ജിപ്സി എന്നാൽ കരുത്തിന്റെ പ്രതീകമാണ് നമുക്ക്. എസ്‌യുവി നിരയിൽ കരുത്തും മികവും കൂടിയ പല മോഡലുകളും രാജ്യത്ത് അവതരിച്ചെങ്കിലും ഇന്ത്യൻ സൈന്യത്തിന് ഇപ്പോഴും പ്രിയം മാരുതി ജിപ്സി തന്നെ. പുതിയ എസ്‌യുവികളിൽ കാണപ്പെടുന്ന എസി, പവർ വിന്‍ഡോ, പവർ സ്റ്റിയറിങ് പോലുള്ള ആഡംബര സൗകര്യങ്ങൾ പോയിട്ട് അവശ്യസൗകര്യങ്ങൾ പോലും ജിപ്സിയിലില്ലെന്നു പറയാം. യാത്രാസുഖം, രൂപഭംഗി എന്നിവയുടെ കാര്യത്തിലും അത്ര കേമനല്ല ഈ മുൻകാല എസ്‌യുവി പ്രതാപി. ഇത്രയൊക്കെ പോരായ്മകൾക്കു നടുവിലും ഇന്ത്യൻ സൈന്യം ഈ മോഡൽ ഉപയോഗിക്കുന്നത് എന്തുകൊണ്ട്?
1985 -ലാണ് ഇന്ത്യൻ സൈന്യത്തിനു തുണയായി മാരുതി ജിപ്സിയെത്തുന്നത്. അന്നുമുതൽ ഇന്നുവരെ സൈന്യത്തിന്റെ പ്രിയവാഹനമായി തുടരുന്നതിനു കാരണം ഒന്നേയുള്ളു - ജിപ്സിയുടെ ഓഫ് റോഡ് മികവ്. ചെങ്കുത്തായ കയറ്റവും മുട്ടുമടക്കുന്ന ഈ മുൻകാല പ്രതാപിയെ എടുത്തുയർത്തി നിലത്തിട്ടാലും തകരില്ല. അത്ര കരുത്തുറ്റതാണു ജിപ്സിയുടെ ബോഡി. യുദ്ധമുന്നണിയിൽ സൈന്യത്തെ ആകാശമാർഗം വിഹരിക്കേണ്ടിവരുമ്പോഴും സൈന്യത്തിനു മുൻപിലുള്ള ഏറ്റവും നല്ല ഓപ്ഷനും ജിപ്സി തന്നെ. അത്യാവശ്യ സൗകര്യങ്ങൾ മാത്രം നൽകുന്ന ജിപ്സിക്കു മറ്റു എസ്‌യുവികളെ അപേക്ഷിച്ചു ഭാരം കുറവാണ്.
എവിടെയും കടന്നുചെല്ലാൻ സാധിക്കുന്ന കരുത്തുറ്റ എൻജിൻ യുദ്ധത്തിന് തികച്ചും അനുയോജ്യ വാഹനമെന്ന പേരും ജിപ്സിക്കു നേടിക്കൊടുത്തിട്ടുണ്ട്. 1298 സിസി നാലു സിലിണ്ടർ എൻജിന്റെ കരുത്ത് 80 ബിഎച്ച്പി. എൻജിൻ ട്യൂൺ ചെയ്ത് കൂടുതൽ കരുത്തുറ്റതാക്കാം. ഇതിനു പുറമെ യുദ്ധസാഹചര്യവും ആവശ്യവും അനുസരിച്ച് എളുപ്പം രൂപമാറ്റം വരുത്താമെന്നതാണ് ജിപ്സിയുടെ മറ്റൊരു പ്രത്യേകത. ഹാർഡ് ടോപ്, സോഫ്റ്റ് ടോപ് എന്നിവയോടെയെത്തുന്ന ജിപ്സി ടോപ്പില്ലാതെയും ഉപയോഗിക്കാം.
ഭാരം കൂടുന്നതിനനുസരിച്ച് നിയന്ത്രണം വർധിക്കുന്ന ജിപ്സിയിൽ 200 കിലോയിലധികം ഭാരം കയറ്റാം. ഈ കൂടിയ ഭാരത്തിലും ജിപ്സി സുഖമായി ഓടിക്കാനാകും. ഇതുമൂലമാണ് ഭാരമേറിയ ആയുധങ്ങളെയും സൈനികരെയും ഒരു സ്ഥലത്തുനിന്നു മറ്റൊരു സ്ഥലത്തേക്കു കൊണ്ടുപോകുന്നതിന് ജിപ്സി ഉപയോഗിക്കുന്നത്.
അടുത്തിടെ മഹീന്ദ്ര സ്കോർപിയോ, ടാറ്റ സഫാരി മോഡലുകൾ ജിപ്സിക്കു പകരമായി സൈന്യനിരയിലെത്തുമെന്നു റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. പ്രവർത്തനക്ഷമതയുടെ കാര്യത്തിൽ ഇവയൊന്നും ജിപ്സിയുടെ ഏഴയലത്തു വരില്ലെന്നാണ് ജിപ്സി ആരാധകരുടെ പക്ഷം.