മലയാളത്തിലെ സൂപ്പർതാരം മമ്മൂട്ടിയെപ്പോലെ തന്നെ മകൻ ദുൽഖർ സൽമാനും എല്ലാം തികഞ്ഞൊരു വാഹന പ്രേമിയാണ്. അച്ഛന് കാറുകളോടാണ് പ്രിയമെങ്കിൽ മകന് ബൈക്കുകളോടും കാറുകളോടും ഒരേപോലെ സ്നേഹമാണ്. മിനി കൂപ്പർ കൺട്രിമാൻ, ബിഎംഡബ്ല്യും, പജേരോ സ്പോർട്ട്, ലാന്റ് ക്രൂയിസർ തുടങ്ങി നിരവധി ലക്ഷ്വറി വാഹനങ്ങൾ ഇവരുടെ ഗ്യാരേജിലുണ്ട്. ദുൽഖറിന്റെ സൂപ്പർ സ്പോർട്സ് കാർ എസ്എൽഎസ് എഎംജിയാണിപ്പോൾ സോഷ്യൽ മീഡിയകളിലെ താരം.
മെഴ്സിഡസ് ബെൻസിന്റെ സ്പോർട്സ് കാർ എസ്എൽഎസ് എഎംജി ദുൽഖർ സ്വന്തമാക്കിയിട്ട് ഒരു വർഷമായെങ്കിലും കേരളത്തിലെത്തിക്കുന്നത് അടുത്തിടെയാണ്. 2010 മുതൽ 2015 വരെ മെഴ്സിഡസ് ബെൻസ് പുറത്തിറക്കിയ സ്പോർട്സ് കാറാണ് എസ്എൽഎസ് എഎംജി. ഇപ്പോൾ നിർമാണം നിർത്തിയെങ്കിലും ധാരാളം ആരാധകരാണ് എസ്എൽഎസിനുള്ളത്, ഏകദേശം 2.5 കോടി രൂപയാണ് കാറിന്റെ വില.
നേരത്തെ ദുൽഖർ മോഡിഫൈഡ് ട്രയംഫ് ബോൺവില്ല സ്വന്തമാക്കിയിരുന്നു. സ്റ്റീവ് മെക്യൂനിനുള്ള ആദരവായിട്ടാണ് ബൈക്ക് മോഡിഫൈ ചെയ്തത് എന്നാണ് താരം ഇൻസ്റ്റഗ്രാമിലൂടെ അറിയിച്ചിരുന്നത്. തന്റെ വളരെക്കാലത്തെ ആഗ്രഹമായിരുന്നെന്നും ആറുമാസത്തെ പരിശ്രമത്തിന്റെ ഫലമായാണ് ഇത്തരത്തിലുള്ളൊരു ബൈക്ക് മോഡിഫിക്കേഷനെന്നുമായിരുന്നു അന്ന് ദുൽഖർ പറഞ്ഞത്. കൂടാതെ ദുൽക്കർ സൽമാൻ ബിഎംഡബ്ല്യു ആർ 1200 ജിഎസ് എന്ന അഡ്വഞ്ചർ ടൂറർ ബൈക്കും സ്വന്തമാക്കിയിരുന്നു. മാത്രമല്ല ബൈക്കിൽ ബാംഗ്ലൂരിൽ നിന്ന് ബന്ദിപ്പൂർ, മുതുമല, കൂനൂർ വഴിയൊരു യാത്രയും നടത്തിയിരുന്നു.