ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദിയും ശതകോടീശ്വരൻ മുകേഷ് അംബാനിയും സഞ്ചരിക്കുന്നത് ഒരേ തരം കാറിലാണ്- ജർമൻ വാഹന നിർമാതാക്കളായ ബിഎംഡബ്ല്യുവിന്റെ സെവൻ സീരീസ് ഹൈ സെക്യൂരിറ്റി. 2015 ൽ മുകേഷ് അംബാനി സ്വന്തമാക്കിയ ഈ കാർ റജിസ്റ്റർ ചെയ്യാൻ ഏകദേശം 1.6 കോടി രൂപ ടാക്സ് അടയ്ക്കേണ്ടി വന്നു. ഏകദേശം 10 കോടി രൂപ വിലയുള്ള ഈ കാറിന്റെ പ്രത്യേകതകൾ എന്തൊക്കെയാണെന്ന് അറിയണ്ടേ?
സാധാരണ സെവൻ സീരീസിന്റെ വില ഏകദേശം രണ്ടു കോടിയിലൊതുങ്ങുമ്പോൾ ഇസഡ് കാറ്റഗറി സുരക്ഷയുള്ള ആളുകളെ സംരക്ഷിക്കാനാണ് എകദേശം എട്ടരക്കോടി രൂപ വിലയുള്ള ഈ വാഹനം. ലോകത്തിലെ ഏറ്റവും സുരക്ഷിതമായ കാറുകളിലൊന്നാണ് ഇത്. മെഷിൻ ഗണ്ണിനെയും ഗ്രനേഡിനെയും പ്രതിരോധിക്കാനും കുഴിബോംബിന്റെ സ്ഫോടനം പോലും തടയാനുമുള്ള ശേഷിയുണ്ട് ഈ കാറിന്.
വിആർ സെവൻ ബാലിസ്റ്റിക് പ്രൊട്ടക്‌ഷൻ സ്റ്റാൻഡേഡ് പ്രകാരമാണ് കാർ നിർമിച്ചിരിക്കുന്നത്. സാധാരണ സെവൻ സീരീസിൽ നിന്നു വലിയ വ്യത്യാസം കാഴ്ചയിൽ ഈ കാറിനില്ല. അത്യാഡംബരം നിറഞ്ഞതാണ് ഉൾവശം. പഞ്ചറായാലും ഏതെങ്കിലും കാരണത്താല്‍ ടയര്‍ പൊട്ടിയാലും വാഹനത്തിനു സഞ്ചരിക്കാൻ സാധിക്കും. ഹാന്‍ഡ് ഗ്രനേഡുകള്‍, വെടിയുണ്ട, ലാന്‍ഡ് മൈന്‍ എന്നിവയെ ചെറുക്കാൻ ശേഷിയുള്ള ബോഡിയാണ് കാറിന്റേത്. കൂടാതെ രാസായുധങ്ങള്‍, സ്‌നിപ്പറുകള്‍ തുടങ്ങിയവയേയും തടയും.
ഇൻ ബിൽഡ് ഫയർസെക്യൂരിറ്റിയുണ്ട് കാറിൽ. വാഹനത്തിനുള്ളിൽ ഓക്സിജന്റെ അളവു കുറഞ്ഞാല്‍ യാത്രക്കാർക്കു ശുദ്ധവായു നൽകാൻ പ്രത്യേക ടാങ്കുണ്ട്. തീപിടിക്കാത്ത ഇന്ധന ടാങ്കുകളാണ്. ആറു ലീറ്റർ ശേഷിയുള്ള എൻജിന് 5250 ആർപിഎമ്മിൽ 544 ബിഎച്ച്പി കരുത്തും 1500 ആർപിഎമ്മിൽ 750 എൻഎം ടോർക്കുമുണ്ട്. പൂജ്യത്തിൽനിന്ന് 100 കിലോമീറ്റർ വേഗം കൈവരിക്കാൻ 6.2 സെക്കന്റ് മാത്രം വേണ്ടി വരുന്ന 760 എൽഐ ഹൈസെക്യൂരിറ്റിയുടെ കൂടിയ വേഗം 210 കിലോമീറ്ററാണ്.