ഇരുപതിലധികം (അച്ചടി) ഭാഷകളും, അതിലേറെ സംസാരഭാഷകളും ഉള്ള ഇന്ത്യ തികച്ചും ഒരു വൈവിധ്യങ്ങളുടെ രാജ്യമാണ്. അമ്പലങ്ങളും ക്രിസ്ത്യൻ പള്ളികളും മോസ്കുകളും ഗുരുദ്വാരകളും ഏറെ കാണപ്പെടുന്ന ഈ നാട് നാനാജാതി മതസ്തരുടെയും തറവാടാണ്. ഗ്രാമങ്ങൾ തമ്മിലും നഗരങ്ങൾ തമ്മിലും ഈ വ്യത്യാസം കാണപ്പെടുന്നു. എന്നാൽ നാനാത്വത്തിലെ ഏകത്വം പോലെ ഇന്ത്യക്കാരെ മുഴുവൻ കൂട്ടിചേർക്കുന്ന ഒരു കണ്ണിയുണ്ട് ഹിന്ദുസ്ഥാൻ അംബാസഡർ.
കുറച്ചു നാളുകൾക്ക് മുമ്പ് അംബാസിഡർ കാറുകളുടെ നിർമാണം നിർത്തിയെങ്കിലും ഇന്നും ജനപ്രിയതയിൽ ഏറെ മുന്നിലാണ് ഈ കാർ. ഏകദേശം ആറു പതിറ്റാണ്ടോളം, കൃത്യമായി പറഞ്ഞാല്‍ 56 വർഷം, ഇന്ത്യൻ നിരത്തുകളിൽ അടക്കിവാണതിനു ശേഷമാണ് അംബാസിഡർ വിടവാങ്ങുന്നത്. ഇതു തന്നെയാണ് ഈ കാറിനെ ഇത്ര ജനപ്രിയമാക്കുന്നതും. അത്യാകർഷക രൂപകൽപനയോ, മെച്ചപ്പെട്ട സാങ്കേതികവിദ്യയോ അവകാശപ്പെടാനില്ലാത്ത ഈ കൊച്ചു സുന്ദരൻ ജനഹൃദയങ്ങളെ കീഴടക്കിയതെങ്ങനെയെന്നത് ഇന്നും തികച്ചുമൊരത്‍ഭുതമാണ്.
പുതുതലമുറ കാറുകളുടെ ആഗമനത്തിലും ഹ്യൂണ്ടേയ്, മാരുതി പോലുള്ള വാഹന നിർമാതാക്കളുടെ ജനപ്രിയതയിൽ അതിജീവിക്കാനാകാതെ വന്നതോടെയാണു കമ്പനി നിരത്തുകളിൽനിന്ന് അംബാസിഡറിനെ പിൻവലിച്ചത്.
പോർഷെ 911, ഷെവർലെ കോർവെറ്റ്, ഫോക്സ്‌വാഗൻ ബീറ്റിൽ, മിനി തുടങ്ങി അരനൂറ്റാണ്ടിലേറെ നിരത്തുകളിൽ സജീവ സാന്നിധ്യമായി നിലകൊണ്ട വാഹനങ്ങള്‍ അധികമില്ല. എന്നാൽ ഇവയുടെ പുതുമോഡലുകളും ആദ്യമോഡലുകളും തമ്മിൽ അജഗജാന്തര വ്യത്യാസമുണ്ടെന്നതു ശ്രദ്ധേയമാണ്. എൻജിൻ സാങ്കേതികവിദ്യ എന്നിവയിൽ മാത്രമല്ല രൂപകൽപനയിലും വ്യത്യാസം പ്രകടമാണ്. എന്നാൽ 2014 ൽ പുറത്തിറങ്ങിയ അംബാസിഡറും 1957 ൽ പുറത്തിറങ്ങിയ അംബാസിഡറും തമ്മിൽ കാര്യമാത്ര വ്യത്യാസം ഇല്ലെന്നതു ശ്രദ്ധേയമാണ്. പ്രത്യേകിച്ചും രൂപകൽപനയിൽ. എന്‍ജിൻ, ട്രാൻസ്മിഷൻ സിസ്റ്റം, ബ്രേക്കുകൾ, അകത്തളം എന്നിവയിൽ മെച്ചപ്പെടുത്തലുകൾ ദൃശ്യമായിരുന്നുവെങ്കിലും രൂപകൽപന പഴയതിനോട് വളരെയധികം സാദൃശ്യം പുലർത്തി.
കുണ്ടും കുഴിയും നിറഞ്ഞ ഇന്ത്യൻ റോഡിലും മികച്ച നിയന്ത്രണം നൽകിയിരുന്നു എന്നതാണ് അംബാസിഡറിനെ പ്രമുഖരുടെ പോലും പ്രിയവാഹനമായി മാറ്റിയത്. ഏതൊരാൾക്കും അനായാസം കൈകാര്യം ചെയ്യാവുന്നത്ര സിംപിളാണ് കാറിന്റെ ഇലക്ട്രോണിക്സ്. ഒരു സ്പാനറും, സ്ക്രൂഡ്രൈവറും ചെറിയൊരു ചുറ്റികയും മതി അംബാസിഡറിന്റെ കേടുപാടുകൾ നീക്കാനെന്നുപോലും പറയപ്പെട്ടിരുന്നത് ഇതു മൂലമാണ്.
1980-കൾ വരെ നിരത്തിൽ അംബാസിഡറിനു കാര്യമായ എതിരാളികൾ ഉണ്ടായിരുന്നില്ല. പ്രീമിയർ പദ്മിനി എന്ന പേരിലറിയപ്പെട്ട ഫിയറ്റ് 1100, ഫിയറ്റ് 124 (പ്രീമിയർ 118 എൻ ഇ) മോഡലുകളാണ് ആദ്യമായെത്തിയ എതിരാളികൾ. എന്നാൽ ശക്തമായ തിരിച്ചടി നേരിട്ടത് 1983 ൽ മാരുതി 800 പുറത്തിറങ്ങിയതോടെയാണ്. മികച്ച ഇന്ധനക്ഷമതയും അന്നു ലഭ്യമായ ഏറ്റവും നൂതന സാങ്കേതികവിദ്യയും ഉപയോഗിക്കുന്ന മാരുതി 800 വന്നതോടെ അംബാസിഡറിന്റെ ജനപ്രീതിയിൽ കാര്യമായ കുറവുണ്ടായി. 1990 കളുടെ ആരംഭം മുതൽ ടൊയോട്ട, മിറ്റ്സുബിഷി, ഹ്യൂണ്ടേയ് തുടങ്ങിയ കമ്പനികളും ഇന്ത്യയിൽ സാന്നിധ്യമുറപ്പിച്ചതോടെ വിപണിയിൽ അംബാസിഡറിനു ശക്തമായ തിരിച്ചടി നേരിട്ടു തുടങ്ങി. ടാക്സിക്കാറായും സർക്കാർ വാഹനമായും ആളുകൾ അംബാസിഡർ ഉപയോഗിച്ചിരുന്നതു മൂലം മാത്രമാണ് ഇക്കാലയളവിൽ അംബാസിഡർ പിടിച്ചുനിന്നത്. ഇതിലൂടെ ഏതാനും വർഷങ്ങൾ കൂടെ വലിയ കുഴപ്പമില്ലാതെ മുന്നോട്ടുപോകുവാൻ അംബാസിഡറിനായി.
അരനൂറ്റാണ്ടിലേറെ നീളുന്ന കാലയളവിൽ ഏതാനും തവണ പരിഷ്കാരങ്ങൾക്കു വിധേയമായിട്ടുണ്ട് അംബാസിഡർ. മുന്നിൽ ബക്കറ്റ് സീറ്റുകൾ എത്തുന്നത് 1979-ലാണ്. ഉയരംകുറഞ്ഞ ഡ്രൈവർമാർക്ക് കുഷ്യൻ ഇല്ലാതെ വാഹനമോടിക്കാനാകില്ല എന്നതായിരുന്നു ഇതിന്റെ പ്രധാന പോരായ്മ. സ്റ്റിയറിങ് നിയന്ത്രിക്കുന്നതിന് അധികബലം നൽകേണ്ടിയിരുന്നു. നാലു സ്പീഡ് മാനുവൽ ഗിയർ സിസ്റ്റം ഉപയോഗിക്കുന്നതും അത്ര എളുപ്പമായിരുന്നില്ല. ആദ്യഗിയറിൽ 10 മുതൽ 15 കിലോമീറ്റർ പരമാവധി വേഗതയാണു ലഭിച്ചിരുന്നത്. ഇതുമൂലം രണ്ടാം ഗിയർ ഉടൻതന്നെ മാറ്റേണ്ടിവന്നിരുന്നു.
പഴയ എൻജിനു പകരം 1.5 ലിറ്റർ ഓസ്റ്റിൻ ഡിസൈൻഡ് എൻജിൻ നൽകിയതാണ് മറ്റൊരു പ്രധാന മാറ്റം. 51 ബിഎച്ച്പി കരുത്തുറ്റതാണ് ഈ എൻജിൻ. നാലു സ്പീഡ് മാനുവൽ ഗിയർ ട്രാൻസ്മിഷനു പകരം അഞ്ചു സ്പീഡ് ട്രാൻസ്മിഷനും ഇടംപിടിച്ചു. ഗിയർബോക്സ് സ്ഥാനത്തിനും മാറ്റമുണ്ടായി. മുൻ ബോർഡിൽ നിന്നും താഴെയെത്തി ഗിയർബോക്സ്. ഈ മാറ്റങ്ങൾക്കും പക്ഷേ അംബാസിഡറിനെ രക്ഷിക്കാനായില്ല. ഒരു കാലത്തു ആഡംബരത്തിന്റെയും പ്രൗഡിയുടെയും പ്രതീകമായി നിലകൊണ്ട അംബാസിഡർ ഇന്നും ഏറെപ്പേരുടെ പ്രിയപ്പെട്ട വാഹനം തന്നെ. എന്നാൽ ഈ പ്രിയം എല്ലാവരുടെയും നൊസ്റ്റാൽജിയൻ സ്വപ്നങ്ങളിൽ മാത്രം ഒതുങ്ങുന്നു.