പുറംലോകത്തിനു പരിചയമില്ലാത്ത സസ്യങ്ങളും ജന്തുക്കളും ജീവിക്കുകയും വളരുകയും ചെയ്യുന്ന ചില രഹസ്യ അറകളുണ്ട് അന്‍റാര്‍ട്ടിക്കില്‍. തണുത്തുറഞ്ഞ മഞ്ഞുമലകള്‍ക്കിടയിലെ ഗുഹകളിൽ ഉറങ്ങിക്കിടക്കുന്ന അഗ്നിപര്‍വ്വതങ്ങളുടെ ചൂടേറ്റ് സമശീതോഷ്ണാവസ്ഥയിലാണ് ഈ അറകളിലെ കാലാവസ്ഥ. ഏതൊരു ജീവിക്കും വളരാന്‍ അനുകൂലമായ ഈ കാലാവസ്ഥയാണ് പുറം ലോകത്ത് നിന്നകന്ന് ഇത്രയധികം സസ്യജന്തുജാലങ്ങള്‍ ഇവിടെ വളരാനുള്ള കാരണം.
25 ഡിഗ്രി സെല്‍ഷ്യസ് ആണ് ഈ അറകളിലെ ശരാശരി താപനിലയായി ഗവേഷകര്‍ വിലയിരുത്തുന്നത്. അന്‍റാര്‍ട്ടക്കിലെ റോസ് ദ്വീപിലുള്ള മൗണ്ട് ഇറബസ് എന്ന അഗ്നിപര്‍വതത്തിനു സമീപമുള്ള അറകളിലാണ് ഗവേഷകര്‍ പ്രധാനമായും നിരീക്ഷണങ്ങള്‍ നടത്തിയത്. മനുഷ്യര്‍ക്കെത്തിപ്പെടാന്‍ സാധ്യമല്ലാത്ത ഈ അറകളില്‍ ഉപഗ്രഹ സഹായത്തോടെയായിരുന്നു നിരീക്ഷണം നടത്തിയത്. അകത്തുള്ള ജീവികളെയും സസ്യങ്ങളെയും കുറിച്ച് കൂടുതല്‍ വിവിരങ്ങള്‍ ലഭിക്കാനാൻ ഗവേഷകര്‍ ശ്രമം തുടരുകയാണ്. ഈ ജീവികളെക്കുറിച്ചുള്ള വിവരങ്ങള്‍ ലഭിക്കുന്നത് ഭൂമിയിലെ ജീവന്‍റെ ഉൽപ്പത്തിയെക്കുറിച്ചുള്ള പഠനങ്ങൾക്ക് വഴിത്തിരിവാകുമെന്നാണ് പ്രതീക്ഷ.

ഓസ്ട്രേലിയന്‍ നാഷണല്‍ യൂണിവേഴ്സിറ്റിയാണ് ഈ പഠനങ്ങള്‍ക്ക് നേതൃത്വം നല്‍കിയത്. റോസ് ഐലന്‍ഡിലെ ഈ അറകളിലേക്ക് റോബോട്ടുകളെ അയച്ച് പഠനം നടത്തുകയാണ് പരീക്ഷണങ്ങളുടെ അടുത്ത ഘട്ടം. ഇത് ജീവികളെക്കുറിച്ചും സസ്യങ്ങളെക്കുറിച്ചും കൂടുതല്‍ വിവരങ്ങളറിയാന്‍ സഹായകരമാകുമെന്ന് പ്രതീക്ഷിക്കുന്നു. റോബോട്ടുകളെ അയയ്ക്കുന്നതിനൊപ്പം ഗവേഷകർക്ക് കൂടി ഈ മേഖലയിലേക്കെത്താനാകുമോ എന്ന സാധ്യതയും ഗൗരവമായി പരിഗണിച്ചു വരികയാണ്.
ഉറഞ്ഞു കിടക്കുന്ന മഞ്ഞിനടിയിലായാലും അകത്തെ താപനില സമശീതോഷ്ണമായതിനാല്‍ ഗവേഷകര്‍ക്ക് ഇവിടെ അതീജീവിക്കാന്‍ കഴിയുമെന്നാണ് കണക്കുകൂട്ടല്‍. അതേസമയം ഗവേഷകരെ അയയ്ക്കുന്നതിന് ഇതുവരെ അധികൃതരില്‍ നിന്ന് അനുവാദം ലഭിച്ചിട്ടില്ല.