Engine |
DDiS 200 | |
Engine Capacity (cc) | 1248 | |
Max Power (kW @ rpm) | 66 @ 4000 | |
Max Torque (Nm @ rpm) | 200 @ 1750 | |
Fuel Tank Capacity (l) | 48 |
വിറ്റാര ബ്രെസയുടെ മനോഹരമായ മുൻഭാഗം അലങ്കരിക്കേണ്ട ലോഗോ സുസുക്കിയുടേത് ആയിരുന്നില്ല. മാരുതിയുടേതാണ്. കാരണം ഇന്നേ വരെ ഇറങ്ങിയിട്ടുള്ളതിൽ ഏറ്റവും മനോഹരമായ ഈ മാരുതി രൂപകൽപന ചെയ്തതും നിർമിച്ചതും ജപ്പാൻകാരല്ല, ഇന്ത്യക്കാരാണ്. പൂർണമായും ഇന്ത്യക്കാർ. ഇന്ത്യയ്ക്കു വേണ്ടി ഇന്ത്യക്കാർ നിർമിച്ച ആദ്യ സുസുക്കി.

റിസർച്ച് ആൻഡ് ഡവലപ്മെൻറ് തലവൻ സി വി രാമനും സംഘവും കഴിഞ്ഞ കുറെനാൾ ഈ ദൗത്യത്തിനു പിന്നാലെയായിരുന്നു. ടെസ്റ്റ് ഡ്രൈവിനോടനുബന്ധിച്ച് കണ്ടപ്പോൾ ചോദിച്ചു, എന്തായിരുന്നു ഈ പ്രൊജക്ടിനു പിന്നിലെ ഏറ്റവും വലിയ വെല്ലുവിളി ? മറുപടി ലളിതമായിരുന്നു. പ്രതീക്ഷകൾ.
Vitara Brezza | Test Drive Report | Interior & Exterior Features Review | Manorama Online
വികസനം ഇന്ത്യയിൽ നിന്നാകുമ്പോൾ പ്രതീക്ഷകൾ വെല്ലുവിളിയാകും. കാഴ്ചയിൽ കിടിലനായിരിക്കണം. ഉപയോഗക്ഷമതയിൽ പിന്നിലാകരുത്. സുഖസൗകര്യങ്ങൾ എസ് യു വി തലത്തിൽ വരണം. വില 10 ലക്ഷം രൂപയ്ക്കുള്ളിൽ നിൽക്കണം. സുസുക്കി എൻജിനിയറിങ്ങിൻറെ ഗുണങ്ങൾ കുറയരുത്. നിബന്ധനകൾ പെരുകിയപ്പോൾ ന്യായമായും രൂപകൽപനാവിഭാഗത്തിന് രക്തസമ്മർദമുയർന്നു. ആ ഉയർച്ച താഴ്ക്കാനെന്നവണ്ണം പുത്തൻ കുളിരായി ബ്രെസ മാറുകയും ചെയ്തു.

ടെസ്റ്റ്ഡ്രൈവ് റിപ്പോർട്ട്

∙ പുറംഭംഗി: വീൽ ബേസ് 2500 മി മിയുള്ളപ്പോൾ നാലു മീറ്ററിൽത്താഴെ നിൽക്കുക എന്ന ശ്രമകരമായ ദൗത്യം. സുസുക്കിയുടെ ഏറ്റവും പുതിയ പ്ലാറ്റ്ഫോമിലൊന്നിലാണ് നിർമാണം. ഈ പ്ലാറ്റ്ഫോമിൽ ഇന്നു വരെ ഒരു കാറും നാലു മീറ്ററിൽത്താഴെ ഇറങ്ങിയിട്ടില്ല. ഇന്ത്യക്കാർ അതും സാധിച്ചു. നല്ല ഉയരമുള്ള വാഹനമാണ് ബ്രേസ. കണ്ടാൽ എസ് യു വി പകിട്ടുണ്ട്.

സ്റ്റൈലിങ്ങും ഗ്ലാമറും ഒരുമിച്ചു കൊണ്ടുവരുന്ന ഗ്രില്ലും എടുത്തറിയുന്ന സ്കഫ്പ്ലേറ്റുള്ള ബമ്പറും എൽ ഇ ഡി ഡേ ടൈം റണ്ണിങ് ലാംപുകളുള്ള ഹെഡ്ലാംപുമെല്ലാം മനോഹരം. ഇരട്ട നിറമുള്ള മോഡലുകളാണ് എടുത്തു നിൽക്കുക. മഞ്ഞയും വെള്ളയും നീലയും വെള്ളയും കോംബിനേഷനുകൾ രാജ്യാന്തര എസ് യു വി മോഡലുകളോടും കിടപിടിക്കാനാവുന്ന രുപം നൽകുന്നു.

∙ ഉൾവശം: അപ് മാർക്കറ്റ് കറുപ്പു ഫിനിഷാണ് ഉൾവശം. പ്രായോഗികം. എസ് യു വി സ്റ്റൈലിങ്. പുതിയ ഡാഷ് രൂപകൽപനയാണ്. എന്നാൽ സ്റ്റീയറിങ് സ്വിഫ്റ്റിലടക്കം എല്ലാ കാറുകളിലും കണ്ടെത്താനാവും. വലിയ സെൻട്രൽ കൺസോൾ, എൽ ഇ ഡി സ്ക്രീൻ, നാവിഗേഷനും ക്രൂസ് കൺട്രോളുമടക്കം എല്ലാ അത്യാധുനിക സംവിധാനങ്ങളുമുണ്ട്. റെയിൻ സെൻസിങ് വൈപ്പറുകൾ, ഓട്ടൊ ഹെഡ്ലൈറ്റ്, എയർ കൂൾഡ് സ്റ്റോറേജ് തുടങ്ങിയവ പുറമെ. സ്പീഡോമീറ്ററിൽ അഞ്ചു പ്രീ സെറ്റ് നിറങ്ങൾ. എയർബാഗും എ ബി എസും ഏറ്റവും കുറഞ്ഞ മോഡലിലും ലഭിക്കും.

∙ സ്ഥലസൗകര്യം: പരാമർശമർഹിക്കുന്നു. അഞ്ചു സീറ്ററെങ്കിലും ഡിക്കി ഇടം 328 ലീറ്ററുണ്ട്. ഉയരം 1640 മി മി ഉള്ളത് ധാരാളം ഹെഡ് റൂം തരും. ഇന്ത്യയിലിന്നുള്ള 18 തരം തലപ്പാവുകൾ വച്ചാലും തല മുകളിൽ ഇടിക്കില്ലെന്ന് മാരുതി.

∙ ഡ്രൈവിങ്: ഫിയറ്റ് രൂപകൽപനയുള്ള ഡി ഡി എെ എസ് എൻജിൻ പെർഫോമൻസ് പ്രത്യേകം പ്രതിപാദിക്കേണ്ട. മികവിൻറെ പര്യായം. പെട്ടെന്നുള്ള പിക്കപ്പും സ്റ്റെബിലിറ്റിയും പ്രത്യേകം പ്രതിപാദ്യം. ഉയരം കൂടുതലുണ്ടെങ്കിലും നിയന്ത്രണം തെല്ലും കുറയില്ല. 24.3 കി മി യാണ് ഇന്ധനക്ഷമത.

∙ വിധി: 10 ലക്ഷം രൂപയ്ക്ക് ഒരു മിനി എസ് യു വി തേടുന്നവർക്ക് വേറെ മാർഗങ്ങളില്ല. കൂട്ടിന് ഒന്നാന്തരം രൂപകൽപനയും ആരും കണ്ടാൽ രണ്ടാമതൊന്നു നോക്കുന്ന ചാരുതയും മാരുതിയുടെ വിശ്വാസ്യതയും.