Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ദ ടൊയോട്ട വേ

toyota-plant-1 Toyota Plant Bidadi Bangalore

1997ലാണ് ജാപ്പനീസ് വാഹന നിര്‍മാതാക്കളായ ടൊയോട്ട ഇന്ത്യയിലെത്തുന്നത് . മൂന്നു വര്‍ഷത്തിന് ശേഷം കമ്പനി തങ്ങളുടെ ആദ്യ വാഹനം പുറത്തിറക്കി, ക്വാളിസ്. 2005 ല്‍ വിപണിയില്‍ നിന്ന് പിന്‍വലിച്ചെങ്കിലും ഇന്നും ക്വാളിസിന് ആരാധകരേറെയാണ്. നിര്‍മാണ നിലവാരവും വാഹനത്തിന്റെ മികവുമായിരുന്നു ക്വാളിസിനെ എംപിവി വിപണിയിലെ ഒന്നാമനാക്കി മാറ്റിയത്. ക്വാളിസിന്റെ മികവില്‍ വളരെ കുറച്ചു കാലം കൊണ്ടു തന്നെ ഇന്ത്യയിലെ ഏറ്റവും മികച്ച വാഹന നിര്‍മാതാക്കള്‍ എന്ന പേരു സമ്പാദിക്കാന്‍ ടൊയോട്ടയ്ക്കായി. പിന്നീട് കൊറോള ആള്‍ട്ടിസ്, ക്വാളിസിനു പകരക്കാരനായി എത്തിയ ഇന്നോവ,  ഫോര്‍ച്യൂണര്‍, എറ്റിയോസ്, എറ്റിയോസ് ലിവ തുടങ്ങി നിരവധി ജനപ്രിയ വാഹനങ്ങള്‍ ടൊയോട്ട പുറത്തിറക്കിയിട്ടുണ്ട്. 

toyota-plant-2 Toyota Plant Bidadi Bangalore

നിര്‍മാണ നിലവാരവും വിശ്വാസ്യതയുമായിരുന്നു ഇന്ത്യക്കാരിലേയ്ക്ക് ടൊയോട്ട വാഹനങ്ങളെ കൂടുതല്‍ അടുപ്പിച്ചത്. ഇന്ത്യയില്‍ മാത്രമല്ല ലോകത്തെവിടെയും ടൊയോട്ട നിലവാരത്തിന്റെ കാര്യത്തില്‍ മുന്‍പന്തിയില്‍ തന്നെ. എങ്ങനെ ഈ നിലവാരം വര്‍ഷങ്ങളായി കമ്പനി കാത്തു സുക്ഷിക്കുന്നു, അതിനുള്ള ഉത്തരമാണ് ദ ടൊയോട്ട വേ.

ദ ടൊയോട്ട വേ 

കര്‍ണ്ണാടകത്തിലെ ബിഡഡിയിലാണ് ടൊയോട്ടയുടെ നിര്‍മാണശാല. ഏകദേശം 430 ഏക്കറിലായി പരന്നു കിടക്കുന്ന പ്ലാന്റ് ടൊയോട്ടയുടെ ലോകത്തിലെ ഏറ്റവും മികച്ച നിര്‍മാണ ശാലകളിലൊന്നാണ്. പ്രകൃതിയേയും ഒരു വ്യക്തിയായി കണ്ട് തന്നെയാണ് കമ്പനിയുടെ എല്ലാതരം പ്രവര്‍ത്തനങ്ങളും. മാലിന്യങ്ങള്‍ പരമാവധി കുറയ്ക്കുക, ഒരിക്കല്‍ ഉപയോഗിച്ച വെള്ളം ശുദ്ധീകരിച്ച് വീണ്ടും ഉപയോഗിക്കുക അതുവഴി വെള്ളം പരമാവധി സംരക്ഷിക്കുക തുടങ്ങിയവ ടൊയോട്ട വേയില്‍ ചിലത് മാത്രം. മഴവെള്ള സംഭരണിയും വാട്ടര്‍ പ്യൂരിഫിക്കേഷന്‍ പ്ലാന്റുമുള്ളതുകൊണ്ട് കുടിക്കാനും ഭക്ഷണം പാകം ചെയ്യാനുമുള്ള വെള്ളം മാത്രമാണ് പുറത്തു നിന്നും വില കൊടുത്ത് വാങ്ങുന്നത്.

toyota-plant-4 Toyota Plant Bidadi Bangalore

ഗുരുകുലം 

കമ്പനിയില്‍ പുതുതായി ജോലിക്ക് പ്രവേശിക്കുന്നവര്‍ എല്ലാവരും ഗുരുകുലത്തിലൂടെ കടന്നുപോകുന്നു. ഇവിടെ നിന്നാണ് ടൊയോട്ടയുടെ ഉന്നത നിലവാരമുള്ള തൊഴിലാളികള്‍ പിറക്കുന്നത്. പതിനഞ്ചു ദിവസത്തെ പരിശീലനമാണ് ഗുരുകുലത്തില്‍ നല്‍കുന്നത്. അതില്‍ ഫണ്ടമെന്റല്‍ സ്‌കില്‍, എലമെന്ററി സ്‌കില്‍, സ്റ്റാന്റേഡൈസേഷന്‍ ട്രെനിങ് എന്നിവ ഉള്‍പ്പെടുന്നു. കൂടാതെ ഗുരുകുലത്തിലെ സ്‌കില്‍ ടെസ്റ്റില്‍ ഒന്നാം സ്ഥാനത്തെത്തുന്നവരെ തായ്ലാന്‍ഡില്‍ നടക്കുന്ന റീജിയണല്‍ സ്‌കില്‍ മത്സരങ്ങളില്‍ പങ്കെടുപ്പിക്കും. അതില്‍ലെ വിജയികള്‍ക്ക് ജപ്പാനില്‍ നടക്കുന്ന വേള്‍ഡ് ടൊയോട്ട സ്‌കില്‍ മത്സരത്തിലും പങ്കെടുക്കാന്‍ അവസരം ലഭിക്കും. ജീവനക്കാരുടെ തൊഴില്‍ നിലവാരത്തിനൊപ്പം തന്നെ അവരുടെ ആരോഗ്യത്തിനും സുരക്ഷയ്ക്കും ടൊയോട്ട പ്രധാന്യം കല്‍പ്പിക്കുന്നു. അതിനായി ശരീരത്തിന് അധികം ആയാസം നല്‍കാതെ സുരക്ഷിതമായി എങ്ങനെ ജോലി ചെയ്യാന്‍ സാധിക്കും എന്ന പരിശീലനവും ഗുരുകുലത്തിലൂടെ നല്‍കുന്നുണ്ട്.

toyota-plant-3 Toyota Plant Bidadi Bangalore

അസംബ്ലിങ് ലൈന്‍ 

ഇന്ത്യയിൽ ടൊയോട്ടയ്ക്ക് രണ്ടു പ്ലാന്റുകളാണുള്ളത്. അതില്‍ ഒന്നില്‍ ഇന്നോവയും ഫോര്‍ച്യൂണറും നിര്‍മിക്കുമ്പോള്‍ രണ്ടമത്തേതിൽ എറ്റിയോസ്, ലിവ, ആള്‍ട്ടിസ് തുടങ്ങിയ കാറുകള്‍ നിര്‍മിക്കുന്നു. ഇരു പ്ലാന്റുകള്‍ക്കും കൂടി വര്‍ഷം 320000 വാഹനങ്ങള്‍ പുറത്തിറക്കാനുള്ള കപ്പാസിറ്റിയുണ്ട്.  ചെയ്‌സിസ്, എന്‍ജിന്‍, ബോഡി തുടങ്ങി വാഹനത്തിന്റെ എല്ലാ ഘടകങ്ങളും കൂട്ടിചേര്‍ക്കപ്പെടുന്നത് അസംബ്ലി ലൈനില്‍ വെച്ചാണ്. അതുകൊണ്ട് തന്നെ ഒരു വാഹന നിര്‍മാണ ശാലയുടെ സുപ്രധാന മേഖലയാണ് അസംബ്ലി ലൈന്‍.  പെയിന്റ് ഷോപ്പില്‍ നിന്ന് കണ്‍വെയര്‍ ബെല്‍റ്റ് വഴിയെത്തുന്ന ബോഡിയില്‍ സീറ്റും ഇന്‍രീയര്‍ ഘടകങ്ങളും ഘടിപ്പിക്കുന്നത് ട്രിം ലൈനില്‍ വെച്ചാണ്. 

ചെയ്‌സിസും എന്‍ജിനും ടയറുകളും ഘടിപ്പിക്കുന്നതിനെ ചെയ്‌സിസ് ലൈനെന്നും വിന്‍ഡ് ഷീല്‍ഡും മറ്റു ഘടകങ്ങളും ഘടിപ്പിക്കുന്നതിനെ ഫൈനല്‍ ലൈനെന്നും വിളിക്കുന്നു. കൂടാതെ രണ്ട് വ്യത്യസ്ത തരം ഇന്‍സ്‌പെക്ഷനും അസംബ്ലി ലൈനില്‍ നടക്കുന്നു. ട്രിം ഇന്‍സ്‌പെഷനില്‍ തൊഴിലാളികള്‍ തന്നെ വാഹനത്തിന്റെ ഘടകങ്ങള്‍ പരിശോധിക്കുമ്പോള്‍ ഫങ്ഷണല്‍ ലൈനില്‍ വെള്ളം വാഹനത്തിന്റെ ഉള്ളില്‍ പ്രവേശിക്കുന്നുണ്ടോ എന്നു പരിശോധിക്കും. ഇതുകൂടാതെ അസംബ്ലി ലൈനില്‍ എതെങ്കിലും ഭാഗങ്ങള്‍ ഘടിപ്പിച്ചതില്‍ തകരാറുണ്ടെങ്കില്‍ നിര്‍മാണം നിര്‍ത്തിവെയ്ക്കാനുള്ള സൗകര്യവുമുണ്ട് പ്ലാന്റില്‍. അതായത് ഒരോ കാറുകളും പൂര്‍ണ്ണതയിലെത്തിയതിന് ശേഷം മാത്രമേ അസംബ്ലി ലൈനില്‍ നിന്ന് പുറത്തേയ്ക്ക് വരാറുള്ളു.

ഒരോ 67 സെക്കന്റിലൂം ഒരു വാഹനം പുറത്തിറക്കാനുള്ള കപ്പാസിറ്റിയുണ്ടെങ്കിലും നിലവില്‍ 465 സെക്കന്റിലാണ് ഒരു വാഹനം പുറത്തിറങ്ങുന്നത്. മറ്റ് വാഹന നിര്‍മാതാക്കളില്‍ നിന്ന് വ്യത്യസ്തമായി ബുക്കിങ്ങുകൾക്ക് അനുസരിച്ച് മാത്രമേ വാഹനങ്ങള്‍ നിര്‍മിക്കു എന്ന പ്രത്യേകതയും ടൊയോട്ടയ്ക്കുണ്ട്.

ടൊയോട്ട ടെക്‌നിക്കല്‍ ട്രെയിനിങ് ഇന്‍സ്റ്റിറ്റ്യൂട്ട് 

ടൊയോട്ടയുടെ കോര്‍പ്പറേറ്റ് സോഷ്യല്‍ റെസ്‌പോണ്‍സെബിലിറ്റി (സിഎസ്ആര്‍) പ്രോഗ്രാമിന്റെ ഭാഗമായി 2007 ലാണ് ടൊയോട്ട ടെക്‌നിക്കല്‍ ട്രെയിനിങ് ഇന്‍സ്റ്റ്യൂട്ട് സ്ഥാപിതമാകുന്നത്. കര്‍ണ്ണാടക സംസ്ഥാനത്തെ സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കുവേണ്ടിയാണ് ടിടിടിഐ സ്ഥാപിച്ചിരിക്കുന്നത്. പൂര്‍ണ്ണമായും സൗജന്യമായാണ് ഇവിടുത്തെ വിദ്യാഭ്യാസം. ടെസ്റ്റില്‍ പാസാകുന്ന 64 വിദ്യാര്‍ഥികള്‍ക്കാണ്് ഒരു ബാച്ചില്‍ അഡ്മിഷന്‍ ലഭിക്കുക. മൂന്നു വര്‍ഷമാണ് കോഴ്‌സിന്റെ കാലാവധി. ഇതുവരെ 450 വിദ്യാര്‍ത്ഥികള്‍ ടിടിടിഐയില്‍ നിന്ന് പുറത്തിറങ്ങിയിട്ടുണ്ട്. നൂറു ശതമാനം ജോലി സാധ്യത ടിടിടിഐ ഉറപ്പു വരുത്തുന്നു. 

toyota-plant-1 Toyota Plant Bidadi Bangalore

സോളാര്‍ പ്ലാന്റ് 

പൂര്‍ണ്ണമായും സോളാറില്‍ പ്രവര്‍ത്തിക്കുന്ന പ്ലാന്റായി മാറാനാണ് ടൊയോട്ടയുടെ പദ്ധതി. ഇതിന്റെ ആദ്യഘട്ടമെന്ന നിലയ്ക്ക് 3 മെഗാവാട്ട് വൈദ്യുതി ഉത്പാദിപ്പിക്കുന്ന പ്ലാന്റ് തയ്യാറായി വരുന്നു. 2020 കൂടി 50 ശതമാനവും 2035 ല്‍ പൂര്‍ണ്ണമായും സൗരോര്‍ജത്തില്‍ പ്രവര്‍ത്തിക്കുന്ന വാഹന നിര്‍മാണ ശാലയാകുകയാണ് ലക്ഷ്യം. 

Your Rating: