തന്‍റെ പ്രാധാന്യത്തെക്കുറിച്ചറിയാതെയാണ് കെനിയയിലെ ഒല്‍ പെജറ്റ സംരക്ഷണ കേന്ദ്രത്തില്‍ സുഡാന്‍ എന്ന വെള്ള കാണ്ടാമൃഗം കഴിയുന്നത്. വെള്ള കാണ്ടാമൃഗ വംശത്തെ ഭൂമിയില്‍ നിലനിര്‍ത്താന്‍ ശ്രമിക്കുന്ന ശാസ്ത്രജ്ഞന്മാരുടെ അവസാന പ്രതീക്ഷയാണ് സുഡാന്‍. എന്തുകൊണ്ടെന്നാൽ വടക്കന്‍ വെള്ള കാണ്ടാമൃഗങ്ങളുടെ വംശത്തിലെ അവസാന ആണ്‍പ്രജയാണ് സുഡാന്‍ എന്ന ഈ ആൺ കാണ്ടാമൃഗം.
43 വയസ്സാണ് സുഡാന്‍റെ പ്രായം. ഈ വംശത്തില്‍ രണ്ട് പെണ്‍ കാണ്ടാമൃഗങ്ങള്‍ അവശേഷിക്കുന്നുണ്ടെങ്കിലും ഇവയുമായി ഇണ ചേരാന്‍ ഇനി ഈ പ്രായത്തില്‍ സുഡാന് കഴിയില്ല. കണ്ണിന്‍റെ കാഴ്ചക്കുറവും കാലിന്‍റെ ബലക്കുറവുമെല്ലാമായി പ്രായത്തിന്‍റെ പ്രശ്നങ്ങളും സുഡാനെ കാര്യമായി അലട്ടുന്നുണ്ട്.
ഐവിഎഫ് സാങ്കേതിക വിദ്യയുടെ സഹായത്തോടെ സുഡാന്‍റെ ബീജം പെണ്‍ കാണ്ടാമൃഗങ്ങളിലെത്തിക്കാനാണ് ഗവേഷകരുടെ ശ്രമം. ഇതുവരെ നടന്ന മൂന്ന് ശ്രമങ്ങള്‍ പരാജയപ്പെട്ടെങ്കിലും ഗവേഷകര്‍ ഇപ്പോഴും പ്രതീക്ഷ കൈവിട്ടിട്ടില്ല. ഒരു കുഞ്ഞിനു ജന്മം നല്‍കാന്‍ കഴിയുന്ന ആരോഗ്യമുള്ള ബീജത്തിനു വേണ്ടിയുള്ള കാത്തിരിപ്പിലാണ് ഗവേഷകര്‍.
ജനിച്ച് ആറ് മാസമുള്ളപ്പോള്‍ മനുഷ്യരുടെ സംരക്ഷണയിലെത്തിയതാണ് സുഡാന്‍. ഇതുകൊണ്ട് മാത്രമാണ് സുഡാന്‍ ഇന്ന് ജീവനോടെയിരിക്കുന്നതും. വനത്തിലുണ്ടായിരുന്ന വെള്ള കാണ്ടാമൃഗങ്ങള്‍ക്കെല്ലാം വര്‍ഷങ്ങള്‍ക്കു മുമ്പേ വംശനാശം സംഭവിച്ചിരുന്നു. ആയുധമേന്തിയ 6 കാവല്‍ക്കാരാണ് സുഡാനു വേണ്ടി ഇവിടെ കാവല്‍ നില്‍ക്കുന്നത്.