ഇന്തോനേഷ്യയിലെ സുമാത്രയിലുള്ള ബതാങ് ഗൻസാലിലാണ് പാമ്പും സെക്യൂരിറ്റി ഗാര്‍ഡായ റോബര്‍ട്ട് നബാബനും തമ്മിലുള്ള കിടിലൻ പോരാട്ടം നടന്നത്. പോരാട്ടത്തിനൊടുവില്‍ കൂറ്റന്‍ പെരുമ്പാമ്പിനെ കൊല്ലുന്നതില്‍ റോബര്‍ട്ട് വിജയിച്ചെങ്കിലും ഇപ്പോള്‍ ഗുരുതരമായ പരിക്കുകളോടെ ആശുപത്രിയിലാണ്. പാമ്പ് വരിഞ്ഞുമുറുക്കാന്‍ ശ്രമിച്ചപ്പോള്‍ ആന്തരിക അവയവങ്ങള്‍ക്കേറ്റ പരിക്കും കൈകളിൽ പാമ്പിന്‍റെ കടിയേറ്റ് രക്തം വാര്‍ന്ന് പോയതുമാണ് റോബര്‍ട്ട് അപകടത്തിലാവാന്‍ കാരണം. ഇപ്പോഴും റോബര്‍ട്ട് അപകടനില തരണം ചെയ്തിട്ടില്ലെന്ന് ആശുപത്രി വൃത്തങ്ങൾ അറിയിച്ചു..
എണ്ണപ്പന പ്ലാന്‍റേഷനിലെ ജോലി കഴിഞ്ഞ് വരുന്നതിനിടെയിലാണ് റോബര്‍ട്ട് പാമ്പിനെ കണ്ടത്. ഇയാൾ വരുമ്പോൾ പാമ്പ് റോഡിനു കുറുകെ കിടക്കുകയായിരുന്നു. പാമ്പിനെ പേടിച്ച് ആളുകള്‍ക്ക് അങ്ങോട്ടുമിങ്ങോട്ടും പോകാന്‍ കഴിയാതെ വന്നതോടെ റോബര്‍ട്ട് ഇടപെടുകയായിരുന്നു. പാമ്പിനെ റോഡില്‍ നിന്നു മാറ്റാനായിരുന്നു ശ്രമം.എന്നാൽ പാമ്പ് തിരികെ ആക്രമിച്ചതോടെ ഇരുവരും തമ്മിലുള്ള പോരാട്ടമായി സംഭവം മാറി.
സാഹസികമായ പോരാട്ടത്തിനൊടുവില്‍ റോബര്‍ട്ട് തോട്ടത്തില്‍ ഉപയോഗിക്കുന്ന ബ്ലേഡ് കൊണ്ട് പാമ്പിനെ വകവരുത്തുകയായരുന്നു. പോരാട്ടം കണ്ടു നിന്ന രണ്ടു പേരും പാമ്പിനെ കൊല്ലാന്‍ റോബര്‍ട്ട് നബാബനെ സഹായിച്ചു. ഇന്തോനേഷ്യയില്‍ കണ്ടെത്തിയതില്‍ വച്ച് ഏറ്റവും വലിയ രണ്ടാമത്തെ പാമ്പാണ് റോബര്‍ട്ടിന്‍റെ കൈകൊണ്ടു കൊല്ലപ്പെട്ടത്. ചത്ത പാമ്പിനെ റോഡരികില്‍ തന്നെ കെട്ടി പ്രദര്‍ശനത്തിനു വച്ചിരുന്നു. ഇതിനെ കാണാന്‍ നിരവധി ആളുകളാണിവിടെയെത്തിയത്. പിന്നീട് പ്രദേശവാസികൾ തന്നെ ഇതിനെ ഭക്ഷണമാക്കി.
ലോകത്തെ ഏറ്റവും വലിയ പെരുമ്പാമ്പുകളിലൊന്നാണ് ഇന്തോനേഷ്യന്‍ പെരുമ്പാമ്പുകള്‍. ഏകദേശം 20 അടിയോളം നീളമുണ്ടാകും ഇവയ്ക്ക്. ഇവിടെ പിടികൂടിയ പാമ്പിന് 25.6 അടി നീളമുണ്ടായിരുന്നു. എണ്ണപ്പനകൃഷിക്കായി വ്യാപകമായി വനം നശിപ്പിക്കപ്പെട്ടതോടെയാണ് ഇവ നാട്ടിലേക്കിറങ്ങാന്‍ തുടങ്ങിയത്.