Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഇലക്ട്രിക് പോസ്റ്റിനു മുകളിൽ പുള്ളിപ്പുലിയുടെ ജഡം; ഞെട്ടലോടെ ഗ്രാമവാസികൾ

Leopard

തിങ്കളാഴ്ച രാവിലെ കൃഷിയിടത്തിലെത്തിയ മല്ലാറാം ഗ്രാമവാസികൾ ഞെട്ടിയത് അവിടുത്തെ 12 അടിയോളം ഉയരമുള്ള വൈദ്യുതിത്തൂണിനു മുകളിൽ ഒരു പുള്ളിപ്പുലിയുടെ ‍ജഡം കണ്ടാണ്. വലിയ മരങ്ങളില്ലാത്ത കൃഷിയിടമാണ് ചുറ്റും. അപ്പോൾ മരത്തിൽനിന്നു വീണതല്ല. പുലി പോസ്റ്റിൽക്കയറാൻ സാധ്യതയുണ്ടോ എന്നായി പിന്നെ ചർച്ച. എന്തായാലും നാട്ടുകാർ ഉടന്‍തന്നെ പൊലീസിനെയും വനപാലകരെയും വിവരമറിയിച്ചു. നാലുവയസ്സോളം പ്രായമുള്ള പുലിയാണ് ചത്തത്. 

തെലങ്കാനയിലെ നിസാമാബാദ് ജില്ലയിലാണ് വനമേഖലയായ മല്ലാറാം. കാട്ടിൽനിന്നു വന്ന പുലിയാണ് ചത്തത്. പക്ഷേ അതെങ്ങനെ പോസ്റ്റിനു മുകളിലെത്തിയെന്നായിരുന്നു ചോദ്യം. വേട്ടക്കാർ ചെയ്തതാകാമെന്നും  സംശയമുണ്ടായി. മേഖലയിലെ വെറ്ററിനറി ആശുപത്രിയിൽനിന്ന് ഡോക്ടർമാരെത്തി പുലിയെ പോസ്റ്റ് മോർട്ടം ചെയ്തു. വൈദ്യുതാഘാതമേറ്റാണ് മരണമെന്നും പല്ലും നഖവും തോലും എടുത്തിട്ടില്ല എന്നതിനാൽ വേട്ടക്കാരല്ല ചെയ്തതെന്ന് ഉറപ്പിക്കാമെന്നും അവർ സ്ഥിരീകരിച്ചു.

പാടശേഖരത്തിന് സമീപമുള്ള വൈദ്യുതിത്തൂണിനടുത്ത് മരങ്ങളൊന്നുമില്ല. അതുകൊണ്ട് ദൂരക്കാഴ്ചയ്ക്കായി പുലി പോസ്റ്റില്‍ കയറിയതാകാമെന്നാണ് ഉദ്യോഗസ്ഥരുടെ നിഗമനം. അപകട സന്ദര്‍ഭങ്ങളിലോ മറ്റേതെങ്കിലും ജീവികള്‍ ആക്രമിക്കാൻ വരുമ്പോഴോ പുലികള്‍ മരങ്ങളിലോ ഉയര്‍ന്ന സ്ഥലങ്ങളിലോ കയറാറുണ്ടെന്നും അധികൃതർ പറഞ്ഞു. ചിലപ്പോൾ ഇര തേടിയെത്തിയ പുലി അതിനെ പിടിക്കാനായി പോസ്റ്റിൽ കയറിയതാകാനും സാധ്യതയുണ്ട്.  അങ്ങനെ കയറിയപ്പോള്‍ വൈദ്യുതാഘാതമേറ്റതാകാമെന്നും അവര്‍ വ്യക്തമാക്കി.


Read more Animal News