Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

തീരത്തടിഞ്ഞത് കടലിന്നടിയിൽ ഒളിച്ചിരുന്ന ദിനോസർ അല്ലെങ്കിൽ കഥകളിൽ മാത്രം നാം കേട്ട ആ ജലഭീകരൻ!!!

Ness Monster-like creature washes up on Georgia shore

നീളൻ കഴുത്തുള്ള ദിനോസറുകൾക്ക് വംശനാശം സംഭവിച്ച് ഭൂമിയിൽ നിന്ന് എന്നന്നേക്കുമായി യാത്ര പറഞ്ഞുപോയതാണ്. പക്ഷേ അക്കൂട്ടത്തിൽ ചിലതു മാത്രം ഇപ്പോഴും ജീവിച്ചിരിപ്പുണ്ടെന്നാണ് സ്കോ‌ട്‌ലൻഡുകാരും കാനഡയിലുള്ളവരുമെല്ലാം വിശ്വസിക്കുന്നത്. തടാകങ്ങളിലെ ആഴങ്ങളിൽ ഒളിച്ചു താമസിക്കുകയാണത്രേ അവ. സ്കോട്‌ലൻഡിലെ ‘ലോക്’ തടാകത്തിൽ കഴുത്തുനീണ്ടൊരു ഭീമൻ വിചിത്രജീവിയുണ്ടെന്ന് വർഷങ്ങളായി അവിടുത്തുകാർ വിശ്വസിക്കുന്നു. ‘നെസി’ എന്ന ഓമനപ്പേരിട്ടിരിക്കുന്ന അവയെ ശാസ്ത്രലോകം ‘ലോക് നെസ്’ എന്നാണു വിളിക്കുന്നത്. പലരും അതിന്റെ ഫോട്ടോയും എടുത്തിട്ടുണ്ട്, നേരിട്ടു കണ്ടതായും അവകാശപ്പെടുന്നു. 

‌എന്നാൽ ഇപ്പോൾ ലോക് നെസിന്റെ ഏറ്റവും വലിയ തെളിവ് ലോകത്തിനു മുന്നിൽ എത്തിയതായാണ് ഒരു അച്ഛനും മകനും അവകാശപ്പെടുന്നത്. അമേരിക്കയിലെ ജോർജിയയിലെ ഒരു ബീച്ചിൽ നിന്നാണ് ഇതു സംബന്ധിച്ച തെളിവു ലഭിച്ചത്. ഗാലപ്പഗോസ് ദ്വീപസമൂഹങ്ങളുടെ ഭാഗമായുള്ള വൂൾഫ് ഐലന്റ് നാഷനൽ വൈൽഡ് ലൈഫ് റെഫ്യൂജിൽ മകനോടൊപ്പം മീൻ പിടിക്കാൻ പോയ ജെഫ് വാറന്റെ ക്യാമറയിലാണ് ലോക് നെസ് പതിഞ്ഞത്. പക്ഷേ അതിനു ജീവനുണ്ടായിരുന്നില്ല. കരയിലടിഞ്ഞ വിചിത്രജീവിയുടെ ചിത്രങ്ങളും വിഡിയോകളും ജെഫ് മാധ്യമങ്ങൾക്കു കൈമാറി. തുടക്കത്തിൽ, ചത്തു തീരത്തടിഞ്ഞ ഒരു സീല്‍ ആണെന്നായിരുന്നു ജെഫ് കരുതിയത്. എന്നാൽ അടുത്തെത്തി പരിശോധിച്ചപ്പോഴാണ് നീളൻ ചുണ്ട് ശ്രദ്ധയിൽപ്പെട്ടത്. 

പിന്നെയുമുണ്ട് ഏറെ പ്രത്യേകതകള്‍. നീളൻ കഴുത്തായിരുന്നു ആ ജീവിക്ക് ഉണ്ടായിരുന്നത്. ഒപ്പം നീളൻ വാലും ചെറിയ തലയും. വായിൽ നിറയെ പല്ലുകളുമുണ്ടായിരുന്നു. നാലു മുതൽ അഞ്ച് അടി വരെയായിരുന്നു നീളം. മീനുകൾക്കു സമാനമായി ഇരുവശത്തും രണ്ടു ‘ചിറകു’കളുമുണ്ടായിരുന്നു, ദിനോസറുകളുടെ കാലത്തു ജീവിച്ചിരുന്ന പ്ലീസിയോസോർ ഇനത്തിൽപ്പെട്ട ജീവികളാണിവയെന്നും സംശയമുയർന്നു. കാരണം, അതിന് അനുയോജ്യമായ ഒട്ടേറെ ഗുണഗണങ്ങളുണ്ടായിരുന്നു ആ മൃതശരീരത്തിന്. അതേസമയം ജീർണാവസ്ഥയിലെത്തിയ ചിലയിനം സ്രാവുകളുടെ മൃതദേഹം പ്ലീസിയോസോറുകള്‍ക്കു സമാനമായി തോന്നാറുണ്ടെന്നാണ് യുഎസ് ഫിഷ് ആൻഡ് വൈൽഡ് ലൈഫ് സർവീസസ് ഡയറക്ടർ ഡാൻ ആഷ് പറയുന്നത്. ജെഫ് ഈ ചിത്രം സമൂഹമാധ്യമങ്ങളിലും പോസ്റ്റ് ചെയ്തു. ഏതാനും മണിക്കൂറുകള്‍ക്കകം സംഗതി വൈറലാവുകയും ചെയ്തു. 

മൃതശരീരം ലഭിച്ച പ്രദേശമൊക്കെ വിശകലനം ചെയ്തു ചിലർ കണ്ടെത്തിയത് അത് അൽറ്റമാഹ–ഹ എന്ന ജലഭീകരനാണെന്നായിരുന്നു. അൽറ്റമാഹ നദിയിൽ കാണപ്പെടുന്ന ഒരു തരം ‘മിത്തിക്കൽ’ ജീവിയായിരുന്നു അത്. വൂൾഫ് ഐലന്റിനു പടിഞ്ഞാറായാണ് ഈ ദ്വീപിന്റെ സ്ഥാനം. അതേസമയം, അടുത്തയാഴ്ച വരാനിരിക്കുന്ന ഏപ്രിൽ ഫൂളിനു മുന്നോടിയായുള്ള ‘നുണച്ചിത്ര’മാണിതെന്നു വിശ്വസിക്കുന്നവരും ഏറെ. കടലിന്റെ അടിത്തട്ടിൽ പതുങ്ങിത്താമസിക്കുന്ന ഫ്രിൽഡ് ഷാർക് എന്നയിനം സ്രാവുകളുടെ മൃതദേഹമാണിതെന്നു വിശ്വസിക്കുന്നുവരുമുണ്ട്.