കടലിൽ അകപ്പെട്ട കാട്ടാനയെ ശ്രീലങ്കൻ നാവികസേന അത്ഭുതകരമായി രക്ഷപ്പെടുത്തി. തുടർച്ചയായി 12 മണിക്കൂർ നടത്തിയ രക്ഷാപ്രവർത്തനത്തിനൊടുവിലാണ് ആനയെ രക്ഷിക്കാനായത്. ശ്രീലങ്കയുടെ വടക്കുകിഴക്കൻ തീരത്തുള്ള ദ്വീപിനു സമീപമുള്ള ആഴക്കടലിലാണ് ആന അകപ്പെട്ടത്. കടലിൽ നിരീക്ഷണം നടത്തുകയായിരുന്ന നാവികസേനാംഗങ്ങളാണ് ചൊവ്വാഴ്ച ഒഴുകിനീങ്ങുന്ന ആനയെ കണ്ടെത്തിയത്. ഉടൻതന്നെ വന്യജീവി വിഭാഗത്തിൽ വിവരമറിയിച്ച് ഇരുകൂട്ടരും ചേർന്ന് രക്ഷാപ്രവർത്തനം തുടങ്ങി.
ട്രിങ്കോമാലി ജില്ലക്കു സമീപമുള്ള വനത്തിൽ നിന്നും കൊക്കിലായ് ലഗൂണിലേക്കു കടക്കാൻ ശ്രമിച്ചപ്പോൾ ഒഴുക്കിൽപ്പെട്ടു കടലിലിലെത്തിയതാകാം കാട്ടാനയെന്നാണ് നാവികസേനയുടെ നിഗമനം. കരയിൽ നിന്നും ഏകദേശം എട്ടു കിലോമീറ്ററോളം നീങ്ങിയാണ് ആന ഒഴുകിനീങ്ങിയിരുന്നത്.തുമ്പിക്കൈ വെള്ളത്തിൽ ഉയർത്തിപ്പിടിച്ചിരുന്നു. സമുദ്രത്തിൽ രക്ഷാപ്രവർത്തനം നടത്തുന്നതിനുള്ള പരിചയവും കഴിവും ഉണ്ടെങ്കിലും വന്യമൃഗങ്ങളെ എങ്ങനെ കൈകാര്യം ചെയ്യുമെന്ന കാര്യത്തിൽ ആശങ്കയുണ്ടായിരുന്നു. അതിനാലാണ് രക്ഷാപ്രവർത്തനത്തിലുടെനീളം വന്യജീവി വിഭാഗത്തിന്റെ സഹായം തേടിയതെന്ന് ശ്രീലങ്കൻ നാവികസേന വിഭാഗം അറിയിച്ചു
നാവികസേനയും വനംവകുപ്പും ചേർന്ന് വലിയ വടംകൊണ്ട് ബന്ധിച്ചാണ് ആനയെ കരയിലെത്തിച്ചത്. ആനയെ വിദഗ്ദ്ധപരിശോധനയ്ക്കു ശേഷം ട്രിങ്കോമാലിയിലുള്ള യാൻ ഓയ വനപ്രദേശത്തു സ്വതന്ത്രനാക്കി. ആനയ്ക്ക് പരിക്കുകളൊന്നുമില്ലെന്നും പൂർണ്ണ ആരോഗ്യവാനാണെന്നും വനം വകുപ്പ് വ്യക്തമാക്കി. തുടർന്നുള്ള ദിവസങ്ങളിലും ആനയെ നിരീക്ഷിക്കാനാണ് ഇവരുടെ തീരുമാനം. ശ്രീലങ്കയിലെ വനങ്ങളിൽ ഏകദേശം 7500 ആനകളുണ്ടെന്നാണ് വനം വകുപ്പിന്റെ കണക്കുകൾ സൂചിപ്പിക്കുന്നത്.എട്ടടിയോളം ഉയരമുള്ള അപകടത്തിൽ പെട്ട കൊമ്പനാനയ്ക്ക് ഏകദേശം 35 വയസു പ്രായമുണ്ടാകും. ദ്വീപിലേക്ക് മനുഷ്യർ കടന്നുകയറിയതോടെ ഇവിടങ്ങളിൽ മനുഷ്യരും ആനകളും തമ്മിലുള്ള സംഘട്ടനങ്ങളും പതിവാണ്.