Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മുന്നൂറേക്കർ തരിശു ഭൂമി വാങ്ങി വനം വച്ചുപിടിപ്പിച്ച ദമ്പതികൾ

SAI Sanctuary

കുറച്ചു സ്ഥലം വാങ്ങി വീടു വയ്ക്കാമെന്നോ അല്ലെങ്കിൽ കൂടുതൽ അതു കൂടുതൽ തുകയ്ക്ക് മറിച്ചു വിൽക്കാമെന്നോ ഒക്കെ ചിന്തിക്കുന്നവരാണ് നമ്മളിൽ ഭൂരിപക്ഷവും. എന്നാൽ ഇതിൽ നിന്നൊക്കെ ഏറെ വ്യത്യസ്തരാണ് ഈ ദമ്പതികൾ. കാരണം പ്രകൃതിസംരക്ഷണത്തിനും മൃഗസംരക്ഷണത്തിനും വേണ്ടി മുന്നൂറേക്കർ വാങ്ങി വനമുണ്ടാക്കിയെടുത്തവരാണിവർ. എടുത്തു പറയേണ്ട മറ്റൊരു കാര്യം  ഈ ലക്ഷ്യം നിറവേറ്റാനായി കാൽ നൂറ്റാണ്ടായി ഈ ദമ്പതികൾ പരിശ്രമിക്കുന്നുവെന്നതാണ്. അമേരിക്കയിൽ ജോലി ചെയ്തിരുന്ന അനികുമാർ മൽഹോത്രയും ഭാര്യ പമേലയുമാണ് തങ്ങളുടെ ജീവിതം പ്രകൃതി സംരക്ഷണത്തിനായി ഉഴിഞ്ഞുവച്ച ഈ അപൂർവ ദമ്പതികൾ.

ഭാവിയിൽ ശുദ്ധവായു വേണമെന്ന തിരിച്ചറിവ്

യുഎസ്എയിൽ വച്ചാണ് 1960ൽ പമേലയും അനിലും കണ്ടുമുട്ടുന്നതും വിവാഹിതരാകുന്നതും. അതിനുശേഷം ഹണിമൂണിനായി ഹവായിലേക്ക് പറന്നു. പ്രകൃതിരമണീയമായ സ്ഥലമായതിനാലും പ്രകൃതിയോടുള്ള ഇഷ്ടവുമാണ് ഹണിമൂണിനായി ഹവായ് തിരഞ്ഞെടുക്കാൻ ദമ്പതികളെ പ്രരിപ്പിച്ചത്. എന്നാൽ ഹണിമൂൺ കഴിഞ്ഞ് ആ സ്ഥലത്തോട് ഇരുവർക്കും ഇഷ്ടം കൂടുകയായിരുന്നു. തുടർന്ന് അവർ താമസം ഹവായിലേക്ക് മാറ്റാൻ തീരുമാനിച്ചു. അങ്ങനെയിരിക്കേയാണ് 1986ൽ അനിലിന്റെ പിതാവ് മരിച്ചത്. പിതാവിന്റെ അന്ത്യകർമ്മങ്ങൾക്കായി ഇന്ത്യയിലെത്തിയ അനിലിനെയും പമേലയെയും ഹരിദ്വാറിനെ മലിനീകരണം ഞെട്ടിച്ചു. അവിടുത്തെ നദികൾ മിക്കവയും മലീമസമായിരിക്കുന്നു. അന്തരീക്ഷ മലിനീകരണവും കുറവല്ലായിരുന്നു. ഭാവിയിൽ ശുദ്ധവായുവിനായിരിക്കും പണത്തേക്കാൾ വിലയെന്ന തിരിച്ചറിവ് അവരെ ചിന്തിപ്പിച്ചു. ഇതിനായി പ്രവർത്തിക്കണമെന്ന തീരുമാനത്തിൽ കൊണ്ടെത്തിക്കുകയും ചെയ്തു.

വാങ്ങിയത് തരിശ് ഭൂമി

കൊടകെന്ന പേരുകേട്ട വിനോദസഞ്ചാര കേന്ദ്രത്തിലെ ഒരു പ്രദേശത്താണ് ആദ്യമായി ദമ്പതികൾ വനം നിർമിക്കുന്നതിനാവശ്യമായ ഭൂമി വാങ്ങിയത്. ഒരു കൃഷിക്കും യോഗ്യമല്ലെന്നു പറഞ്ഞ് ഒരാൾ വിറ്റ 55 ഏക്കർ ഭൂമിയാണ് ഇവർ ആദ്യം വാങ്ങിയത്. തരിശു ഭൂമിയായിരുന്നു ഇത്. തുടർന്ന് ഈ ഭൂമിയോട് ചേർന്ന് നിരവധി കർഷകർ കൃഷിക്ക് യോഗ്യമല്ലെന്ന കാരണത്താൽ ഭൂമി വിറ്റു. ഇവയെല്ലാം അനിലും പമേലയും വാങ്ങിക്കൊണ്ടേയിരുന്നു. ഒപ്പം വനം നിർമിക്കുന്നതിനുള്ള പ്രവർത്തനങ്ങളും തുടർന്നു. 25 വർഷങ്ങൾക്കു മുമ്പ് തരിശു ഭൂമിയെന്നു പറഞ്ഞു തള്ളിയ ഈ പ്രദേശം ഇന്ന് വലിയൊരു വനമാണ്.

രാജ്യത്തെ ആദ്യ സ്വകാര്യ വന്യജീവി സംരക്ഷണ കേന്ദ്രം

Anil and Pamela അനികുമാർ മൽഹോത്രയും ഭാര്യ പമേലയും

കൃഷി മുടങ്ങി വിറ്റഴിക്കപ്പെട്ട മുന്നൂറേക്കർ സ്ഥലം ഇന്ന് നിബിഢമായ വനമാണെന്നത് മാത്രമല്ല. രാജ്യത്തെ തന്നെ ആദ്യ സ്വകാര്യ വന്യജീവി സംരക്ഷണ കേന്ദ്രം കൂടിയാണിത്. 1991ലാണ് ഇത്തരമൊരു വന്യജീവി സങ്കേതത്തിലേക്കുള്ള ഉദ്യമത്തിലേക്ക് ദമ്പതികൾ നീങ്ങുന്നത്. മുന്നൂറോളം വിഭാഗത്തിൽപ്പെട്ട പക്ഷികൾ ഈ വനത്തിൽ പാർക്കുന്നുണ്ട്. ചെറിയ അരുവികൾ നിർമ്മിച്ചും ചെടികളും മരങ്ങളും വച്ചുപിടിപ്പിച്ചും മൃഗങ്ങൾക്കു വേണ്ട ഒരു ആവാസ കേന്ദ്രം സൃഷ്ടിക്കുകയായിരുന്നു ഇവർ ചെയ്തത്. സേവ് ആനിമൽ ഇനിഷ്യേറ്റീവ് (SAI) എന്ന പേരിലാണ് ഈ ഉദ്യമം അറിയപ്പെടുന്നത്.

നൂറുകണക്കിന് അപൂർവയിനം ഔഷധ സസ്യങ്ങളും വൻമരങ്ങളും സ്ഥിതി ചെയ്യുന്ന ഈ സ്ഥലത്ത് ആനകളും പുലികളും വിവിധതരം പാമ്പുകളും ഉൾപ്പെടെയുള്ള മറ്റു വന്യജീവികളും യഥേഷ്ടം വിഹരിക്കുന്നു. പക്ഷിനീരീക്ഷകരും മറ്റു ശാസ്ത്രജ്ഞരും പഠനങ്ങൾക്കായി എത്തുന്നുണ്ട്. സുരക്ഷാ സംവിധാനങ്ങളും മികച്ച രീതിയിൽ ഈ വനത്തിൽ ഏർപ്പെടുത്തിയിട്ടുണ്ട്. വായുവും വെള്ളവുമില്ലാതെ ജീവിക്കാൻ കഴിയില്ലെന്ന തിരിച്ചറിവു നല്ലതാണെന്നും അതിനാൽ വ്യാവസായികരംഗത്തുള്ളവർ ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾക്കു കൂടി പ്രാധാന്യം നൽകണമെന്നും പമേല മൽഹോത്ര പറയുന്നു.