Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പവിഴപ്പാമ്പ് നാണം കുണുങ്ങി; പക്ഷേ കടിച്ചാൽ ചികിത്സയ്ക്ക് പ്രതിവിഷമില്ല

Bibron's Coral Snake ബിബ്റോൺസ് കോറൽ സ്നേക് എന്ന അപൂർവ ഇനം പവിഴപ്പാമ്പ്.

പവിഴപ്പാമ്പ് എന്ന് അറിയപ്പെടുന്ന അപൂർവയിനം  വിഷപ്പാമ്പിനെ കണ്ടെത്തി. പശ്ചിമഘട്ട മലനിരയിൽ മാത്രം അപൂർവമായി കണ്ടുവരുന്ന ബിബ്റോൺസ് കോറൽ സ്നേക് എന്ന പാമ്പിനെയാണ് ഇന്നലെ മയ്യിലിൽ പിടികൂടിയത്. ഓറഞ്ച് നിറത്തിൽ കറുത്ത വളയങ്ങളോടു കൂടിയുള്ള പാമ്പിൻകുഞ്ഞിനെയാണ് കണ്ടെത്തിയത്. വളർച്ചയെത്തിയ പാമ്പുകൾക്കു കറുപ്പുനിറം കലർന്ന് ബ്രൗൺ നിറത്തിലുള്ള വളയങ്ങളായിരിക്കും. ഇവയുടെ അടിഭാഗത്ത് ഓറഞ്ച് നിറം  ഉണ്ടാവും. തലയുടെ ഭാഗം വട്ടത്തിലായിരിക്കും. 50 സെ. മീറ്റർ മുതൽ 88 സെ. മീറ്റർ വരെ നീളം കാണും ഇവയ്ക്ക്. 

മയ്യിൽ പാവന്നൂർമൊട്ടയിലെ വീട്ടുപരിസരത്തു നിന്നു വനം വന്യജീവി വകുപ്പിലെ റാപ്പി‍‍ഡ് റെസ്പോൺസ് ടീമിലെ വന്യജീവി സംരക്ഷകൻ റിയാസ് മാങ്ങാട് ആണ് പാമ്പിനെ കണ്ടെത്തിയത്. പാമ്പ് ഗവേഷകൻ കൂടിയായ ഇദ്ദേഹം അടുത്തിടെ ചാലോട്, അഞ്ചരക്കണ്ടി പ്രദേശങ്ങളിൽ ഇത്തരം പാമ്പ് ഇനങ്ങളെ കണ്ടെത്തിയതായി അറിയിച്ചു. പാമ്പിന്റെ ആവാസവ്യവസ്ഥയ്ക്ക് യോജ്യമായ കാടുകളിലേക്കു വിടാനാണ് തീരുമാനം.

1858ൽ ഫ്രഞ്ച് സുവോളജിസ്റ്റ് ഗബ്രിയേൽ ബിബ്റോൺസ് ആണ് ഈ ഇനം പാമ്പിനെ കണ്ടെത്തിയത്. കാലിയോഫിസ് ബിബ്റോണി എന്നതാണ് ശാസ്ത്രീയനാമം. ഏതെങ്കിലും ജീവി ആക്രമിക്കാൻ വരുമ്പോൾ തല ഉടലിന് അടിയിൽ താഴ്ത്തി വാൽചുരുട്ടി കിടക്കുന്നതിനാൽ നാണം കുണുങ്ങിയായ പാമ്പുകളെന്നു പറയുന്നു.

മണ്ണിനടിയിലും കാട്ടിലെ ഇലക്കൂടുകളുടെ അടിയിലുമാണ് കൂടുതൽ സമയവും കഴിയുക. നല്ല മഴയുള്ളപ്പോൾ ഇവ പുറത്തേക്കിറങ്ങും. രാത്രികാലങ്ങളിലാണ് ഇര തേടുന്നത്. ചെറുപാമ്പുകൾ, തവള എന്നിവ തന്നെയാണ് ഭക്ഷണം. കോറൽ സ്നേക് എന്ന പേര് ഉണ്ടെങ്കിലും കടലുമായി ഒരു ബന്ധവും ഇവയ്ക്കില്ല. 

ഇവ കടിച്ചാൽ ചികിത്സയ്ക്ക് ആന്റിവെനം ലഭ്യമല്ല. വിഷം നാഡീവ്യൂഹത്തിൽ പെട്ടെന്നു ബാധിക്കും. നിലവിൽ മൂർഖൻ, അണലി, ചുരുട്ട മണ്ഡലി, വെള്ളിക്കെട്ടൻ എന്നീ നാലു പാമ്പുകളുടെ വിഷത്തിനു മാത്രമേ ആന്റിവെനം ലഭിക്കുകയുള്ളു.

related stories