യുഎസിലെ അലബാമയിൽ മെക്സിക്കോ ഉൾക്കടലിന്റെ തീരപ്രദേശങ്ങളിലൊന്നായ മൊബീലിൽ ഒഴിവുകാലം ചെലവഴിക്കാനെത്തിയതായിരുന്നു ആ വയോജന ദമ്പതിമാർ. എഴുപതുകാരിയായ ഭാര്യ ചൂണ്ടയിടാനുള്ള തയാറെടുപ്പിലായിരുന്നു. ചെറിയ ചെമ്മീനുകളിലൊന്നിനെ ചൂണ്ടയിൽ കൊളുത്തി കടലിലേക്കെറിഞ്ഞ് കാത്തിരുന്നു. അതിനിടെ ചെറുതായി കൈയ്യിലൊരു മുറിവേറ്റു. അന്നേരം കാര്യമാക്കിയില്ല. പിന്നീട് കുറച്ചുനേരം കടലിലൊക്കെയിറങ്ങി കുളിച്ച് തിരികെ പോന്നു. ഏകദേശം മൂന്നുമണിക്കൂർ കഴിഞ്ഞതോടെ ദേഹമാകെ വിറയൽ, ഛർദ്ദിക്കാൻ വരുന്നതു പോലെ, ഒപ്പം കനത്ത തലവേദനയും. കയ്യിലുണ്ടായ മുറിവിനു ചുറ്റും ചുവപ്പും ചെറിയ തടിപ്പും വന്നു തുടങ്ങി. അതുപിന്നെ പൊള്ളലേറ്റതു പോലെ വലുതായി. ഭാര്യയുമായി അപ്പോൾത്തന്നെ ഭർത്താവ് ആശുപത്രിയിലെത്തി. കൃത്യസമയത്ത് അതിനു തോന്നിയതിന് ഇപ്പോൾ അദ്ദേഹം ദൈവത്തോടു നന്ദി പറയുന്നുണ്ടാകണം– കാരണം, മരണത്തിൽ നിന്ന് തലനാരിഴയ്ക്കാണ് അവർ രക്ഷപ്പെട്ടത്. അതും 10 ദിവസത്തോളം ഒരു സൂക്ഷ്മജീവിയോട് പടവെട്ടി! അദ്ഭുതകരമായ രക്ഷപ്പെടൽ എന്നാണ് ഡോക്ടർമാർ പോലും ഇതിനെപ്പറ്റി പറഞ്ഞത്.
മനുഷ്യമാംസം ‘തിന്നുതീർക്കുന്ന’ വിബ്രിയോ വുൾനിഫിക്കസ് എന്ന ബാക്ടീരിയയുടെ പിടിയിൽ നിന്നാണ് ആ എഴുപതുകാരി രക്ഷപ്പെട്ടത്. സാധാരണ ഇതിന്റെ ആക്രമണമേറ്റാൽ രക്ഷപ്പെടുക വിരളം. ഇവ ബാധിച്ച ഭാഗം മുറിച്ചു കളയേണ്ടിയും വരാറുണ്ട്. എന്നാൽ ഇതൊന്നുമില്ലാതെ എഴുപതുകാരി രക്ഷപ്പെട്ടെങ്കിലും ജനങ്ങൾ ഭീതിയിലാണ്. മൊബീലിൽ കടലിൽ നിന്ന് വിബ്രിയോ വുൾനിഫിക്കസിന്റെ ആക്രമണമേറ്റ രണ്ട് സംഭവങ്ങളാണ് റിപ്പോർട്ട് ചെയ്തത്. കൂടാതെ വേറൊരു സ്റ്റേറ്റിൽ കൃത്യമായി പാകം ചെയ്യാത്ത ഓയ്സ്റ്ററിൽ നിന്നും ഒരാൾക്ക് ബാക്ടീരിയ ബാധയേറ്റ വാർത്തയും വന്നു. അതോടെ മൊബീൽ കൗണ്ടിയിലെ ആരോഗ്യവകുപ്പ് കടലിലിറങ്ങുന്നതു സംബന്ധിച്ച് മുന്നറിയിപ്പു നൽകി. ഓയ്സ്റ്ററും ഷെൽഫിഷും പോലുള്ളവ പാകം ചെയ്യുമ്പോൾ ശ്രദ്ധിക്കണമെന്നും നിർദേശമുണ്ട്.
വേനൽക്കാലത്ത് സാധാരണ മെക്സിക്കോ ഉൾക്കടലിൽ ഈ ബാക്ടീരിയങ്ങള്‍ കാണപ്പെടാറുണ്ട്. ചൂടുവെള്ളത്തിലാണ് സാധാരണ ഇവയെ കാണപ്പെടുന്നതും. മുറിവുകളിലൂടെയും വായിലൂടെയുമാണ് ശരീരത്തിന് അകത്തെത്തുക പതിവ്. ശരീരത്തിൽ പ്രവേശിച്ച് 24 മുതൽ 72 മണിക്കൂറിനകം രോഗബാധയുടെ ലക്ഷണങ്ങൾ പ്രകടമാകും. 24 മണിക്കൂറിനകം ആശുപത്രിയിലെത്തിച്ചാൽ 80 ശതമാനം കേസുകളിലും രക്ഷപ്പെടുമെന്നാണ് ആരോഗ്യവിദഗ്ധര്‍ പറയുന്നത്. അല്ലാത്ത സംഭവങ്ങളും ഏറെ. മനംപിരട്ടൽ, ഛർദ്ദി, പനി, വിറയൽ, മുറിവിനു ചുറ്റും പൊള്ളലേറ്റതു പോലെയാകുക, ചുവന്നുതടിക്കുക ഇതെല്ലാമാണ് ലക്ഷണങ്ങൾ. കനത്ത തലവേദനയുമുണ്ടാകും.
ബാക്ടീരിയ ബാധയേറ്റ ഭാഗം നല്ല പോലെ സോപ്പും വെള്ളവുമുപയോഗിച്ച് കഴുകുകയാണു പ്രാഥമിക നടപടി. മുറിവിൽ ആൾക്കഹോൾ പ്രയോഗം നടത്തുന്നതും അണുബാധയുടെ തീവ്രത കുറയ്ക്കുന്നതിനു സഹായിക്കും. നേരത്തേ അണുബാധയേറ്റ എഴുപതുകാരിയുടെ കൈയ്യിലെ കല(tissue)കളിൽ ഏറെയും നീക്കം ചെയ്യേണ്ടി വന്നിരുന്നു. ഇക്കഴിഞ്ഞ ജൂണിലായിരുന്നു സംഭവം. അതിനു മുൻപ് ടെക്സസിലും സമാനസംഭവം നടന്നിരുന്നു. കാലിൽ ടാറ്റൂ ചെയ്ത് മുറിവുണങ്ങും മുൻപേ കടലിലിറങ്ങിയതായിരുന്നു ഒരു ചെറുപ്പക്കാരൻ. അതുവഴി രക്തക്കുഴലിലേക്കിറങ്ങിയ ബാക്ടീരിയ അദ്ദേഹത്തിന്റെ ജീവനെടുത്തുകൊണ്ടാണ് പോയത്. കരൾ രോഗബാധിതൻ കൂടിയായിരുന്നു അദ്ദേഹം. ഇത്തരം രോഗങ്ങളും രോഗപ്രതിരോധശേഷി കുറഞ്ഞിട്ടുള്ളവരും വിബ്രിയോ വുൾനിഫിക്കസിന്റെ ആക്രമണം കൂടിയേറ്റാൽ മരണത്തിനു കീഴടങ്ങുകയാണു പതിവ്.
രക്തക്കുഴലുകളിലേക്ക് ഇവയെത്തിയതിൽ 33 ശതമാനം പേരും മരണപ്പെട്ടുവെന്നതാണ് കണക്കുകൾ നൽകുന്ന സൂചന. മെക്സിക്കോ ഉൾക്കടൽ തീരത്തുള്ള അലബാമ, ഫ്ലോറിഡ, ലൂസിയാന, മിസ്സിസ്സിപ്പി, ടെക്സസ് എന്നിവിടങ്ങളിൽ ഓരോ വർഷവും ഒട്ടേറെ പേരാണ് ഈ ‘മാംസംതീനി’ ബാക്ടീരിയയുടെ ആക്രമണത്തിൽ കൊല്ലപ്പെടുന്നത്. ആക്രമണമേറ്റ് കയ്യും കാലുമെല്ലാം മുറിച്ചു മാറ്റേണ്ടി വന്ന സംഭവങ്ങളും ഏറെ. പുതിയ സംഭവവികാസങ്ങളെത്തുടർന്ന് മെക്സിക്കോ ഉൾക്കടലിലെ ആഘോഷങ്ങൾക്കൊപ്പം ഏറെ ശ്രദ്ധയും വേണമെന്നാണ് അധികൃതരുടെ മുന്നറിയിപ്പ്.