ധീരതയുടെയും സാഹസികതയുടെയും ശക്തിയുടെയും പ്രതീകമാണ് ടാങ്കുകൾ. ഒരു രാജ്യത്തിന്റെ സുരക്ഷയിൽ ഈ യന്ത്രഭീമന് നിർണായകമായ പങ്കുണ്ട്. ടാങ്ക് യുദ്ധഭൂമിയിലെ നിർണായക സ്ഥാനം നേടിയിട്ട് ഒരു നൂറ്റാണ്ട് തികയുകയാണ്. ഒന്നാം ലോകമഹായുദ്ധമാണ് ടാങ്കിന്റെ കണ്ടുപിടിത്തത്തിനു കാരണമായത്. ആദ്യമായി ടാങ്കുകൾ യുദ്ധത്തിന് ഉപയോഗിച്ചുതുടങ്ങിയത് 1916ൽ ആയിരുന്നു. ഒന്നാം ലോകമഹായുദ്ധത്തിൽ ജർമൻ മുന്നേറ്റത്തെ തടയാൻ ബ്രിട്ടീഷുകാരാണ് ആദ്യമായി ടാങ്ക് നിർമിച്ചത്. ബ്രിട്ടീഷ് യുദ്ധതന്ത്രജ്ഞനായിരുന്ന ഇ.ഡി സ്വിൻടൺ, മൗറിസ് ഹാൻക്കി എന്നിവരുടെ പ്രയത്നത്താലാണ് ടാങ്ക് രൂപം കൊള്ളുന്നത്.
മാർക്ക് -1 എന്നു നാമകരണം ചെയ്യപ്പെട്ട ടാങ്ക് മനുഷ്യർക്ക് കടന്നുചെല്ലാൻ പ്രയാസമായ യുദ്ധരംഗങ്ങളിൽ ഉപയോഗിക്കാൻ കഴിയുന്ന ആയുധം എന്ന നിലയ്ക്കാണ് ആദ്യം വികസിപ്പിച്ചെടുത്തത്. ശത്രുരാജ്യത്തിന്റെ ഒളിത്താവളങ്ങൾ തിരഞ്ഞുപിടിച്ചാക്രമിക്കാനും മൈൻ സ്ഫോടനങ്ങളെ അതിജീവിക്കാനും ഏതു പ്രതലത്തിലൂടെയും സഞ്ചരിക്കാമെന്നതും ടാങ്ക് സൈന്യത്തിനു പ്രിയങ്കരമായി. 1918 ൽ ആണ് ടാങ്കുകൾ നേരിട്ട് ഏറ്റുമുട്ടുന്ന യുദ്ധം അരങ്ങേറുന്നത്. ബ്രിട്ടനും ജർമനിയും തമ്മിൽ.1917 ൽ ഫ്രാൻസും സ്വന്തമായി ടാങ്ക് വികസിപ്പിച്ചെടുത്തു. റെനോ എഫ്ടി 17 ആറ് ടൺ ഭാരം, 37 എം എം ഗൺ, മണിക്കൂറിൽ എട്ടു കിലോമീറ്റർ വേഗം- ഇതൊക്കെയാണ് എഫ്ടി 17 ന്റെ പ്രത്യേകതകൾ
അമേരിക്ക, ഇറ്റലി എന്നീ രാജ്യങ്ങൾ ആദ്യകാലങ്ങളിൽ റെനോ ടാങ്കുകളാണ് ഉപയോഗിച്ചിരുന്നത്. അമേരിക്കൻ ഓട്ടമോട്ടീവ് എൻജിനിയറായിരുന്ന ജെ വാൾട്ടർ ക്രൈസ്റ്റ് മികച്ച സ്പീഡും പെർഫോമൻസും കാഴ്ചവയ്ക്കുന്ന സസ്പെൻഷൻ സിസ്റ്റം വികസിപ്പിച്ചെടുത്തു. എം 1919 ടാങ്ക് ഒൻപത് ടൺ ഭാരം വഹിക്കുന്നതും മണിക്കൂറിൽ 27 കി മീ വേഗത്തിൽ സഞ്ചരിക്കാൻ കഴിയുന്നതുമായിരുന്നു. പക്ഷേ യു എസ് ആർമി അതുപേക്ഷിച്ചു. എന്നാൽ വാൾട്ടറിന്റെ ഡിസൈൻ പിന്തുടർന്ന് സോവിയറ്റ് യൂണിയൻ നാൽപതുകളിൽ വികസിപ്പിച്ചെടുത്ത ടാങ്കാണ് ടി 34. 76.2 എം എം ഗൺ 34 കിലോമീറ്ററിന്റെ ഉയർന്ന വേഗം, ഭാരം 29 ടൺ. രണ്ടാം ലോക യുദ്ധത്തിലും കൊറിയൻ യുദ്ധത്തിലും ഈ ടാങ്ക് പങ്കെടുത്തിട്ടുണ്ട്. രണ്ടാം ലോകമഹായുദ്ധത്തിൽ ഹിറ്റ്ലറിന്റെ നേതൃത്വത്തിലുളള ജർമനി പൻസർ സീരീസിലുള്ള ടാങ്കുകൾ വികസിപ്പിച്ചെടുത്തിരുന്നു.
ലോകത്തിലെ ഏറ്റവും പ്രധാനപ്പെട്ട എംടിബി (മെയിൻ ബാറ്റിൽ ടാങ്ക്) ടാങ്കുകൾ
ലെപാഡ് 2 എ7 (ജർമനി)
1979 മുതൽ ജർമൻ സൈന്യത്തോടൊപ്പം കൂട്ടത്തിൽ ഏറ്റവും പഴക്കം ചെന്നതെങ്കിലും ലോകത്തിലെ ഏറ്റവും മികച്ച പത്തു ടാങ്കുകളിൽ ഒന്ന്. ലെപാഡ് ശ്രേണിയിലെ ഏറ്റവും ആധുനിക ടാങ്കാണ് 2എ7. ഇറാക്ക് യുദ്ധത്തിൽ ഇത് ഉപയോഗിച്ചിട്ടുണ്ട്. 120 എം എം ഓട്ടോലോഡഡ് ഗൺ, മിസൈൽ തൊടുത്തുവിടാനുള്ള കഴിവ്, ലേസർ രശ്മികൾ വഴി അഞ്ചു കിലോമീറ്റർ ചുറ്റളവിലുള്ള പ്രതിബന്ധങ്ങൾ മനസിലാക്കി അതു തകർക്കാൻ ശേഷിയുണ്ട്. ഇന്റഗ്രേറ്റഡ് കമാൻഡ്, ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, ശത്രുരാജ്യങ്ങളുടെ ടാങ്കുകളെ തകർക്കാനുള്ള ശേഷി എന്നിവ ലെപാഡ് 2എ 7ന് ഉണ്ട്. 1500 എച്ച് പി കരുത്തുള്ള ഡീസൽ എൻജിനാണ് ലെപാഡിൽ.
െക 2 ബ്ലാക്ക് പാന്തർ
ലോകത്തുള്ളതിൽ ഏറ്റവും ആധുനിക ടാങ്കാണ് ദക്ഷിണ കൊറിയ സ്വയം വികസിപ്പിച്ചെടുത്ത കെ 2 ബ്ലാക്ക് പാന്തർ. 2013-14 ആണ് കൊറിയൻ സേനയ്ക്കൊപ്പം ചേരുന്നത്. 1500 എച്ച് പിയുടെ ജർമൻ ഡീസൽ എൻജിനാണ് ബാക്ക് പാന്തറിൽ. ഹൈഡ്രോ ന്യൂമാറ്റിക് സസ്പെൻഷൻ ഏതു പ്രതലത്തിലും സഞ്ചരിക്കാൻ കെൽപ്പുള്ളവനാക്കുന്നു. കൃത്യതയുള്ളതും മികച്ച ഫയറിങ് കപ്പാസിറ്റിയുമുള്ള 120 എം എം സ്മൂത്ത്ബോർ ഗൺ ഒരു മിനിറ്റിൽ 10 റൗണ്ട് തീ തുപ്പാൻ ശേഷിയുള്ളതാണ്. അത്യാധുനിക ഫയർ കൺട്രോൾ സിസ്റ്റം വഴി ശത്രു ടാങ്കുകളെ ഓട്ടമാറ്റിക്കായി ട്രാക്ക് ചെയ്യാനും കൃത്യമായ സ്ഥാനം മനസിലാക്കി ഫയർ ചെയ്യാനും സാധിക്കും. മനുഷ്യസഹായമില്ലാതെ തന്നെ പ്രവർത്തിക്കാൻ കഴിവുള്ള ഇവയ്ക്ക് താഴ്ന്നു പറക്കുന്ന ഹെലികോപ്റ്ററുകളെ ഉന്നം വയ്ക്കാനും ശേഷിയുണ്ട്.
എം1 എ2 എസ്ഇപി വി2 (യുഎസ്എ)
എം1എം2 ടാങ്ക് ശ്രേണിയിലെ ആധുനികൻ. 1980 മുതൽ ഈ ശ്രേണിയിൽപ്പെട്ട ടാങ്കുകൾ യു എസ് ആർമിയിൽ ഉപയോഗിച്ചുവരുന്നുണ്ട്. 120 എം എം സ്മൂത്ത് ബോർഓട്ടോലോഡഡ് ഗൺ, 12 കിമീ പരിധിയിലുള്ള ലക്ഷ്യങ്ങൾ ഉന്നം വയ്ക്കാൻ സാധിക്കും. സ്റ്റീൽ, സിറാമിക്, പ്ലാസ്റ്റിക്, കെവ്‌ലർ ഘടകങ്ങൾക്കൊണ്ടാണ് സംരക്ഷിതകവചം നിർമിച്ചിരിക്കുന്നത്. അത്യാധുനിക ജിപിഎസ് സിസ്റ്റം , ചുറ്റുപാടും വ്യക്തമായി വീക്ഷിക്കുന്നതിന് മികച്ച ഡിസ്പ്ലെ. മറ്റു സഹ ടാങ്കുകളുമായി സംവദിക്കാൻ പറ്റും. റിമോട്ട് ഉപയോഗിച്ച് പ്രവർത്തിപ്പിക്കാവുന്ന ആയുധ ശേഖരം എന്നിവയെല്ലാം ഇതിലുണ്ട്.
ചലഞ്ചർ 2 (ബ്രിട്ടൻ)
1998 മുതൽ ബ്രിട്ടീഷ് സൈന്യത്തിന്റെ ഭാഗമാണ് . ലോകത്തിലെ ഏറ്റവും മികച്ച സംരക്ഷിത കവചമുള്ള ടാങ്കാണിത്. റോക്കറ്റ് പ്രൊപ്പല്ലർ മിസൈലുകളെപ്പോലും ചെറുക്കാൻ കഴിയും. ഇതുവരെ ഒരേയൊരു ചലഞ്ചർ ടാങ്ക് മാത്രമേ തകർന്നിട്ടുള്ളൂ. കൃത്യതയുള്ള 120 എംഎം സ്മൂത്ത്ബോർമാന്വൽ ഗൺ ആണിതിനുള്ളത്. അഞ്ച് കിലോമീറ്റർ പരിധിയിലുള്ളവ ലക്ഷ്യം വയ്ക്കാൻ ഇവയ്ക്കു കഴിയും.
അർമദ(റഷ്യ)
റഷ്യയുടെ ഏറ്റവും പുതിയ എംടിബിയാണ് അർമദ. 2011ൽ ഉപയോഗിച്ചു തുടങ്ങിയെങ്കിലും കഴിഞ്ഞ വർഷമാണ് അർമദ ജനങ്ങൾക്കു മുന്നിൽ പ്രദർശിപ്പിച്ചത്.2017-18 ടെ പൂർണമായും റഷ്യൻ സേനയുടെ ഭാഗമാകും. ടി-90യുടെ ചില സൗകര്യങ്ങൾ ഇതിലും ഉൾപ്പെടുത്തിയിട്ടുണ്ട്. മൂന്ന് പേരടങ്ങുന്നതാണ് ക്രൂ. ഇവർക്കായി പ്രത്യേക സെൽ ഇതിലുണ്ട്. എക്സ്പ്ലോസീവ് റിയാക്ടീവ് ആംമോർ, 125 എംഎം ഓട്ടോലോഡഡ് ഗൺ ആന്റി -ടാങ്ക് ഗൈഡഡ് മിസൈൽ തുടങ്ങിയവയുണ്ട്. 1200 എച്ച് പി കരുത്തുള്ള ഡീസൽ എൻജിനാണിതിൽ.
െമർക്കാവ 4 (ഇസ്രയേൽ)
ഇസ്രയേൽ ഡിഫൻസ് ഫോഴ്സ് രൂപകൽപന ചെയ്തതാണ് മെർക്കാവ സീരീസ് ടാങ്കുകൾ. നാല് ക്രൂ മെമ്പേഴ്സ് കൂടാതെ ആയുധങ്ങൾ ലോഡ് ചെയ്യാത്തപ്പോൾ 10 സൈനികരെക്കൂടി ഉൾക്കൊള്ളാൻ ടാങ്കിനു കഴിയും. അഴിച്ചുമാറ്റാനും തിരികെ ഘടിപ്പിക്കാനും കഴിയുന്ന പ്രത്യേകം രൂപകൽപന ചെയ്ത സംരക്ഷിത കവചം ഇതിന്റെ പ്രത്യേകതയാണ്. ടാങ്കിനെതിരെയുള്ള ആക്രമണങ്ങൾ, ആന്റി-ടാങ്ക് മിസൈൽ, റോക്കറ്റ് ആക്രമണം എന്നിവയെക്കുറിച്ച് മുൻകൂട്ടി മുന്നറിയിപ്പ് നൽകുന്ന ട്രോപ്പി സിസ്റ്റം, ഉയർന്ന സ്ഫോടകശേഷി 120എംഎം സ്മൂത്ത് ബോർ ഓട്ടമാറ്റിക് ഗൺ. ഇസ്രയേലിന്റെ തന്നെ ലഹാത് മിസൈൽ തൊടുത്തുവിടാനുള്ള കഴിവ് എന്നിവയെല്ലാം മെർക്കാവയെ മികവുറ്റതാക്കുന്നു.
ൈടപ്പ്് 10 (ടികെ–എക്സ്) (ജപ്പാൻ)
ലോകത്തിലെ ഏറ്റവും ആധുനികമായ സൈനിക ഉപകരണമെന്നു ടികെ-എക്സിനെ വിശേഷിപ്പിക്കാം. നെക്സ്റ്റ് ജനറേഷൻ ടാങ്ക് എന്നാണ് ടൈപ്പ് 10 (ടികെ-എക്സ്) അറിയപ്പെടുന്നത്. തൊണ്ണൂറുകളുടെ പകുതിയോടെയാണ് ജപ്പാൻ ടൈപ്പ് 10 ന്റെ നിർമാണത്തിലേർപ്പെടുന്നത്. 2012 മുതൽ ജാപ്പനീസ് സേനയുടെ ഭാഗമാണ്. ജപ്പാന്റെ മറ്റു ടാങ്കുകളെ അപേക്ഷിച്ച് പെട്ടെന്നുള്ള മൂവിങ്, ഫയർ ചെയ്യാനുള്ള ശേഷി, സുരക്ഷ എന്നിവയിൽ ബഹുദൂരം മുന്നിൽ സിവിടി ട്രാൻസ്മിഷനാണിതിന്. സസ്പെൻഷൻ ഹൈപ്പൊന്യൂമാറ്റിക് 120 എംഎം ഓട്ടോ ലോഡഡ് സ്മൂത്ത്ബോർഗൺ, ക്രൂ ആയി മൂന്നുപേർ മതി. സാധാരണ സ്റ്റീലിനെക്കാളും മൂന്നിരട്ടി കാഠിന്യമുള്ള നാനോ-ക്രിസ്റ്റർ സ്റ്റീൽകൊണ്ടാണ് സംരക്ഷണ കവചം നിർമിച്ചിരിക്കുന്നത്. അത്യാധുനിക സെൻസറുകൾ, ബാറ്റിൽ ഫീൽഡ് മാനേജ്മെന്റ് സിസ്റ്റം, മികച്ച വിസിബിലിറ്റി എല്ലാം ടികെ എക്സിൽ ഉണ്ട്.
എഎംഎക്സ്-56 ലെക്‌ലെർ (ഫ്രാൻസ്)
1992 മുതൽ ഫ്രഞ്ച് സേനയ്ക്കൊപ്പം ലോകത്തിലെ ഏറ്റവും ചെലവേറിയ യുദ്ധ ടാങ്ക് ആയാണ് ലെക്‌ലെറെ കണക്കാക്കുന്നത്. 120 എം എം ഓട്ടോലോഡഡ് സ്മൂത്ത് ഗൺ ആണിതിന്. ഒരു മിനിറ്റിൽ 12 റൗണ്ട് ഫയർ ചെയ്യാം. മിസൈൽ വാണിങ്ങ് സിസ്റ്റം, ആൻഡി പഴ്സനൽ ഗ്രനേഡ്, ശത്രുക്കളെ തെറ്റിദ്ധരിപ്പിക്കുന്നതിനുള്ള ഇൻഫ്രാറെഡ് വികിരണങ്ങൾ എന്നിവ ഇതിലുണ്ട്. ഡിജിറ്റൽ ഫയർ കൺട്രോൾ സിസ്റ്റം 30 സെക്കൻഡിനുള്ളിൽ ഒരേ സമയം ആറ് ലക്ഷ്യങ്ങൾ ഉന്നം വയ്ക്കാൻ കഴിയും. നാലു കിലോമീറ്ററിനുള്ളിലെ പ്രതിബന്ധങ്ങൾ തിരിച്ചറിയാൻ സഹായിക്കുന്ന ലേസർ ടെക്നോളജിയും ലെക്‌ലെറിലുണ്ട്. 1500 എച്ച് പി ഡീസൽ എൻജിനും ഹൈപ്പോന്യൂമാറ്റിക് സസ്പെൻഷനുമാണ് ഇതിന്
ടി–90 എം (റഷ്യ)
സോവിയറ്റ് ടാങ്കായ ടി–72 ന്റെ പരിഷ്കൃത രൂപമാണ് ടി–90. 1990 ൽ ആണ് ഇവ റഷ്യൻ സേനയുടെ അഭിവാജ്യ ഘടകമായത്. റെലിക്ട് എന്ന അത്യാധുനിക സ്ഫോടക ശേഷിയുള്ള ആംമോർ, ലേസർ, മിസൈൽ, എട്ടു സെക്കൻഡുകൾകൊണ്ട് ഓട്ടമാറ്റിക്കായി നിറയ്ക്കാവുന്ന 125 എംഎം സ്മൂത്ത്ബോർ ഗൺ, ഉഗ്രസ്ഫോടകശേഷിയുള്ളതും കൃത്യതയുമാണ് ഇതിന്റെ പ്രത്യേകത. റഷ്യ കൂടാതെ ഇന്ത്യ (620), അൾജീരിയ (305), അസെർബായജാൻ (20), തുർെമനിസ്ഥാൻ (40), െവനസ്വേല (100) രാജ്യങ്ങളിൽ ടി–90 ഉപയോഗിക്കുന്നുണ്ട്.
ടി–84 ഒപ്ലോട്ട് എം (യുക്രൈൻ)
യുക്രൈൻ േസാവിയറ്റ് യൂണിയനിൽ നിന്നു വേർപിരിഞ്ഞപ്പോൾ യുഎസ് എസ് ആറിന്റെ യുദ്ധടാങ്കുകൾ നിർമിക്കുന്ന കാർകോവ് ഫാക്ടറി യുക്രൈൻ അധീനതയിലായി. എം ടിബി വിഭാഗത്തിൽപ്പെട്ട ടി–80 യുഡി ടാങ്കുകളാണ് അവിടെ നിർമിക്കപ്പെട്ടിരിക്കുന്നത്. ടി–80 യെ അടിസ്ഥാനമാക്കി നിർമിച്ചതാണ് ടി–84 ഒപ്ലോട്ട് എം 125 എംഎം ഗൺ. മികച്ച ആയുധ ശേഖരം, ലേസർ ഗൈഡഡ് ആന്റി ടാങ്ക് മിസൈൽ എന്നിവയുണ്ട്. ബുള്ളറ്റുകളും ഷെല്ലുകളും എട്ടു സെക്കൻഡുകൾകൊണ്ട് ലോഡ് ചെയ്യും. ഫയർ കൺട്രോൾ സിസ്റ്റം വാഹനം മൂവ് ചെയ്യുന്ന സമയത്തും കൃത്യമായി പ്രവർത്തിക്കുന്നതിന് ബാലസ്റ്റിക് കൺട്രോൾ സിസ്റ്റമുണ്ട്