സുഗന്ധ വിളയായി അറിയപ്പെടുന്ന ഗ്രാമ്പു ഒരു മികച്ച ഔഷധം കൂടിയാണ്. പാചകത്തിലെ ഒരു പ്രധാന ഘടകമായി നമ്മൾ പലപ്പോഴും ഗ്രാമ്പു ഉപയോഗിക്കുന്നുണ്ടെങ്കിലും അതിന്റെ ഔഷധ പ്രാധാന്യത്തെ പറ്റി ഓർക്കാറില്ല. ഗ്രാമ്പുവിന്റെ ഇല, മൊട്ട്, തൊലി, വേര് എന്നിവയെല്ലാം ഔഷധഗുണമുള്ളവയായി കാലകാലങ്ങളായി പരിഗണിക്കപ്പെടുന്നു. (പ്രോട്ടീൻ, സ്റ്റാർച്ച്, കാൽസ്യം, അയഡിൻ തുടങ്ങിയവ വ്യത്യസ്ത അളവിൽ ഗ്രാമ്പുവിൽ അടങ്ങിയിട്ടുണ്ട്) ഗ്രാമ്പുവിന്റെ ഉണങ്ങിയ മൊട്ടിൽ നിന്നും എടുക്കുന്ന ഗ്രാമ്പു തൈലമാണ് ഏറെ ഔഷധപ്രദം.
ഗ്രാമ്പുവിന്റെ ഔഷധ ഗുണങ്ങൾ
∙ അര ഗ്രാം ഗ്രാമ്പുപ്പൊടി തേനിൽ ചാലിച്ച് ദിവസം രണ്ടു നേരം സേവിക്കുന്നത് ചുമ, പനി എന്നിവയെ ശമിപ്പിക്കും.
∙ പല്ലു വേദനയ്ക്ക് ഏറ്റവും നല്ല ഔഷധമാണ് ഗ്രാമ്പു. ഗ്രാമ്പുവിന്റെ തൈലം പഞ്ഞിയിൽ ചാലിച്ച് വേദനയുള്ള പല്ലിന്റെ ഭാഗത്ത് മോണയിൽ തട്ടാതെ വച്ചാല്‍ വേദന ശമിക്കും.
∙ വായ്നാറ്റമുള്ളവർ അല്പം ഗ്രാമ്പു തൈലം ചെറു ചൂടു വെള്ളത്തിലൊഴിച്ച് ഭക്ഷണത്തിനു ശേഷം വായില്‍ കൊണ്ടാൽ ദുർഗന്ധത്തിന് ശമനമുണ്ടാകും.
∙ വിര ശല്യത്തിന് ഗ്രാമ്പു നല്ലതാണ്. കായം, ഏലത്തരി ഗ്രാമ്പു എന്നിവ സമാസമം എടുത്ത് വറുത്തു പൊടിച്ച് തിളപ്പിച്ചാറ്റിയ വെള്ളത്തിലിട്ടു വയ്ക്കുക. ഒരു ദിവസത്തിനു ശേഷം ദിവസം മൂന്നോ നാലോ പ്രാവശ്യം ആ വെള്ളം കുടിക്കുക. പ്രഭാതത്തിൽ വെറും വയറ്റിലും രാത്രിയില്‍ കിടക്കുന്നതിന് മുമ്പും കുടിക്കുന്നത് നന്നായിരിക്കും. വിര ശല്യത്തെ പൂർണമായും ശമിപ്പിക്കുവാൻ ഇതുപകരിക്കും.
∙ ഗ്രാമ്പുതൈലം ചേർത്തുള്ള ചെറു ചൂടുവെള്ളം തൊണ്ടയില്‍ കൊണ്ടാൽ തോണ്ടവേദന പൂർണമായും ശമിക്കും.
∙ ഗ്രാമ്പു തൈലം ചേർത്ത തിളപ്പിച്ച വെള്ളം കൊണ്ട് ആവി പിടിക്കുന്നത് കഫകെട്ട്, ജലദോഷം തുടങ്ങിയവയ്ക്ക് നല്ലതാണ്.
∙ പൊടിച്ചതോ രണ്ട് ഗ്രാമ്പു മൊട്ട് വീതമോ, ചവച്ചിറക്കുന്നത് ചുമ, വായുകോപം എന്നിവയ്ക്ക് നല്ലതാണ്. ഗ്രാമ്പു തൈലം നെഞ്ചിലും കഴുത്തിലും പുരട്ടിയാലും ആശ്വാസം ലഭിക്കും.
∙ ദഹനപ്രക്രിയയ്ക്ക് ഏറ്റവും സഹായകരമാണ് ഗ്രാമ്പു. ഇതിന്റെ ഇല, കായ്, തൊലി എന്നിവ വിവിധ ഭക്ഷണപദാർത്ഥങ്ങൾ പാചകം ചെയ്യുമ്പോൾ ഉപയോഗിക്കുന്നത് ഫലം ചെയ്യും.
Clove tree എന്ന ഇംഗ്ലീഷ് നാമത്തിലറിയപ്പെടുന്ന ഗ്രാമ്പു കോളറ രോഗത്തിന് ഫലപ്രദമാണെന്ന് ഗവേഷണഫലങ്ങൾ തെളിയിച്ചിട്ടുണ്ട്. കോളറയ്ക്ക് കാരണമാകുന്ന ‘വിബ്രിയോ കോളറേ’ എന്ന അണുവിനെ നശിപ്പിക്കുവാനുള്ള കഴിവ് ഗ്രാമ്പൂവിന് ഉണ്ടത്രേ. മികച്ച അണുനാശിനിയായ ഗ്രാമ്പുവിനെ ജൈവ കീടനാശിനിയുടെ ഘടകങ്ങളിലൊന്നായും ഉപയോഗിച്ചു വരുന്നുണ്ട്. കേരളത്തിന്റെ കാലാവസ്ഥയിൽ വളർത്തി എടുക്കാവുന്ന ഒരു ഔഷധ വൃക്ഷമാണ് ഗ്രാമ്പു.