Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഒരു ദിവസം കൊന്നു തിന്നുന്നത് 10 ലക്ഷം പക്ഷികളെ; ഏതാണീ ‘ഭീകര’ ജീവികൾ?

Lynx

ഒറ്റ ദിവസം കൊണ്ട് ഓസ്ട്രേലിയയിൽ ഈ ജീവികൾ കൊന്നു തിന്നുന്നത് 10 ലക്ഷത്തിലേറെ പക്ഷികളെയാണ്. ഒരു വർഷത്തെ കണക്കെടുത്താൽ ചത്തുവീഴുന്ന മൊത്തം പക്ഷികളുടെ എണ്ണം 37.7 കോടി വരും. ഇനിയിപ്പോൾ ഈ ‘ഭീകരജീവി’കളെ കൊന്നൊടുക്കാമെന്നു വച്ചാൽ ചില്ലറ പാടൊന്നുമല്ല. ഓസ്ട്രേലിയയുടെ 99.8 ശതമാനം വരുന്ന ഭാഗത്തും ഇവയുണ്ട്. ഇതേതാണ് അത്തരമൊരു ജീവിയെന്ന് അദ്ഭുതപ്പെടുന്നവർ അതിന്റെ ഉത്തരം കേട്ടാൽ ഒന്നുകൂടി അമ്പരക്കും. ഓസ്ട്രേലിയയിലെ പൂച്ചകളാണ് ഈ വില്ലന്മാർ. നാടനും കാട്ടുപൂച്ചയുമെല്ലാം ഉൾപ്പെടും ഇക്കൂട്ടത്തിൽ. 

കാട്ടുപൂച്ചകളാണ് ഏറ്റവും ‘ഭീകരർ’. ഇവയെ തുരത്താൻ കോടിക്കണക്കിന് ഡോളർ ചെലവിട്ട് പല പദ്ധതികളും നടപ്പാക്കിയെങ്കിലും ഒന്നും വിജയം കണ്ടില്ലെന്നാണ് പുതിയ പഠനറിപ്പോർട്ട് സൂചിപ്പിക്കുന്നത്. മാത്രവുമല്ല, ഓസ്ട്രേലിയയിൽ വളരെ അപൂർവമായി മാത്രം കാണപ്പെടുന്ന പക്ഷികളെയും പൂച്ചകൾ കൊന്നൊടുക്കുന്നുണ്ട്. പക്ഷികളെ പൂച്ചകൾ കൊന്നുതിന്നുന്നുണ്ടെന്നത് എല്ലാവർക്കും അറിവുള്ള കാര്യമാണെങ്കിലും ഇത്തരത്തിൽ ആശങ്കാജനകമായ വിധത്തിലൊരു റിപ്പോർട്ട് അപ്രതീക്ഷിതമാണ്. മുൻകാലങ്ങളിലെ സർവേ–പഠന റിപ്പോർട്ടുകളും ഇതിന്റെ ഭാഗമായി പരിശോധിച്ചിരുന്നു. 

Bird

പക്ഷികളിലെ വിവിധ ഇനങ്ങള്‍ ഇല്ലാതായിപ്പോകുന്നതിന്റെ കാരണം അന്വേഷിച്ചു ചെല്ലുമ്പോഴും പ്രതിക്കൂട്ടിൽ പൂച്ചകളാണ്. അതിനാൽത്തന്നെ ഇവറ്റകൾക്കെതിരെ കൂടുതൽ ശക്തമായ നടപടികൾക്കൊരുങ്ങുകയാണ് സർക്കാർ!  കാട്ടുപൂച്ചകൾ പ്രതിവർഷം 31.7 കോടി പക്ഷികളെ കൊന്നു തിന്നുന്നുണ്ടെന്നാണു കണക്ക്. നാടൻ പൂച്ചകളാകട്ടെ 6.1 കോടി പക്ഷികളെയും. മൊത്തം കൊന്നുതിന്നുന്നവയിൽ 99 ശതമാനവും ഓസ്ട്രേലിയയിൽ മാത്രം കാണപ്പെടുന്ന പക്ഷികളാണ്. ദേശാടനത്തിനെത്തുന്ന പക്ഷികളിൽ ഒരു ശതമാനം മാത്രമേ പൂച്ചകളുടെ ഇരയാകുന്നുള്ളൂ. 

എന്താണ് ചില പ്രത്യേക ഇനം പക്ഷികളെ മാത്രം പൂച്ചകൾ നോട്ടമിടുന്നതെന്നും ഗവേഷകർ പഠനവിധേയമാക്കി. ഇതിനു കാരണമായ എന്തെങ്കിലും സ്വഭാവവിശേഷങ്ങളുണ്ടോയെന്നും പരിശോധിച്ചു. ചെറുതും ഇടത്തരം വലുപ്പമുള്ളതുമായ പക്ഷികള്‍, നിലത്ത് കൂടുകൂട്ടുന്നതും ഇരതേടുന്നതുമായവ, ഒറ്റപ്പെട്ട ദ്വീപുകളിലും ഒളിക്കാനിടമില്ലാത്ത വിധം ഉണങ്ങിവരണ്ടയിടങ്ങളിൽ ജീവിക്കുന്നതുമായ പക്ഷികൾ എന്നിവയാണ് പ്രധാനമായും പൂച്ചകളുടെ ഇരകളാകുന്നതെന്നും കണ്ടെത്തി. 

cat

ഓസ്ട്രേലിയയിൽ ആകെ 1100 കോടി നാടൻപക്ഷികളാണുള്ളത്. അവയിൽ നാലു ശതമാനം വരുന്നവയെയാണ് പൂച്ചകള്‍ പ്രതിവർഷം കൊന്നൊടുക്കുന്നത്. അത്തരത്തിൽ കൊന്നൊടുക്കുന്നവയിൽ 338 ഇനത്തിൽപ്പെട്ട നാടൻ പക്ഷികളുണ്ടെന്നും കണ്ടെത്തിയിട്ടുണ്ട്. അവയിൽത്തന്നെ 71 എണ്ണവും വംശനാശഭീഷണി നേരിടുന്നവയാണ്. ഓസ്ട്രേലിയയിൽ മൊത്തം വംശനാശ ഭീഷണി നേരിടുന്ന ജീവികളിൽ 60 ശതമാനം വരും ഇത്. മൂന്നു കോടി ഡോളറാണ് ഇതിനോടകം പൂച്ചകളുടെ എണ്ണം കുറയ്ക്കാനുള്ള പദ്ധതികൾക്കായി സര്‍ക്കാർ ചെലവഴിച്ചു കളഞ്ഞതെന്നും ഓർക്കണം. വീടുകളിൽ വളർത്തുന്ന പൂച്ചകളെ വന്ധ്യംകരിച്ചും പുറത്തേക്ക് വിടാതെയും സഹകരിക്കണമെന്ന് ഉടമകളോടും അഭ്യർഥിച്ചിട്ടുണ്ട്. 

വിവിധ സർവകലാശാലയിലെ ഗവേഷകർ ചേര്‍ന്നു നടത്തിയ പഠനത്തിന്റെ റിപ്പോർട്ട് ബയോളജിക്കൽ കൺസർവേഷൻ ജേണലാണ് പ്രസിദ്ധീകരിച്ചത്.  ഓസ്ട്രേലിയയിലെ പക്ഷികളെ കൊന്നൊടുക്കുന്ന പൂച്ചകളുടെ കണക്കു സംബന്ധിച്ച് ദേശീയ തലത്തിൽ നടന്ന ആദ്യ കണക്കെടുപ്പു കൂടിയായിരുന്നു ഇത്. ചാൾസ് ഡാർവിൻ യൂണിവേഴ്സിറ്റി, ഓസ്ട്രേലിയൻ നാഷനൽ യൂണിവേഴ്സിറ്റി എന്നിവയും പഠനത്തിൽ പങ്കാളിയായി.

related stories