Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മികച്ച ശമ്പളം ഉറപ്പാക്കാം, സ്മാർട്ടായി

job-interview

കാലം മാറിയിരിക്കുന്നു. മികച്ച ജീവനക്കാരെ ചോദിക്കുന്ന ശമ്പളം കൊടുത്തു നിലനിർത്താൻ കോർപറേറ്റ് കമ്പനികൾ നിർബന്ധിതരാകുന്നു. മികവ്, യോഗ്യതകൾ, മറ്റു നൈപുണ്യം എന്നിവയ്ക്ക് അനുസൃതമായി മികച്ച ശമ്പളം പറഞ്ഞുറപ്പിക്കുന്നത് ഇന്നത്തെ ഇന്റർവ്യൂകളിൽ പതിവാണ്. കമ്പനിക്കും ഇന്റർവ്യൂ ബോർഡിനും നീരസമുണ്ടാകാതെ മികച്ച ശമ്പളം എങ്ങനെ ഉറപ്പാക്കാം ?

ഉദ്യോഗാർഥികൾ പലവിധം
ഉദ്യോഗാർഥികൾ തന്നെ പലവിധമുണ്ട്. പഠനം കഴിഞ്ഞ് ജോലിയിലേക്കു പ്രവേശിക്കുന്ന പുതിയ ഉദ്യോഗാർഥികളാണ് ഒരു വിഭാഗം – മുൻപരിചയമില്ലാത്ത‘ഫ്രഷേഴ്സ്’. ജോലിയിലെത്തി കുറച്ചുനാൾ കഴിഞ്ഞവരാണു രണ്ടാമത്തെ വിഭാഗം. മൂന്നാമതൊരു വിഭാഗം ബന്ധപ്പെട്ട മേഖലയിൽ വൈദഗ്ധ്യം നേടിയവരും സീനിയർ സ്ഥാനങ്ങളിലേക്ക് അപേക്ഷിക്കുന്നവരുമായിരിക്കും. തൊഴിൽ പരിചയത്തിനു നമുക്കറിയാവുന്നതു പോലെ ശമ്പള ചർച്ചയിൽ വലിയ പ്രാധാന്യമുണ്ട്. 

തുടക്കക്കാർ കരുതലോടെ 
കോളജ് പഠനം പൂർത്തിയാക്കി തൊഴിൽരംഗത്തേക്കു കടക്കുന്നയാളാണോ ? നിങ്ങൾക്കു പൂർണമായും വിലപേശൽ ശേഷി കൈവന്നിട്ടില്ല. പക്ഷേ ഇതിനർഥം, ശമ്പളത്തിന്റെ കാര്യം സംസാരിക്കുകയേ വേണ്ടെന്നല്ല. 

ആദ്യമായി കമ്പനിയെക്കുറിച്ച് മനസ്സിലാക്കുക. ‘ഗ്ലാസ്ഡോർ’ പോലെയുള്ള ഓൺലൈൻ പോർട്ടലുകളിൽ കമ്പനിയെ സംബന്ധിച്ച വിവരങ്ങളും അവിടെ ജോലിയെടുക്കുന്നവരുടെ അഭിപ്രായവും അറിയാം. തുടക്കക്കാർക്കു നിശ്ചിത ശമ്പളം തീരുമാനിച്ചിരിക്കുന്ന കമ്പനിയാണെങ്കിൽ പേശിയിട്ടു വലിയ കാര്യമില്ല. 

പ്ലേസ്മെന്റ് ഇന്റർവ്യൂവിൽ ചിലപ്പോൾ ശമ്പളക്കാര്യം പറയണമെന്നില്ല. പറയാത്ത പക്ഷം വെറുതെ അതു വലിച്ചിടുകയും വേണ്ട. കമ്പനിയുടെ കോൾ ലെറ്റർ കിട്ടിയശേഷം എച്ച്ആർ ഉദ്യോഗസ്ഥനുമായുള്ള കൂടിക്കാഴ്ച വരെ കാത്തിരിക്കുക. വളരെ യാഥാർഥ്യബോധത്തോടെ ശമ്പളക്കാര്യം സംസാരിക്കുക. നമുക്കുള്ള കഴിവുകൾ വ്യക്തമാക്കിയ ശേഷം ഇത്ര ശമ്പളം തനിക്കു തരുന്നതു കൊണ്ടു കമ്പനിക്ക് ഒരു നഷ്ടവും സംഭവിക്കില്ലെന്നു പറയാം. 

സംസാരിക്കുമ്പോൾ പ്രസന്നതയും ആത്മവിശ്വാസവും പ്രധാനം. ശമ്പളത്തെക്കുറിച്ച് കൂടുതൽ സംസാരിക്കാൻ ഇന്റർവ്യൂ ചെയ്യുന്നയാളിനു താൽപര്യമില്ലെന്നു തോന്നിയാൽ റെഡ് സിഗ്നൽ... വീണ്ടും അതു തന്നെ പറഞ്ഞുകൊണ്ടിരിക്കരുത്. ശമ്പളം പേശിയെന്നതു കൊണ്ട് നിങ്ങൾക്ക് ഒരു ബ്ലാക്ക് മാർക്കും വീഴില്ല. മറിച്ച് ഇക്കാര്യം ഭംഗിയായി അവതരിപ്പിക്കാൻ കഴിയുമെങ്കിൽ ഇന്റർവ്യൂ ചെയ്യുന്നവർക്ക് മതിപ്പ് തോന്നുകയും ചെയ്യും. 

തൊഴിൽപരിചയം ഉള്ളവർ
തൊഴിൽപരിചയം ഉള്ളവർക്കു ശമ്പളം സംബന്ധിച്ച് പേശാം. ആദ്യം സ്വയം വിലയിരുത്തണം. ഏതു മേഖലയിലാണ് നിങ്ങൾ? മികവ് തെളിയിച്ചിട്ടുണ്ടോ ? ഈ മേഖലയിൽ മറ്റുള്ളവർക്കു ലഭിക്കുന്ന ശമ്പളമെത്ര ? കമ്പനി നിങ്ങളുടെ ശ്രേണിയിലുള്ളവർക്കു മുൻവർഷങ്ങളിൽ നൽകിയ ശമ്പളമെത്ര ? ഇത്തരത്തിൽ ആഴത്തിലുള്ള ഗൃഹപാഠത്തിനു ശേഷമാണ് ഇന്റർവ്യൂവിൽ പങ്കെടുക്കേണ്ടത്. ഇന്റർവ്യൂവിൽ ശമ്പളക്കാര്യം വരുമ്പോൾ‌, നിങ്ങളുടെ തൊഴിൽപരിചയം, നൈപുണ്യമുള്ള മേഖലകൾ തുടങ്ങിയ കാര്യങ്ങൾ പറഞ്ഞ ശേഷം പ്രതീക്ഷിക്കുന്ന ശമ്പളം ഇന്റർവ്യു പാനലിനു മുന്നിൽ ആത്മവിശ്വാസത്തോടെ പറയാം. 

കിട്ടാൻ പോകുന്ന ജോലി നിങ്ങളുടെ കരിയർ വളർച്ചയ്ക്കു ഗുണം ചെയ്യുന്നതാണെങ്കിൽ അൽപം ‘കോംപ്രമൈസ്’ കൊണ്ടു നഷ്ടമുണ്ടാക്കില്ലെന്നു കോർപറേറ്റ് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. 

സാലറി നെഗോഷ്യേഷൻ: ശ്രദ്ധിക്കേണ്ട കാര്യങ്ങൾ 

∙ശമ്പളത്തെക്കുറിച്ചുള്ള ചർച്ചയിൽ മാന്യമായ പെരുമാറ്റം കാത്തുസൂക്ഷിക്കണം. ഇന്റർവ്യൂ ചെയ്യുന്നവരുമായി വാഗ്വാദമോ വഴക്കോ വേണ്ട. 

∙സ്വന്തം സാമ്പത്തിക പ്രശ്നങ്ങൾ പറയരുത്.

∙ശമ്പളത്തെക്കുറിച്ചുള്ള ചർച്ച ഇന്റർവ്യൂ പാനൽ ഉപേക്ഷിച്ചു കഴിഞ്ഞാൽ വീണ്ടും വീണ്ടും കുത്തിപ്പൊക്കുന്നത് തെറ്റായ സമീപനമാണ്. 

∙യാഥാർഥ്യബോധം തൊട്ടുതീണ്ടാതെ വലിയ ശമ്പളം ചോദിക്കുന്നത് തെറ്റിദ്ധാരണ ഉണ്ടാക്കും. 

∙പല കമ്പനികളും ശമ്പളത്തോടൊപ്പം താമസം , ഭക്ഷണം തുടങ്ങിയ സൗകര്യങ്ങൾ നൽകും. ഇക്കാര്യവും ചർച്ച ചെയ്യാം. 

∙ആദ്യജോലിക്കുള്ള ഇന്റർവ്യൂവിൽ വിദ്യാഭ്യാസ നേട്ടങ്ങൾ ബോർഡിന്റെ ശ്രദ്ധയിൽ കൊണ്ടുവരണം. 

∙അമിതമായ സാലറി നെഗോഷ്യേഷൻ അഹങ്കാരമായി വിലയിരുത്തപ്പെട്ടേക്കാം. 

∙സീനിയർ പോസ്റ്റുകളിൽ ജോലി തേടുന്നവർക്ക് അനുയോജ്യമായ രീതിയിൽ ശമ്പളം കൂട്ടിച്ചോദിക്കാം. 

ഡോ. ഉണ്ണികൃഷ്ണൻ കെ.നായർ പ്രഫസർ, ഐഐഎം –കോഴിക്കോട്