Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വിൽപ്പനയിൽ ‘സ്പ്ലെൻഡറി’ന്റെ റെക്കോഡ് തകർത്ത് ‘ആക്ടീവ’

honda-activa

ഇരുചക്രവാഹന വിൽപ്പനയിൽ 17 വർഷമായി മോട്ടോർ സൈക്കിളുകൾ കയ്യടക്കിയ റെക്കോഡ് ഇനി സ്കൂട്ടറുകൾക്കു സ്വന്തം. 2016ന്റെ ആദ്യ ആറു മാസക്കാലത്തെ വിൽപ്പനയിലാണു ഹോണ്ട മോട്ടോർ സൈക്കിൾ ആൻഡ് സ്കൂട്ടർ ഇന്ത്യ(എച്ച് എം എസ് ഐ)യുടെ ‘ആക്ടീവ’ വിൽപ്പനയിൽ ഒന്നാം സ്ഥാനം നേടിയത്. 17 വർഷമായി ഈ സ്ഥാനത്തുള്ള ഹീറോ മോട്ടോ കോർപിന്റെ ‘സ്പ്ലെൻഡറി’നെയാണ് ‘ആക്ടീവ’ പിന്നിലാക്കിയത്.
കഴിഞ്ഞ ആറു മാസത്തിനിടെ 13,38,015 യൂണിറ്റിന്റെ വിൽപ്പനയാണു ഹോണ്ട ‘ആക്ടീവ’ നേടിയത്; ‘സ്പ്ലെൻഡർ’ വിൽപ്പനയാവട്ടെ 12,33,725 എണ്ണത്തിലൊതുങ്ങി.

അതേസമയം കഴിഞ്ഞ വർഷം ജനുവരി — ജൂൺ കാലത്ത് ‘സ്പ്ലെൻഡറി’ന്റെ വിൽപ്പന 12,34,559 യൂണിറ്റും ‘ആക്ടീവ’യുടേത് 11,40,720 യൂണിറ്റുമായിരുന്നു. അർധവാർഷിക വിൽപ്പനയിൽ ‘ആക്ടീവ’ 17% വളർച്ച കൈവരിച്ചപ്പോൾ ‘സ്പ്ലെൻഡറി’നു നേരിയ ഇടിവാണു നേരിട്ടത്.സമൂഹത്തിന്റെ പരിവർത്തനമാണ് ‘ആക്ടീവ’യുടെ ജൈത്രയാത്രയിൽ പ്രതിഫലിക്കുന്നതെന്ന് എച്ച് എം എസ് ഐ സീനിയർ വൈസ് പ്രസിഡന്റ് (സെയിൽസ് ആൻഡ് മാർക്കറ്റിങ്) വൈ എസ് ഗുലേറിയ അഭിപ്രായപ്പെട്ടു. ലിംഗഭേദമില്ലാത്ത ആകർഷണവും സുഖസൗകര്യവും ഉയർന്ന ഇന്ധനക്ഷമതയും മികച്ച രൂപഭംഗിയും സാങ്കേതികവിദ്യയുമൊക്കെ ചേർന്നതോടെ പിൻസീറ്റ് യാത്രികർ പലരും മുന്നിലേക്കു കയറിയെന്ന് അദ്ദേഹം വിശദീകരിച്ചു.

വിശ്വാസ്യതയുടെയും സുഖത്തിന്റെയും സൗകര്യത്തിന്റെയും സമന്വയമാണ് ‘ആക്ടീവ’യെന്നും അദ്ദേഹം അവകാശപ്പെട്ടു. വിട്ടുവീഴ്ചയില്ലാത്ത പ്രകടനക്ഷമതയിലൂടെ കുടുംബങ്ങളുടെ പ്രിയ സ്കൂട്ടറായി മാറാൻ ‘ആക്ടീവ’യ്ക്കു കഴിഞ്ഞിട്ടുണ്ടെന്നും ഗുലേറിയ വിലയിരുത്തി. ഒന്നര പതിറ്റാണ്ടു മുമ്പ് 2001ൽ വിപണിയിലെത്തിയ ‘ആക്ടീവ’യ്ക്ക് ഇപ്പോൾ മൊത്തം ഇരുചക്രവാഹന വിൽപ്പനയുടെ 15% വിഹിതം സ്വന്തമാണ്; സ്കൂട്ടർ വിഭാഗത്തിലാവട്ടെ നിരത്തിലെത്തുന്നവയിൽ പകുതിയോളം ‘ആക്ടീവ’യാണ്. അരങ്ങേറ്റ വർഷം 55,000 യൂണിറ്റിന്റെ വിൽപ്പന നേടിയ ‘ആക്ടീവ’ ഇപ്പോൾ സ്വന്തമാക്കുന്ന വാർഷിക വിൽപ്പന 24.60 ലക്ഷത്തോളം യൂണിറ്റിന്റേതാണ്.  

Your Rating: