Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഇന്നേവരെ ആരും കടന്നു ചെന്നിട്ടില്ലാത്ത നിഗൂഢ ദ്വീപ് ഇന്ത്യയില്‍!

 North Sentinel Island

ബംഗാള്‍ ഉള്‍ക്കടലിലെ ആന്‍‍‍ഡമാന്‍ നിക്കോബാര്‍ ദ്വീപസമൂഹത്തിന്‍റെ ഭാഗമാണ് നോര്‍ത്ത് സെന്‍റിനെല്‍ ദ്വീപ്. ആന്‍ഡമാന്‍ അഡ്മിനിസ്ട്രേറ്റീവ് യൂണിറ്റിനു കീഴില്‍ വരുന്ന ഈ ദ്വീപിലേക്ക് ഇന്നേവരെ പുറം ലോകത്തുനിന്ന് ആരും കടന്നുചെന്നിട്ടില്ല. ഒരുപക്ഷേ കടന്നു ചെന്നിട്ടുണ്ടെങ്കില്‍ത്തന്നെ അവര്‍ തിരിച്ച് വരാത്തതിനാല്‍ അവരെക്കുറിച്ചോ ആ ദ്വീപിനെക്കുറിച്ചോ അധികം വിവരങ്ങളും ലഭ്യമല്ല. ചന്ദ്രനിലും ചൊവ്വയിലും വരെ മനുഷ്യര്‍ ചെന്നെത്തിയപ്പോഴും ഇവിടേക്കു വരാൻ സാഹസികർ പോലും മടിച്ചു. രണ്ടും കൽപ്പിച്ച് അവിടേക്കു പോയവരിൽ തിരികെയെത്തിവരും വിരളമാണ്. ആളുകളെ ഭയപ്പെടുത്തുന്ന നിഗൂഢതകൾ നിറഞ്ഞു നില്‍ക്കുന്ന ഭൂമിയിലെ ചുരുക്കം ചില സ്ഥലങ്ങളില്‍ ഒന്നാണ് സെന്‍റിനെല്‍. 

തെളിഞ്ഞ ജലാശയമുള്ള കടലുകൊണ്ടും കണ്ടല്‍ക്കാടുകള്‍ കൊണ്ടും ചുറ്റപ്പെട്ട ഈ പ്രദേശത്ത് പുറംലോകം കാണാതെ ഒരു ജനത വസിക്കുന്നുണ്ട്. ഇന്നോളം ഈ പ്രദേശത്തേക്ക് ആരെയും കടന്നു ചെല്ലാനോ അവരുമായി ബന്ധം സ്ഥാപിക്കാനോ അനുവദിക്കാതെ ഈ പ്രദേശം അടക്കി വാഴുന്ന ഒരു ആദിവാസി  സമൂഹം. തീരത്തിനടുത്ത് ഒരു ബോട്ടെത്തിയാല്‍ പോലും അവര്‍ കൂട്ടത്തോടെ തീരത്തേക്കെത്തും. വിഷം പുരട്ടിയ അമ്പുകള്‍ തുരുതുരെ എയ്യും. ഈ ദ്വീപിലേക്കെത്തിപ്പെടാന്‍ ശ്രമിക്കുന്നതിനിടെയിൽ വിഷപുരട്ടിയ അമ്പേറ്റു മരിച്ചവരേറെയാണ്.

 North Sentinel Island

ഒരു സയന്‍സ് ഫിക്‌ഷന്‍ സിനിമയെ ഓര്‍മിപ്പിക്കുന്ന ഈ ദ്വീപിലെ നിവാസികളുമായി ബന്ധം സ്ഥാപിക്കാന്‍ ഇന്ത്യന്‍ സര്‍ക്കാര്‍ പല തവണ ശ്രമിച്ചിരുന്നു. എന്നാല്‍ ബലപ്രയോഗത്തിലൂടെ മാത്രമെ ആ ദ്വീപിലേക്കെത്താന്‍ സാധിക്കൂ എന്നു മനസ്സിലാക്കിയതോടെ ശ്രമം ഉപേക്ഷിക്കുകയായിരുന്നു. ഇപ്പോള്‍ ഈ ദ്വീപിനു മൂന്നു കിലോമീറ്റര്‍ ചുറ്റളവില്‍ സഞ്ചാരം പോലും നിരോധിച്ച് ദ്വീപ് നിവാസികള്‍ക്കു സമ്പൂര്‍ണ സ്വാതന്ത്ര്യം നല്‍കിയിരിക്കുകയാണ്.  

മുന്നൂറോളം ആദിമ നിവാസികള്‍ ഈ ദ്വീപിലുണ്ടെന്നാണ് കണക്കാക്കുന്നത്. 2006 ൽ ഈ ഈ ദ്വീപിനടുത്തേക്കു ബോട്ടിലെത്തിയ രണ്ട് മത്സ്യത്തൊഴിലാളികളെ അവര്‍ അമ്പെയ്തു കൊന്നിരുന്നു. ഇതിന് ശേഷമാണ് പുറത്തുനിന്നുള്ള ജനങ്ങളുടെ ഇടപെടൽ ദ്വീപിന്റെ പരിസരത്തു വിലക്കിയത്.

 North Sentinel Island