എൻഫീൽഡ് തോക്കിൽ നിന്നു തെറിച്ചു പായുന്ന വെടിയുണ്ടയാണു ബുള്ളറ്റ്. തോക്കുകൾ മാത്രമുണ്ടാക്കിത്തുടങ്ങിയ ബ്രിട്ടീഷ് കമ്പനിയുടെ ഇരുചക്ര വെടിയുണ്ട. മാതൃസ്ഥാപനം പൂട്ടിക്കെട്ടിയിട്ടും ഇന്ത്യയിൽ നിന്നുണ്ടാക്കുന്ന ബുള്ളറ്റ് യൂറോപ്പിലും അമേരിക്കയിലുമൊക്കെ ഇന്നും നൊസ്റ്റാൾജിയയാകാൻ കാരണം ഇന്ത്യയിൽ മാത്രമേ ഈ ബൈക്ക് ഉണ്ടാക്കുന്നുള്ളുവെന്നതു തന്നെ.
Himalayan | Royal Enfield | Test Ride Review | Manorama Online
∙ നൊസ്റ്റാൾജിയ: ബുള്ളറ്റ് എന്നത് ഇന്നും യാഥാർത്ഥ്യമായ ഗതകാല സ്വപ്നമാണ്. 1932 മുതൽ മുഴങ്ങിക്കേൾക്കുന്ന ആ റോയൽ ബീറ്റ് കാലികമായി പരിഷ്കരിച്ച്, നൊസ്റ്റാൾജിയയിൽ പൊതിഞ്ഞു വൃത്തിയായി വിൽക്കുന്നു. ഇന്ത്യയിൽ മാത്രമല്ല, ലോകത്തെല്ലായിടത്തും. 350, 500 ക്ലാസിക് ഒന്നാന്തരം ഉദാഹരണമാണ്. ക്ലാസിക് ബുള്ളറ്റിൽ ആധുനികത സമാസമം ചേർത്ത ഈ ബുള്ളറ്റ് ഇന്ത്യയിൽ മാത്രമല്ല വിദേശത്തും ജനപ്രിയമാണ്.

∙ വ്യത്യസ്തത: ക്ലാസിക് മോഡലുകൾ കണ്ടു മടുത്തവർക്കു മുന്നിൽ മാറ്റങ്ങളുമായി പുതിയ മോഡലുകളും ഇപ്പോൾ ബുള്ളറ്റ് നിരയിലെത്തി. കഫെ റേസർ ആദ്യം. ഇപ്പോഴിതാ തികച്ചും വ്യത്യസ്തമായ ഹിമാലയൻ. ബുള്ളറ്റ് ഇന്നു വരെ ഊന്നിയിരുന്ന പാരമ്പര്യങ്ങളിൽ നിന്നെല്ലാം വേറിട്ടു നിൽക്കുന്ന ബൈക്ക്.

∙ സാഹസികത: സാഹസികതയാണ് ഹിമാലയന്റെ മുഖമുദ്ര. അഡ്വഞ്ചർ ടൂറർ ബൈക്ക്. കണ്ടാലൊരു ബുള്ളറ്റാണെന്നു തോന്നുകയേയില്ല. ഉയരം തോന്നിക്കുന്ന മുൻ ഫോർക്കും മഡ്ഗാർഡുമെല്ലാം വ്യത്യസ്ത രൂപം നൽകുന്നു. മെലിഞ്ഞ രൂപം. കാഴ്ചയിൽ ഉയരം തോന്നുമെങ്കിലും 800 എംഎം മാത്രമേയുള്ളൂ സീറ്റിന്റെ ഉയരം.

∙ ക്ലാസിക്ക്: എന്തൊക്കെ മാറ്റങ്ങളുണ്ടെങ്കിലും ബുള്ളറ്റിന്റെ ക്ലാസ്സിക് രൂപം തീരെയങ്ങു പോകുന്നില്ല. വട്ടത്തിലുള്ള ഹെഡ്‌ലൈറ്റിന് ചുറ്റും ക്രോം. സുതാര്യമായ വിൻഡ് ഷീൽഡ്, ചെറിയ ഫെൻഡർ എന്നിവ അഡ്വഞ്ചർ ലുക്ക് നൽകുന്നു. ഒതുക്കമുള്ള ഇന്ധനടാങ്കിന്റെ ശേഷി 14 ലിറ്റർ. വാട്ടർ ബോട്ടിലുകൾ ടാങ്കിനു ചുറ്റുമുള്ള പൈപ്പുകളിൽ ഘടിപ്പിക്കാം.

∙ നിലവാരം: വീതിയേറിയ ഉയർന്ന ഹാൻഡിൽ ബാർ. നിലവാരമുള്ള പ്ലാസ്റ്റിക് ഘടകങ്ങളും സ്വിച്ചുകളും. മികച്ച സീറ്റിങ് പൊസിഷൻ. സീറ്റുകൾ പിൻസീറ്റ് യാത്രക്കാരനെയും പരിഗണിച്ചു തയ്യാറാക്കിയതാണ്. വശങ്ങളിൽ രണ്ടു ബോക്സുകൾ ഫിറ്റ് ചെയ്യാം.

∙ പിന്നഴക്: എൽഇഡി ടെയിൽ ലാംപും ഉയർന്ന ഫെൻഡറും അടങ്ങുന്ന പിൻഭാഗം കാണാനാണ് കൂടുതൽ ഭംഗി. മോണോ ഷോക്കും ഉയർന്നു നിൽക്കുന്ന എക്സ്ഹോസ്റ്റും തടിച്ച ടയറും കൂടിയാകുമ്പോൾ പിൻഭാഗത്തിന് റഫ് ആന്റ് ടഫ് ലുക്ക് വരുന്നു. 21 ഇഞ്ച് ടയറാണ് മുന്നിൽ. പിന്നിൽ 17 ഇഞ്ച്.

∙ റൈഡ്: പുതിയ ലോങ് സ്ട്രോക്ക് 411 എൻജിന് 6500 ആർ പി എമ്മിൽ 24.5 ബി എച്ച് പിയും 4500 ആർ പി എമ്മിൽ 32 എൻ എം ടോർക്കുമുണ്ട്. ഓടിച്ചു തുടങ്ങുമ്പോൾ മനസിലാകും ഇന്നുവരെയുള്ള എൻഫീൽഡുകളിൽ നിന്നു തികച്ചും വ്യത്യസ്തനാണ് ഹിമാലയൻ എന്ന്. റോഡിലും റോഡില്ലാത്തയിടത്തും ഉതകുന്ന ഹാൻഡ്‌ലിങ്. ഫസ്റ്റ് ഗിയറിൽ യാത്ര തുടങ്ങുമ്പോഴേ സ്മൂത്ത്നെസ് തിരിച്ചറിയാം. നഗരയാത്രകളിൽ എൻജിൻ ചൂട് അൽപം ബുദ്ധിമുട്ടുണ്ടാക്കാം.

∙ ഓഫ് റോഡിങ്: റോഡിൽ നിന്ന് ഓഫ്റോഡിലേക്ക് കയറുമ്പോഴാണ് ഇവൻ യഥാർത്ഥ ഹിമാലയനാകുന്നത്. ലോങ് ട്രാവൽ സസ്പെൻഷനും 220 എം എം ഗ്രൗണ്ട് ക്ലിയറൻസും കുണ്ടും കുഴിയും വെള്ളക്കെട്ടുകളുമൊക്കെ അനായാസം തരണം ചെയ്യും. അഞ്ച് സ്പീഡ് ട്രാൻസ്മിഷൻ. ആദ്യ രണ്ട് ഗീയറുകൾ ഒഴിച്ചാൽ സ്മൂത്തായ ഷിഫ്റ്റിങ്. ഡിസ്ക് ബ്രേക്കുകളാണ് ഇരു വീലുകൾക്കും. എ ബി എസും സ്ലിപ്പർ ക്ലച്ചും അടക്കമുള്ള സംവിധാനങ്ങൾ പിന്നാലെ എത്തുമെന്നു പ്രതീക്ഷിക്കാം.

∙ വില: 1.62 ലക്ഷം
∙ ടെസ്റ്റ് റൈഡ്: ജവീൻസ് റോയൽ എൻഫീൽഡ് 9446397400