പതിനഞ്ചാം വിവാഹ വാർഷിക സമ്മാനമായി ഭാര്യയ്ക്ക് നൽകിയത് എകദേശം എൺപത് ലക്ഷം രൂപയുടെ റെഞ്ച് റോവർ ഇവോക്കും 17 ലക്ഷം രൂപയുടെ ഫാൻസി നമ്പറും. എത്രയും വിലപിടിപ്പുള്ള സമ്മാനം നൽകിയത് എവിടെയാണ് എന്നല്ലെ... നമ്മുടെ തൃശൂരിൽ. കേരളത്തിലെ ഏറ്റവും വിലപിടിച്ച ഫാൻസി നമ്പറാണിത്. ഖത്തറിൽ വ്യവസായിയായ തൃശൂർ കിഴക്കേക്കോട്ട സ്വദേശി റിലീഫാണ് തന്റെ ഭാര്യയ്ക്ക് സമ്മാനമായി നൽകിയ കാറിന്റെ നമ്പറിനായി 17.15 ലക്ഷം രൂപ മുടക്കിയത്.
പതിനായിരം രൂപ അടിസ്ഥാന വിലയിൽ നിന്നാരംഭിച്ച ലേലത്തിൽ കെഎൽ 08 ബിഎൽ 1 എന്ന നമ്പറിനായി മൂന്നുപേർ വാശിയോടെ മത്സരിച്ചപ്പോൾ 17,15,000 രൂപയ്ക്കു റിലീഫ് നമ്പർ സ്വന്തമാക്കി. പതിനഞ്ചാം വിവാഹ വാർഷിക സമ്മാനമായി ഭാര്യയ്ക്കു റിലീഫ് വാങ്ങി നൽകിയത് 68 ലക്ഷം രൂപയുടെ റേഞ്ച് റോവർ ഇവോക് കാറാണ്. 20% നികുതി കൂടി ചേർത്തപ്പോൾ വില 80 ലക്ഷം കടന്നു. തന്റെ മെഴ്സിഡസ് ബെൻസ് ഇ ക്ലാസ് കാറിന്റെ നമ്പർ ഒന്ന് ആയതിനാൽ ഇതേ നമ്പർ തന്നെ ഭാര്യയുടെ കാറിനും വേണമെന്നു റിലീഫിനു നിർബന്ധം. അങ്ങനെ ഒന്ന് എന്ന നമ്പറിനായി ഒരു ലക്ഷം രൂപ ഫീസടച്ചു കാത്തിരുന്നു.
ലേലത്തിനെത്തിയപ്പോൾ ഇതേ നമ്പറിനായി വ്യവസായികളായ അബ്ദുൽ സലാം, അൻസുല ജലീൽ എന്നിവരും രംഗത്തുവന്നു. 91 ലക്ഷം രൂപ വിലയുള്ള ബെൻസിനു വേണ്ടി അൻസുലയും 62 ലക്ഷം രൂപ വിലയുള്ള ബെൻസിനു വേണ്ടി അബ്ദുൽ സലാമും ആവേശത്തോടെ ലേലം വിളിച്ചപ്പോൾ 10 മിനിറ്റിനുള്ളിൽ ഫാൻസി നമ്പറിന്റെ മൂല്യം കുതിച്ചുയർന്നു 10 ലക്ഷത്തിനു മുകളിലെത്തി. ഒടുവിൽ റിലീഫ് വിളിച്ച റെക്കോർഡ് തുകയായ 16.15 ലക്ഷത്തിന് ഉറപ്പിച്ചു. നേരത്തെ അടച്ച ഒരു ലക്ഷം ഫീസടക്കം റിലീഫിനു ചെലവായതു 17 ലക്ഷം രൂപയെന്ന് എംവിഐ ഷാജു ബക്കർ അറിയിച്ചു.