Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കാലൊടിഞ്ഞിട്ടും ബൈക്കോടിച്ചു, മരണത്തിന്റെ താഴ്‌വരയിലൂടെ

raid-de-himalaya-javeen-1 റെയ്‍ഡ് ഡി ഹിമാലയത്തിനിടെ ജെവീൻ

ഓരോ രോമകൂപത്തിലും തണുപ്പ് അരിച്ചിറങ്ങുമ്പോഴും സിരകളിൽ ലഹരിയായി പതഞ്ഞൊഴുകും മഞ്ഞുവഴികളിലൂടെയുള്ള ആ യാത്ര. ഉഗ്രഗിരിശൃംഗങ്ങള്‍ ചുറ്റി, കല്ലുകൾ ചിതറിക്കിടക്കുന്ന, മഞ്ഞു പടർന്ന മലമ്പാതകളിലൂടെയും അഗാധ ഗർത്തങ്ങളുടെ ഓരത്തിലൂടെയുമുള്ള ആ യാത്ര അവിസ്മരണീയ അനുഭവങ്ങളാകും സമ്മാനിക്കുക. ഓരോ പ്രാവശ്യവും മുമ്പു കണ്ടതിനെക്കാള്‍ അത്ഭുതങ്ങളും അപകടങ്ങളും ഒളിപ്പിച്ചുവെച്ചാണ് ഹിമാലയം കാത്തിരിക്കുന്നത്. ഹിമാലയത്തിലേക്ക് കോട്ടയം സ്വദേശി ജെവീന്റെ നാലാമത്തെ യാത്രയാണിത്. ആദ്യയാത്ര കന്യാകുമാരിയില്‍നിന്നു ലോകത്തിലെ ഏറ്റവും ഉയരത്തിലുള്ള ഖാർദൂംഗ്‌ ലാ പാസിലേക്കായിരുന്നെങ്കില്‍ രണ്ടാം യാത്ര കുടുംബത്തോടൊപ്പവും മൂന്നാം യാത്ര അതിര്‍ത്തി കടന്നു ഭൂട്ടാനിലേക്കുമായിരുന്നു.

raid-de-himalaya-javeen-5 റെയ്‍ഡ് ഡി ഹിമാലയ

നാലാം പ്രാവശ്യം ലോകത്തിലെ ഏറ്റവും ഉയരത്തില്‍ നടക്കുന്ന റാലിയില്‍ പങ്കെടുത്താണ് ഹിമവാന്റെ മടിത്തട്ടിലെത്തിയത്. ഒരുപക്ഷേ ബൈക്കില്‍ റെയ്ഡ് ഡി ഹിമാലയയില്‍ പങ്കെടുക്കുന്ന ആദ്യത്തെ മലയാളിയും ജെവീനായിരിക്കും. 

സാഹസികതയും വാഹനപ്രേമവും സമം ചേര്‍ന്ന ജെവീന്റെ ജീവിതത്തിലെ ഒരു സുപ്രധാന ഏടാണ് നവംബര്‍ ആദ്യ ആഴ്ചയിൽ കടന്നുപോയത്. കോട്ടയംകാര്‍ക്കു സുപരിചിതനാണ് ജെവീന്‍. കോട്ടയം ചാലുകുന്നില്‍ റോയല്‍ എന്‍ഫീല്‍ഡ് ഡീലര്‍ഷിപ്പ് നടത്തുന്ന ഈ വാഹനപ്രേമിയെക്കുറിച്ചു പറയാന്‍ കഥകള്‍ ധാരാളമുണ്ട്. മത്സരത്തിന്റെ പകുതിയില്‍ ബൈക്ക് കാലില്‍ വീണ് ഇടതുകാല്‍ ഒടിഞ്ഞെങ്കിലും മത്സരം ഉപേക്ഷിക്കാതെ നാലാമനായി ഫിനിഷ് ചെയ്തു. റെയ്ഡ് ഡി ഹിമാലയയിലെ തന്റെ ബൈക്കിങ് അനുഭവം ജെവീന്‍ പങ്കുവെയ്ക്കുന്നു 

റെയ്ഡ് ഡി ഹിമാലയ 

ലോകത്തിലെ ഏതൊരു വാഹനപ്രേമിയുടെയും സ്വപ്‌നമാണ് റെയ്ഡ് ഡി ഹിമാലയ‍. ലോകത്തിലെ ഏറ്റവും ദുര്‍ഘടം പിടിച്ച റാലികളിലൊന്ന്. ബൈക്കും കാറും എടിവികളുമെല്ലാം പങ്കെടുക്കുന്ന വാഹന മാമാങ്കം. മഞ്ഞു പുതച്ചു കിടക്കുന്ന മലനിരകള്‍. വളഞ്ഞുപുളഞ്ഞു പോകുന്ന ദുര്‍ഘടമായ പാതകള്‍. സമുദ്രനിരപ്പില്‍നിന്ന് ആറായിരം അടി ഉയരത്തിലായതിനാല്‍ ശ്വാസവായുവിന്റെ കടുത്ത ദൗര്‍ലഭ്യം. കണ്ണൊന്നടഞ്ഞാല്‍, ശ്രദ്ധയൊന്നു തെറ്റിയാല്‍, യാത്രികരെ സ്വീകരിക്കാന്‍ വായും പിളര്‍ന്ന് അഗാധമായ കൊക്കകള്‍ എന്നിങ്ങനെ സാഹസികരെ ഇരുകൈയും നീട്ടി ക്ഷണിക്കുന്ന എല്ലാമുണ്ട് ഈ റാലിയില്‍.

javeen ജെവീൻ

1999 ല്‍ ഹിമാലയന്‍ മോട്ടോഴ്സ് സ്‌പോര്‍ട്‌സ് ഹിമാലയന്‍ റാലി രണ്ടാമതും തുടങ്ങുന്നതു മുതല്‍ ജെവീൻ ആഗ്രഹിച്ചിരുന്നതാണ് അതിലെ പങ്കാളിത്തം. പക്ഷേ ഈ വര്‍ഷമാണ് അവസരം ലഭിച്ചത്. എട്ടു ലക്ഷത്തിലേറെ രൂപ അതിനായി ചെലവായി. റോയല്‍ എന്‍ഫീല്‍ഡിന്റെ ഷോറൂം നടത്തുന്നതുകൊണ്ട് സ്വന്തമായി സര്‍വീസ് ടീമും സ്‌പെയര്‍ പാര്‍ട്സുമുണ്ടായിരുന്നു. എന്നാല്‍ സാധാരണക്കാരെ സംബന്ധിച്ച് റെയ്ഡ് ഡി ഹിമാലയ അത്ര എളുപ്പമുള്ള കാര്യമല്ല. അപകടങ്ങള്‍ നിറഞ്ഞ മത്സരമാണ്.

ഇടതു കാലൊടിയുന്നത് അഞ്ചാം തവണ 

തൊണ്ണൂറുകളുടെ തുടക്കത്തില്‍ ഇന്ത്യയിലെ ഏറ്റവും പ്രശസ്ത റാലിയായിരുന്നു സിസേഴ്‌സ് റാലി. റാലി കാണാന്‍ പോയ ജെവീന്‍ തന്റെ യമഹ ആര്‍എക്‌സ് 100 ല്‍ റാലിയെ അനുഗമിച്ചു. അതിനിടെയാണ് ആദ്യമായി ഇടതുകാലൊടിഞ്ഞത്. അതു കണക്കാക്കാതെ ബൈക്കോടിച്ച് കോട്ടയം വരെയെത്തി. പിന്നീടു മൂന്നു പ്രാവശ്യം കൂടി കാല്‍ ഒടിഞ്ഞു. യാദൃശ്ചികമെന്നു പറയട്ടെ, മൂന്നും അടുത്തടുത്ത വർഷങ്ങളിൽ ഡിസംബര്‍ 31 നായിരുന്നു. ഇപ്പോള്‍ അഞ്ചാം പ്രാവശ്യമാണ് ഒടിവ്. റാലിയുടെ മൂന്നാം ദിനത്തിലാണ് അപകടം സംഭവിച്ചത്. ബാലന്‍സ് തെറ്റി ബൈക്ക് കാലില്‍ വീഴുകയായിരുന്നു.

raid-de-himalaya-javeen റെയ്‍ഡ് ഡി ഹിമാലയത്തിനിടെ ജെവീൻ

ഒടിഞ്ഞ കാലുമായി സഞ്ചരിച്ചത് 200 കിലോമീറ്റര്‍

മത്സരത്തില്‍ മൂന്നാം സ്ഥാനത്തു നില്‍ക്കുമ്പോഴാണ് അപകടം നടക്കുന്നത്. 74 കിലോമീറ്ററായിരുന്നു ആ സ്‌റ്റേജ്. സ്‌റ്റേജ് അവസാനിക്കുന്നതിന് 500 മീറ്റര്‍ മുമ്പാണ് ബൈക്കില്‍നിന്നു വീഴുന്നത്. ഏകദേശം 20 മിനിറ്റോളം അപ്പോള്‍ നഷ്ടമായി. തുടര്‍ന്ന് 200 കിലോമീറ്ററുള്ള രണ്ടാമത്തെ സ്‌റ്റേജും ഫിനിഷ് ചെയ്തു. അന്നു വൈകിട്ടാണ് റൈഡിനിടെയുള്ള അപകടത്തില്‍ കെടിഎം 500 ല്‍ മത്സരിച്ച പോള്‍ എന്ന റൈഡര്‍ മരിച്ചെന്നും മത്സരങ്ങള്‍ ഉപേക്ഷിച്ചെന്നും പ്രഖ്യാപിച്ചത്. മത്സരം ഉപേക്ഷിച്ചില്ലെങ്കില്‍ ഒടിഞ്ഞ കാലുമായി ലക്ഷ്യം പൂര്‍ത്തികരിക്കുമെന്ന നിശ്ചയദാര്‍ഢ്യമുണ്ടായിരുന്നു.

raid-de-himalaya-javeen-6 റെയ്‍ഡ് ഡി ഹിമാലയത്തിലെ മത്സരാർത്ഥികൾ

റാലി പൂര്‍ത്തിയാക്കാന്‍ സാധിച്ചതു തന്നെ വലിയ കാര്യം

പരുക്കു പറ്റിയില്ലായിരുന്നെങ്കില്‍ റാലിയില്‍ രണ്ടാമതായി ഫിനിഷ് ചെയ്‌തേനെ എന്നാണ് കരുതുന്നത്. വളരെ ദുര്‍ഘടം പിടിച്ച പാതയായിരുന്നു ആദ്യ മൂന്നു ദിവസങ്ങളിലും പിന്നിട്ടത്. രണ്ടാം ദിവസം മൂന്നാമതായാണ് ഫിനിഷ് ചെയ്തത്. മൂന്നാം ദിവസം തുടക്കം മുതല്‍ നന്നായി പെര്‍ഫോം ചെയ്യാന്‍ സാധിച്ചു. ആ ടെറൈനിലൂടെ ഏകദേശം 95 കിലോമീറ്റര്‍ വേഗം വരെ കൈവരിച്ചു. കൂടാതെ നാലു ബൈക്കുകളെ ഓവര്‍ടേക്ക് ചെയ്യാനും സാധിച്ചു. അല്‍പം അശ്രദ്ധയും രണ്ടാം സ്ഥാനത്തെങ്കിലും ഫിനിഷ് ചെയ്യാന്‍ സാധിക്കും എന്ന ആത്മവിശ്വാസവുമാണ് അപകടത്തില്‍ കലാശിച്ചത്. അപകടത്തില്‍പ്പെട്ടെങ്കിലും ആ ദിവസത്തെ മത്സരം പൂര്‍ത്തീകരിക്കാന്‍ സാധിച്ചു എന്നത് വലിയ കാര്യമാണ്. കാരണം ഓരോ വര്‍ഷവും മത്സരത്തില്‍ പങ്കെടുക്കുന്നവരില്‍ 25 ശതമാനം ആളുകള്‍ മാത്രമാണ് മത്സരം പൂര്‍ത്തിയാക്കാറ്. 

എന്തുകൊണ്ട് റോയല്‍ എന്‍ഫീല്‍ഡ് ഹിമാലയന്‍

raid-de-himalaya-javeen-4 റെയ്‍ഡ് ഡി ഹിമാലയത്തിനിടെ ജെവീൻ

ഇതേ ടെറൈനില്‍ ധാരാളം പരീക്ഷിച്ചു വിജയിച്ച വാഹനമാണ് ഹിമാലയന്‍. കൂടാതെ രണ്ടു മാസം മുമ്പ് ഹിമാലയന്‍ ബൈക്കുകളുടെ ഒരു ഓഫ് റോഡിങ് ഇവന്റ് നടത്തിയിരുന്നു. അതില്‍ നിന്നു കിട്ടിയ ഒരു ആത്മവിശ്വാസമാണ് ഈ ബൈക്ക് തന്നെ തിരഞ്ഞെടുക്കാന്‍ പ്രേരിപ്പിച്ചത്. കൂടാതെ റോയല്‍ എന്‍ഫീല്‍ഡിന്റെ ഡീലറായതുകൊണ്ട് സ്വന്തം സര്‍വീസ് ടീമുമായാണു പോയത്. 

ഹിമാലയന്‍ അല്ലെങ്കില്‍ മാച്ചിസ്‌മോ 500

മാച്ചിസ്‌മോ 500 സിസി ബൈക്കിലാണ് രണ്ടു പ്രാവശ്യവും ഹിമാലയത്തില്‍ പോയത്. റോയല്‍ എന്‍ഫീല്‍ഡ് ഹിമാലയന്‍ ബൈക്ക് പുറത്തിറക്കിയിരുന്നില്ലെങ്കില്‍ മാച്ചിസ്‌മോയില്‍തന്നെ ഇത്തവണയും റെയ്ഡ് ഡി ഹിമാലയയില്‍ പങ്കെടുത്തേനേ.

വാഹനക്കമ്പം ജീവിതത്തിന്റെ ഭാഗം

കോട്ടയത്ത് ആദ്യത്തെ ബൈക്ക് എന്റെ അച്ഛന്റെയായിരുന്നു. എട്ടാം ക്ലാസില്‍ പഠിക്കുമ്പോഴാണ് ആദ്യമായി ബൈക്ക് ഓടിക്കാന്‍ പഠിക്കുന്നത്. അന്നുതൊട്ട് വാഹനത്തോടു കമ്പമുണ്ട്. വര്‍ഷം തോറും അതു കൂടുന്നതല്ലാതെ കുറയുന്നില്ല. 1992 ലായിരുന്നു ആദ്യമായി ഒരു റാലിയിൽ പങ്കെടുക്കാന്‍ പോകുന്നത്. പക്ഷേ അന്നു ചില സാങ്കേതിക കാരണങ്ങളാല്‍ റാലി നടന്നില്ല. പിന്നീട് കേരളത്തിന് അകത്തും പുറത്തുമുള്ള പല റാലികളിലും പങ്കെടുത്തിട്ടുണ്ട്. 1997 ലാണ് അവസാനമായി റാലിയില്‍ പങ്കെടുത്തത്. അന്ന് നാവിഗേറ്ററായി വന്നത് ഭാര്യ അനുവായിരുന്നു. പിന്നീട് ഓഫ് റോഡ് ഇവന്റുകളില്‍ പങ്കെടുത്തിട്ടുണ്ടെങ്കിലും നീണ്ട 19 വര്‍ഷത്തെ ഇടവേളയ്ക്കു ശേഷമാണ് റെയ്ഡ് ഡി ഹിമാലയ‍.

raid-de-himalaya-javeen-3 റെയ്‍ഡ് ഡി ഹിമാലയത്തിനിടെ ജെവീൻ

എന്തുകൊണ്ട് നേരത്തെ പങ്കെടുത്തില്ല

സ്‌പോണ്‍സര്‍ഷിപ്പില്ലാതെ ഹിമാലയന്‍ റാലിയില്‍ പങ്കെടുക്കുക ബുദ്ധിമുട്ടായിരുന്നു. ബൈക്ക്, ബാക്കി ചെലവുകള്‍ എന്നിവ താങ്ങാനാകുന്നതിലുമപ്പുറമാണ്. റെയ്ഡ് ഡി ഹിമാലയയില്‍ ബൈക്ക് പ്രധാന ഘടകമാണ്. ഈ വര്‍ഷം ആദ്യമാണ് റോയല്‍ എന്‍ഫീല്‍ഡ് ഹിമാലയന്‍ ബൈക്ക് പുറത്തിറക്കുന്നത് അതിനുശേഷമാണ് റാലിക്ക് പോകണം എന്ന ചിന്ത വന്നത്. ഇത്തരത്തിലുള്ള ടെറൈനുകള്‍ക്ക് എന്തുകൊണ്ടും യോജിച്ച ബൈക്കാണ് ഹിമാലയന്‍.