ആരെയും ആകർഷിക്കുന്ന കിടിലൻ രൂപഭാവത്തിൽ മാരുതിയുടെ മൂന്നാം തലമുറ കാറായ പുതിയ ഡിസയർ വിപണിയില്‍. പെട്രോൾ വേരിയന്റിന് 5.45 ലക്ഷം, ഡീസൽ വേരിയന്റിന് 6.45 ലക്ഷം മുതലാണ് ആണ് ന്യൂഡൽഹി എക്സ് ഷോറും വില. പെട്രോൾ 22 കിലോമീറ്റർ/ലിറ്റർ, ഡീസൽ 28.4 കിലോമീറ്റർ/ലിറ്റർ എന്നിങ്ങനെയാണ് ഇന്ധനക്ഷമത. ഓക്സ്ഫോർഡ് ബ്ലൂ, ഷെർവുഡ് ബ്രൗൺ, ഗാലന്റ് റെഡ്, ആർട്ടിക് വൈറ്റ്, സിൽക്കി സിൽവർ, മഗ്ന ഗ്രേ എന്നിവയാണ് പുതിയ ഡിസയറിന്റെ കളർ ഓപ്ഷനുകൾ. പഴയ കാറിനേക്കാൾ പുതിയ ഡിസയറിന്റെ ഭാരം കുറവാണ്.
നേരത്തെ പുത്തൻ ഡിസയറിന്റെ ലുക്ക് സമൂഹമാധ്യമങ്ങളിൽ വലിയ ചർച്ചയുമായിരുന്നു. രാജ്യത്ത് ഏറ്റവുമധികം വിൽപ്പനയുള്ള കോംപാക്ട് സെഡാനായ ‘ഡിസയറി’ന്റെ പുതിയ പതിപ്പിനുള്ള ബുക്കിങ്ങുകൾ മാരുതി സുസുക്കി ഇന്ത്യ ലിമിറ്റഡ് ഡീലർഷിപ്പുകൾ സ്വീകരിച്ചു തുടങ്ങുകയും ചെയ്തിരുന്നു.
കാലാതീതവും ആധുനികവുമായ ഡിസയർ ടാറ്റ ടിഗോർ, ഹ്യുണ്ടായ് എക്സെന്റ്, ഫോർഡ് ഫിഗോ, ഹോണ്ട അമേയ്സ്, വോക്സ്‍വാഗൺ അമിയോ എന്നിവയോടാണ് മത്സരിക്കുക. മാരുതിയുടെ ഏറ്റവും ജനപ്രിയമായ മോഡലുകളിൽ ഒന്നാണ് സ്വിഫ്റ്റ് ഡിസയർ. രാജ്യത്ത് വിൽക്കുന്ന കാറുകളുടെ ടോപ് ടെൻ ലിസ്റ്റിൽ മുന്നിൽ. ഹാച്ച്ബാക്കായ സ്വിഫ്റ്റിനു മുമ്പ് സബ്കോംപാക്ട് സെഡാനായ ഡിസയറിന്റെ പുതിയ പതിപ്പ് പുറത്തിറക്കാനായിരുന്നു കമ്പനിയുടെ തീരുമാനം.
രൂപകൽപനയിലാണ് പുതിയ ഡിസയർ കൂടുതൽ ഞെട്ടിക്കുന്നത്. ക്രോം ഫിനിഷുള്ള വീതിയേറിയ ഫ്രണ്ട് ഗ്രില്ലാണ് എക്സ്റ്റീരിയറിന്റെ പ്രധാന സവിശേഷത. മുൻവശം ന്യൂജൻ സ്വിഫ്റ്റിനെ പോലെയാണ്. സി–പില്ലർ കാറിന്റെ ബൂട്ടുമായി ഇണക്കത്തോടെ യോജിപ്പിച്ചിട്ടുള്ളതും മികച്ച രൂപഭംഗിക്കു കാരണമാകുന്നു.
ഡ്യുവൽ ടോണിലാണ് ഡാഷ്ബോർഡ്. തടിയിൽ തീർത്ത ഉൾഭാഗങ്ങളും ബെയ്ജ് അപ്ഹോൾസ്റ്ററിയും കാറിന് പ്രീമിയം ഫീലുണ്ടാക്കും. ഡോറുകളുടെ ട്രിമ്മിലും തടിയുടെ ഭാഗങ്ങളുണ്ട്. പുതിയ ട്വിൻപോഡ് ഇൻസ്ട്രുമെന്റ് കൺസോൺ, ആൻഡ്രോയിഡ് കാർപ്ലേയോടു കൂടിയ ടച്ച്‍സ്ക്രീൻ ഇൻഫോടെയിൻമെന്റ് സിസ്റ്റം തുടങ്ങിയ നൂതന സംവിധാനങ്ങൾ പുതിയ ഡിസയറിലുണ്ട്.
എൻജിനിൽ കാര്യമായ മാറ്റങ്ങളില്ല. 1.2 ലിറ്റർ കെ–സീരീസ് പെട്രോൾ, 1.3 ലിറ്റർ ഡിഡിഐസ് ഡീസൽ എൻജിനുകൾ തന്നെയാണ് ഉപയോഗിക്കുന്നത്. പെട്രോൾ, ഡീസൽ വേരിയന്റുകളിൽ അഞ്ച് സ്പീഡ് ഗിയറുകൾ. പെട്രോളിൽ ഫോർ സ്പീഡ് ഓട്ടോബോക്സും ഡീസലിൽ ഫൈവ് സ്പീഡ് ഓട്ടോമാറ്റഡ് മാനുവൽ ട്രാൻസ്മിഷനും ലഭ്യമാണ്. സുരക്ഷയുടെ കാര്യത്തിലും വിട്ടുവീഴ്ചയില്ല. മുമ്പിൽ രണ്ട് എയർബാഗുകൾ, ആന്റി ലോക്ക് ബ്രെയ്ക്കിങ് സിസ്റ്റം (എബിഎസ്) എന്നിവയുടെ സാന്നിധ്യം സുഖയാത്ര സമ്മാനിക്കും.