Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കാത്തിരിക്കാം ഈ കാറുകൾക്കായി

upcoming

2016 പകുതി ദൂരം പിന്നിടുമ്പോൾ കാർ വിപണിയിൽ വിജയം രചിച്ച പുതുമോഡലുകളുടെ നിരതന്നെയുണ്ട്. ഇനി അണിയറയിൽ ഒരുങ്ങുന്നതും ചില്ലറക്കാരല്ല. അങ്ങനെ ചിലരെ പരിചയപ്പെടാം:

മാരുതി ഇഗ്നിസ്

ignis മാരുതി ഇഗ്നിസ്

കോംപാക്റ്റ് ക്രോസ് ഓവർ സെഗ്‍മെന്റിലേയ്ക്ക് മാരുതി ഉടൻ പുറത്തിറക്കുന്ന വാഹനമാണ് ഇഗ്നിസ്. ‌അഞ്ചു ലക്ഷത്തിൽ താഴെ വിലയുള്ള ചെറു എസ് യു വി വിപണി പിടിക്കാനെത്തുന്ന ഇഗ്നിസിന് 1.2 ലിറ്റർ പെട്രോൾ, 1.2 ലിറ്റർ ഡീസൽ എഞ്ചിനുകളാണ് ഉണ്ടാകുക. 2015 ടോക്കിയോ ഓട്ടോഷോയിൽ അവതരിപ്പിച്ച മോഡൽ ആദ്യമായാണ് ഇന്ത്യയിൽ പ്രദർശിപ്പിച്ചത് ഡൽഹി ഓട്ടോഎക്സ്പോയിൽ വെച്ചായിരുന്നു. മാരുതി അടുത്തിടെ പുറത്തിറക്കിയ ബലേനോ ഹാച്ച്ബാക്കിന്റെ അതേ പ്ലാറ്റ്ഫോമില്‍ നിർമ്മിച്ചിരിക്കുന്ന ഇഗ്നിസ് ചെറു എസ് യു വിയാണെങ്കിലും മസ്കുലറായ രൂപത്തിനുടമയാണ്.

ടാറ്റ ഹെക്സ

Tata Hexa ടാറ്റ ഹെക്സ

ആര്യയ്ക്ക് സാധിക്കാതെ പോയതു സാധ്യമാക്കാൻ ടാറ്റ പുറത്തിറക്കുന്ന വാഹനമാണ് ഹെക്സ. ടാറ്റയുടെ പുതിയ എസ് യു വി നെക്സ ഒാട്ടൊ എക്സ്പൊയിൽ അനാവരണം ചെയ്യപ്പെട്ടിരുന്നു. കാഴ്ചയിൽ ആര്യയുമായി കാര്യമായ സാദൃശ്യമില്ലാത്ത ഹെക്സ പഴയ പ്ളാറ്റ്ഫോമിൽ ഒട്ടേറെ മാറ്റങ്ങൾ വരുത്തിയാണ് രൂപകൽപന ചെയ്തിട്ടുള്ളത്. ഡെെകോർ സീരീസിനെക്കാൾ സാങ്കേതിക മികവുള്ള വാരികോർ 2.2 ലീറ്റർ ഡീസൽ എൻജിനാണ് ഹെക്സയുടെ കരുത്ത്. 156 പി എസ്, 400 എൻ എം ടോർക്ക്. വരും തലമുറ ആറു സ്പീഡ് മാനുവൽ, ഒാട്ടമാറ്റിക് ട്രാൻസ്മിഷൻ. മൾട്ടി ടെറൈൻ ഡ്രൈവ് മോ‍ഡിൽ ഒാട്ടൊ, കംഫർട്ട്, ഡൈനാമിക്, റഫ് റോഡ് മോഡുകളുണ്ട്.

ടാറ്റ നെക്സൺ

tata-nexon-unveiled-auto-ex ടാറ്റ നെക്സൺ

പ്രധാനപ്പെട്ട വാഹന നിർമ്മാതാക്കളെല്ലാം ചെറു എസ് യുവികളുമായി രംഗത്തെത്തുമ്പോൾ ടാറ്റ മാത്രം മാറി നിൽക്കുന്നതെങ്ങനെയാണ്. കഴിഞ്ഞ ഡൽഹി ഓട്ടോഎക്സ്പോയിൽ പ്രദർശിപ്പിച്ച നെക്സൺ കൺസെപ്റ്റിന്റെ പുതിയ വകഭേദം ഈ വർഷം അവസാനം പുറത്തിറങ്ങും എന്നാണ് പ്രതീക്ഷിക്കുന്നത്. നാല് മീറ്ററിൽ താഴെ നീളമുള്ള മൈക്രോ എസ് യു വി, കെയുവി100, മാരുതി ഇഗ്‌നിസ് തുടങ്ങിയവരുമായിട്ടാകും മത്സരിക്കുക. 1.2 ലിറ്റര്‍‌ പെട്രോൾ, 1.3, 1.5 ലിറ്റർ ഡീസൽ എൻജിനുകൾ ടാറ്റ നെക്സണുണ്ടാകും. ടാറ്റയുടെ പുതിയ മോഡലുകളായ സെസ്റ്റ്, ബോള്‍ട്ട് എന്നിവയ്ക്ക് ഉപയോഗിക്കുന്ന തരം എക്സ് വണ്‍ പ്ലാറ്റ്ഫോമിലാണ് നെക്സണ്‍ എത്തുന്നത്. 5 മുതൽ 7 ലക്ഷം വരെയാണ് പ്രതീക്ഷിക്കുന്ന വില.

നിസാൻ എക്സ്–ട്രെയിൽ ഹൈബ്രിഡ്

Nissan-X-Trail-Hybrid നിസാൻ എക്സ്–ട്രെയിൽ ഹൈബ്രിഡ്

ഇന്ത്യൻ വിപണിയിലെ ആദ്യ പൂർണ സങ്കര ഇന്ധന സ്പോർട് യൂട്ടിലിറ്റി വാഹനം(എസ് യു വി) എന്ന ലേബലിയായിരിക്കും നിസ്സാൻ എക്സ്-ട്രെയിൽ‌ എത്തുക. നടപ്പു സാമ്പത്തിക വർഷം തന്നെ ‘എക്സ് ട്രെയിൽ ഹൈബ്രിഡ്’ ഇന്ത്യയിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.
പെട്രോൾ എൻജിനൊപ്പം വൈദ്യുത മോട്ടോറും കരുത്തേകുന്ന ഈ എസ് യു വി നിലവിൽ ഇന്ത്യയിൽ പരീക്ഷണ ഓട്ടം നടത്തുന്നുണ്ട്. വൈദ്യുത മോട്ടോറിന്റെ പിൻബലത്തിൽ ലീറ്ററിന് 20 കിലോമീറ്ററാണ് ‘എക്സ് ട്രെയിൽ ഹൈബ്രിഡി’നു നിസ്സാൻ വാഗ്ദാനം ചെയ്യുന്ന ഇന്ധനക്ഷമത. ഇരുപതു ലക്ഷത്തിൽ മുകളിലായിരിക്കും വില.

ഔഡി എ4

audi-a4 ഔഡി എ4

ഔഡിയുടെ ജനപ്രീയ സെ‍ഡാനാണ് എ4. മുഖം മിനുക്കിയ പുതിയ എ4 ഓഗസ്റ്റിലെത്തുമെന്നാണു പ്രതീക്ഷ. 2000 സിസിക്കു തൊട്ടുതാഴെയുള്ള ഡീസൽ എൻജിൻ തുടരും. 1.4 ലീറ്റർ പെട്രോൾ എൻജിൻ അവതരിപ്പിക്കാനും സാധ്യതയുണ്ട്. പുതിയ ഓട്ടമാറ്റിക്, മാനുവൽ ഗിയർബോക്സുകളായിരിക്കും.

ഹ്യൂണ്ടായ് ട്യൂസോൺ

TUCSON-Hyundai-Auto-Expo ഹ്യൂണ്ടായ് ട്യൂസോൺ

എസ്‌യുവി ആയ ട്യൂസോണിനു സ്ഥാനം ക്രെറ്റയ്ക്കും സാന്റാഫെയ്ക്കും ഇടയിലായിരിക്കും. സെപ്റ്റംബറിലെത്തുമെന്നു പ്രതീക്ഷിക്കുന്നു. ‍കഴിഞ്ഞ ഡൽഹി ഓട്ടോഎക്സ്പോയിൽ കമ്പനി ട്യൂസോണ്‍ പ്രദർശിപ്പിച്ചിരുന്നു. കോംപാക്റ്റ് എസ് യു വി ക്രെറ്റയുടേയും എസ് യു വി സാന്റാ ഫേയുടേയും ഇടയിൽ വരുന്ന വാഹനത്തിന് 18 ലക്ഷം രൂപ ആയിരിക്കും വില.  2 ലിറ്റർ എൻജിൻ ഉപയോഗിക്കുന്ന വാഹനത്തിന് 135 ബിഎച്ച്പി കരുത്തും. 373 എൻഎം ടോർക്കുമുണ്ട്. 2005 മുതൽ ഹ്യുണ്ടായ് ഇന്ത്യയുടെ ലൈനപ്പിലുണ്ടായിരുന്ന വാഹനം വിപണിയിൽ കാര്യമായ ചലനം സൃഷ്ടിക്കാത്തതിനെ തുടർന്ന് 2010 ലാണ് പിൻവലിക്കുന്നത്. പുതിയ രൂപത്തിൽ കൂടുതൽ സ്റ്റൈലിഷായി വാഹനമെത്തുമ്പോൾ വിപണിയില്‍ മാറ്റങ്ങൾ വരുമെന്നാണ് കമ്പനിയുെട പ്രതീക്ഷ.

ജീപ്പ് എസ്‌യുവികൾ

jeep-wrangler ജീപ്പ് റാംഗ്ളർ അൺലിമിറ്റഡ്

ഫിയറ്റ് ക്രൈസ്‌ലറിന്റെ ജീപ്പ് ബ്രാൻഡ് എസ്‍‌യുവികൾ ഉടൻ ഇന്ത്യയിലെത്തുമെന്നാണു കരുതുന്നത്. ഡല്‍ഹി ഓട്ടോഎക്സ്പോയിൽ പ്രദർശിപ്പിച്ച ഗ്രാൻഡ് ചെറോക്കീ, റാംഗ്ളർ എന്നിവയാണ് ആദ്യം കമ്പനി ആദ്യമായി ഇന്ത്യയിൽ ഇറക്കുമതി ചെയ്യുക.

ഫോഡ് മസ്താങ്

ford-mustang ഫോഡ് മസ്താങ്

അമേരിക്കൻ മസിൽ പവർ മസ്താങ്ങിനെ ഫോർഡ് ഇന്ത്യയിൽ ഉടൻ അവതരിപ്പിക്കും എന്നാണ് കരുതുന്നത്.  ഇന്ത്യയിൽ 310 ബി എച്ച് പി 2.3 ലീറ്റർ ഇകോബൂസ്റ്റ് എൻജിനോ 450 ബി എച്ച് പി അഞ്ചു ലീറ്റർ, വി എയ്റ്റ് എൻജിനോ ആയിരിക്കും. ആറു സ്പീഡ് മാനുവൽ അല്ലെങ്കിൽ പാഡിൽ ഷിഫ്റ്റർ സഹിതമുള്ള ആറു സ്പീഡ് ഓട്ടമാറ്റിക് ഗീയർബോക്സ്. കഴിഞ്ഞ ഓഗസ്റ്റിലാണു ഫോഡ് റൈറ്റ് ഹാൻഡ് ഡ്രൈവ് മസ്താങ് പുറത്തിറക്കുന്നത്. നിരത്തിലെത്തി അര നൂറ്റാണ്ട് പിന്നിടുമ്പോഴാണ് വശത്തു സ്റ്റീയറിങ്ങുള്ള മസ്താങ് യാഥാർഥ്യമാവുന്നത്. ഒരു കോടിക്ക് മുകളിലായിരിക്കും വില.