട്ടും. ഫോട്ടോ പതിച്ച ശരിയ്ക്കുള്ള സർട്ടിഫിക്കറ്റ് പിന്നീട് തപാലിലും കിട്ടും. സർട്ടിഫിക്കറ്റിനു മൂന്നു വർഷമാണ് കാലാവധി. കാലാവധി പൂർത്തിയാകുന്നതിനു മുൻപ് സെമിനാറിൽ പങ്കെടുത്ത് വീണ്ടും പരീക്ഷയെഴുതാതെ സർട്ടിഫിക്കറ്റ് പുതുക്കി നേടാൻ അവസരമുണ്ട്.

സ്വയം പഠിച്ചു പരീക്ഷ പാസാകാൻ കഴിയില്ലെന്ന പേടിയുണ്ടെങ്കിൽ വിവിധ ബ്രോക്കിങ് സ്ഥാപനങ്ങൾ അതിനുള്ള സൗകര്യം നൽകുന്നുണ്ട്. രണ്ടു മാസം കൊണ്ട് മൂന്നു സർട്ടിഫിക്കറ്റ് നേടാം.