മദ്യപിച്ച് ലക്കുകെട്ടാൽ ചിലർ പിന്നെ പ്രവർത്തിക്കുന്നതും ചെയ്യുന്നതും എന്താണെന്ന് ഓർമ കാണില്ല. അതുകൊണ്ടു തന്നെയാണ് ലഹരിയിൽ വാഹനമോടിക്കരുത് എന്ന് പറയാറ്. എന്നാൽ ഒരു യുവ വ്യവസാസി മദ്യലഹരിയിൽ വാഹനമോടിച്ചു എന്നു മാത്രമല്ല തന്റെ ഔഡി കാറിന് പകരം ആശുപത്രിയിൽ കിടന്ന ആംബുലൻസ് എടുത്തു വീട്ടിലും കൊണ്ടുപോയി.
രസകരമായ സംഭവം നടന്നത് ചെന്നൈ നഗരത്തിലാണ്. രാത്രി സുഹൃത്തിനേയും കൊണ്ട് ആശുപത്രിയിൽ വന്നതായിരുന്നു യുവാവ്. ഔഡി കാറിൽ എത്തിയയാൾ സുഹൃത്തിനെ ആശുപത്രിയിൽ വിട്ടതിന് ശേഷം മാരുതി ഓമിനി ആംബുലൻസ് ഓടിച്ചു പോകുകയായിരുന്നു. തൗസന്‍ഡ് ലൈറ്റ്സ് ഏരിയയിലെ ആശുപത്രിയിലെ ആംബുലൻസിന്റെ ഡ്രൈവർ താക്കോൽ വാഹനത്തിൽ തന്നെ ഇട്ടിരിക്കുകയായിരുന്നു.
ഏകദേശം 15 കിലോമീറ്റർ ദൂരെയുള്ള വീട്ടിൽ എത്തിയതിന് ശേഷമാണ് അബദ്ധം പറ്റിയ വിവരം യുവാവ് അറിയുന്നത്. വീട്ടിൽ എത്തിയ യുവാവിനോട് കാറെവിടെ എന്ന വീട്ടുകാരുടെ ചോദ്യമാണ് താൻ ഇത്രയും നേരം ഓടിച്ചത് ആംബുലൻസാണ് എന്ന തിരിച്ചറിവ് നൽകിയത്. തുടർന്ന് ഡ്രൈവറുടെ പക്കൽ ആംബലൻസ് ആശുപത്രിയിലേക്ക് തിരിച്ചു കൊടുത്തുവിടുകയായിരുന്നു.
ഇതേസമയം ആംബുലന്‍സ് കാണാനില്ലെന്ന് ആശുപത്രി അധികൃതര്‍ അറിച്ചതിനെ തുടർന്ന് പൊലീസ് സ്ഥലത്തെത്തിയിരുന്നു. ആംബുലന്‍സിനായി പൊലീസ് തിരച്ചില്‍ തുടങ്ങിയതിന് തൊട്ടുപിന്നാലെ കാണാതായ ആംബുലസുമായി വ്യവസായിയുടെ ജീവനക്കാരന്‍ ആശുപത്രിയിലെത്തി. തന്റെ മുതലാളിക്ക് ഒരബദ്ധം പറ്റിയതാണെന്നും ഡ്രൈവർ പൊലീസിനെ അറിയിച്ചു എന്നാണ് പ്രദേശിയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.