കണ്ടെത്തിയതിൽ വച്ചേറ്റവും ഭീമനായ, ലക്ഷം കോടി ടൺ ഭാരമുള്ള മഞ്ഞുമല പശ്ചിമ അന്റാർട്ടിക്കയിൽനിന്നു വേർപെട്ടു നീങ്ങിത്തുടങ്ങി. ദക്ഷിണ ധ്രുവത്തിൽ കപ്പലുകൾക്കു വൻഭീഷണി ഉയർത്തിയാണ് 5800 ചതുരശ്ര കിലോമീറ്റർ വ്യാപ്തിയുള്ള മഞ്ഞുമലയുടെ ഒഴുകൽ. ഇതിന് ഇന്തൊനീഷ്യൻ ദ്വീപായ ബാലിയുടെ വലുപ്പമുണ്ടാകും. മഞ്ഞുമലകൾ ഒഴുകിനീങ്ങുന്നത് അന്റാർട്ടിക്കയിൽ സംഭവിക്കാറുണ്ടെങ്കിലും ഇത്രയും ഭീമൻ ഇതാദ്യമാണ്. സമുദ്രഗതാഗതത്തിനു ഭീഷണിയാണിത്. ഭീമന് ഇനി എന്തു സംഭവിക്കുമെന്നു പറയാനാവില്ല. സമുദ്രസഞ്ചാരത്തിനിടെ പല കഷണങ്ങളായി വേർപെട്ടുപോകാനും സാധ്യതയുണ്ട്. ചില മഞ്ഞുമലകൾ മേഖലയിൽത്തന്നെ വർഷങ്ങളോളം തുടരാറുണ്ട്.
അറിയപ്പെടുന്ന കണക്കുകൾ പ്രകാരം ടൈറ്റാനിക് കപ്പലിനെ തകർത്ത മഞ്ഞുമലയ്ക്ക് 15 മുതൽ 30 മീറ്റർ വരെ ഉയരവും 200 മുതൽ 400 മീറ്റർ വരെ നീളവുമാണുള്ളത്. എന്നാൽ വഴിയിലുള്ള സകലതിനെയും തച്ചുതകർക്കാവുന്ന വിധമൊരു ഹിമാനി അഥവാ ഒഴുകുന്ന മഞ്ഞുമല ഇപ്പോൾ അടർന്നു മാറിയിരിക്കുന്നത്. അന്റാർട്ടിക്കയിലെ ഏറ്റവും വലിയ നാലാമത്തെ മഞ്ഞുമലയായ ‘ലാർസൻ സി’ ആണ് ഈ ഹിമാനിക്ക് ‘രൂപം’ നൽകിയത്. ലാർസൻ സിയുടെ ഒരു വലിയ ഭാഗമാണ് ഇപ്പോൾ പൊട്ടിയടർന്നിരിക്കുന്നത്.
ഇക്കഴിഞ്ഞ ജനുവരിയിലായിരുന്നു വിള്ളലിന്റെ നീളത്തിന് അവസാനമായി വർധനവുണ്ടായത്. പക്ഷേ പുതിയ പരിശോധനയിൽ മേയ് 25 മുതൽ 31 വരെയുള്ള സമയത്തിനിടെ വിള്ളലിന്റെ നീളം വൻതോതിൽ കൂടിയിരിക്കുകയാണ്. അതും എന്താണു കാരണമെന്നു പോലും തിരിച്ചറിയാനാകാതെ! ഒറ്റയാഴ്ച കൊണ്ട് 17 കിലോമീറ്റര്‍ നീളത്തിലാണ് പുതിയ വിള്ളലുണ്ടായത്. മഞ്ഞുമലയുടെ അറ്റം കാണാൻ 13 കി.മീ. കൂടി മതിയായിരുന്നു. അതുവരെ മഞ്ഞുമലയ്ക്ക് സമാന്തരമായിട്ടായിരുന്നു വിള്ളൽ. എന്നാൽ നിലവിൽ അത് മലയുടെ മുൻഭാഗത്തേക്കു തിരിഞ്ഞിരുന്നു. ഏതുനിമിഷം വേണമെങ്കിലും ലാർസൻ സിയുടെ 10 ശതമാനം വരുന്ന ഭാഗം തകരുന്ന അവസ്ഥയിലായിരുന്നു. നേരത്തേ അടർന്നതാണെങ്കിലും ഈ മാസം 10നു ശേഷമാണു ഈ ഭാഗം നീങ്ങിത്തുടങ്ങിയതെന്നു ഗവേഷകർ പറഞ്ഞു.
അരലക്ഷം ചതുരശ്ര കിലോമീറ്ററാണ് ലാർസൻ സിയുടെ മൊത്തം വലുപ്പം. 350 അടി കനവുമുണ്ട്. വിള്ളൽ വഴി വേർപ്പെട്ടു വരുന്ന ഹിമാനിക്കാകട്ടെ 5800 ചതുരശ്ര കിലോമീറ്ററെങ്കിലും വലുപ്പമുണ്ടാകും. അതായത് ദക്ഷിണധ്രുവത്തിൽ ഇന്നേവരെ രൂപപ്പെട്ടതിൽ ഏറ്റവും വലിയ ഹിമാനിക്കായിരിക്കും ഇത്.. ഇവ അതിവേഗം കടലിലേക്കു സഞ്ചരിക്കുമെന്ന പ്രശ്നവുമുണ്ട്. അതിനു കാരണമാകുന്നതാകട്ടെ ആഗോളതാപനം കാരണം ചൂടേറുന്നതും! യുകെ ആസ്ഥാനമായുള്ള ഗവേഷക സംഘത്തിന്റെ മിഡാസ്(MIDAS) പദ്ധതി പ്രകാരം 2014 മുതൽ ലാർസൻ സിയിലെ വിള്ളൽ പരിശോധിച്ചു വരികയാണ്. 2016 നവംബറിൽത്തന്നെ വിള്ളലിന്റെ നീളം 70 മൈലായതായി കണ്ടെത്തിയിരുന്നു. നിലവിലെ സാഹചര്യത്തിൽ ഈ ‘തകർച്ച’ തടയാൻ യാതൊരു വഴിയുമില്ലായിരുന്നു.അന്റാർട്ടിക്ക ഉപദ്വീപിന്റെ മുഖച്ഛായ തന്നെ മാറ്റിമറിയ്ക്കുന്നതാണ് ഈ പ്രതിഭാസം.
ഒരുപക്ഷേ ലാർസൻ സി മഞ്ഞുമല മൊത്തമായി ചിതറിത്തെറിച്ചു പോകാനും ഈ വിള്ളൽ മതിയാകും. അങ്ങനെ സംഭവിച്ചാൽ പ്രതിസന്ധി പിന്നെയും രൂക്ഷമാകും. പൊട്ടിത്തകർന്നു രൂപപ്പെടുന്ന വമ്പൻ മഞ്ഞുകട്ടകളുടെ സമുദ്രത്തിലേക്കുള്ള ഒഴുക്കിന്റെ വേഗതയും വർധിക്കുമെന്നതാണ് പ്രധാന പ്രശ്നം. അതുവഴി സമുദ്രജലനിരപ്പും വർധിക്കും. ഇത് തീരപ്രദേശങ്ങളെയും വൻനഗരങ്ങളെയും ദ്വീപുകളെയും ഉൾപ്പെടെ ബാധിക്കും. ഈ നിഗമനത്തിനും മുൻകാല അനുഭവത്തിന്റെ ബലവുമുണ്ട്. 2002ൽ ലാർസൻ സിയുടെ സമീപത്തുള്ള ലാർസൻ ബി എന്ന മഞ്ഞുമലയിൽ നിന്നും ഒരു ഭാഗം അടർന്നു വീണിരുന്നു. തുടർന്ന് ലക്ഷക്കണക്കിനു കഷ്ണങ്ങളായാണ് ആ മഞ്ഞുമല തകർന്നടിഞ്ഞത്. 2010ൽ ലാർസൻ എ എന്നറിയപ്പെടുന്ന സമീപമഞ്ഞുമലയിൽ നിന്നും ഒരു വൻഭാഗം അടർന്നുവീണിരുന്നു. ഈ പ്രതിഭാസം(calving) സ്വാഭാവികമായി സംഭവിക്കുന്നതാണ്. പക്ഷേ ഇത്രയും വലുപ്പത്തിൽ തകർച്ച സ്വാഭാവികമല്ല. റോസ് മഞ്ഞുമല എന്നറിയപ്പെടുന്ന പ്രദേശത്തിന് ഫ്രാൻസിനോളം വലുപ്പം വരും. അതിൽ നിന്നും ഇത്തരത്തില്‍ വമ്പൻ ഹിമാനികൾ അടർന്നുവന്നാൽ സൃഷ്ടിക്കപ്പെടുന്ന പാരിസ്ഥിതികാഘാതം അതിഭീമമായിരിക്കുമെന്നും ഗവേഷകർ പറയുന്നു.
കപ്പലുകൾക്ക് ഉൾപ്പെടെ ഈ മഞ്ഞുമലകൾ സൃഷ്ടിക്കുന്ന ഭീഷണിയും ചെറുതല്ല. നിലവിൽ മോണിറ്ററിങ് സംവിധാനങ്ങളുണ്ട്. പക്ഷേ തികച്ചും അപ്രതീക്ഷിതമായി, അതിവേഗത്തിൽ മഞ്ഞുമലകൾ ഒഴുകിനീങ്ങുമ്പോൾ നേരിടാൻ പുതിയ വഴികൾ ആലോചിച്ചേ മതിയാകൂ എന്നും പറയുന്നു ഗവേഷകലോകം.
Read more News about Global Warming