ദിനചര്യകൾ പോലെ തന്നെ പ്രാധാന്യമേറിയതാണ് ഔഷധപ്രയോഗവും. നിത്യജീവിതത്തിൽ നമ്മെ അലട്ടുന്ന പല രോഗങ്ങൾക്കും വേദനകൾക്കും വേണ്ട ഔഷധങ്ങൾ വീട്ടിൽ തന്നെയുണ്ടാക്കാം.
വേദനകൾക്കു പരിഹാരം
തൊണ്ടവേദന
∙ കടുകെണ്ണ പുറമെ പുരട്ടുക.
∙ ചുവന്നുള്ളി ശർക്കരയോ പഞ്ചസാരയോ ചേർത്തു കഴിക്കുക.
ചെവിവേദന
∙ പഴമുതിര ചൂടാക്കി മൂന്നോ നാലോ തുള്ളി തേനിലിട്ടു ചെവിയിൽ ഒഴിക്കുക.
ചിക്കൻഗുനിയക്കു ശേഷമുള്ള ശരീരവേദന മാറ്റാൻ
∙ ചുക്ക്, കുരുമുളക്, തുളസി, കായം, വെളുത്തുള്ളി, കുടമ്പുളി, ഇന്തുപ്പ്, പുതിനയില എന്നിവ തുല്യ അളവിൽ എടുത്തു തിളപ്പിച്ചു വെള്ളം കുടിക്കുക.
∙ സുദർശനം ഗുളിക കാപ്പിയിൽ ചേർത്തു കഴിക്കുക.
പനി മുതൽ ഗ്യാസ്ട്രബിൾ വരെ
പനി
∙ ചുക്ക്, കുരുമുളക്, തുളസി, കായം, വെളുത്തുള്ളി, കുടമ്പുളി, ഇന്തുപ്പ്, പുതിനയില എന്നിവ തുല്യ അളവിൽ എടുത്ത് തിളപ്പിച്ച് വെള്ളം കുടിക്കുക. ഇത് ചുമ, തലവേദന, തൊണ്ടവേദന എന്നീ രോഗങ്ങൾക്കും ഉത്തമമാണ്.
∙ തുളസിയില പിഴിഞ്ഞ നീര് തേൻ ചേർത്തു കഴിക്കുക.
ജലദോഷം, മൂക്കടപ്പ്
∙ രണ്ടു ഗ്ലാസ് വെള്ളത്തിൽ ഒരു ടീസ്പൂൺ രാസ്നാദി പൊടി ഇട്ട് ആവി പിടിക്കുക.
ദഹനക്കേടിന്
∙ അയമോദകം, ചുക്ക്, കായം എന്നിവ ഇട്ടു തിളപ്പിച്ച വെള്ളം കുടിക്കുക.
∙ വെളുത്തുള്ളി നീരും ഇഞ്ചിനീരും ചേർത്തു കഴിക്കുക.
ചൊറിഞ്ഞു തടിക്കൽ
∙ അലർജി കൊണ്ടുള്ള ചൊറിഞ്ഞു തടിക്കലിന് ഇഞ്ചിനീര് ഊറൽ കളഞ്ഞു പഞ്ചസാര കലർത്തി കഴിക്കുക.
∙ മഞ്ഞൾ ഉരച്ചു പുരട്ടുക.
ഗ്യാസ്ട്രബിളിന്
∙ കൂവളംവേര്, മലര്, ജീരകം, അയമോദകം എന്നിവ 10 ഗ്രാം വീതം വറുത്തെടുത്തു വെള്ളം ഒഴിച്ചു തിളപ്പിച്ചു മൂന്നു നേരം കഴിക്കുക.
∙ പെരുംജീരകം ചവച്ചിറക്കുക.
ഇ എൻ ടി പ്രശ്നങ്ങൾ
ഒച്ചയടപ്പ്
∙ ഇഞ്ചി ശർക്കര ചേർത്തു കഴിക്കുക.
∙ ഇരട്ടിമധുരം ചവച്ചിറക്കുക.
∙ ജീരകം വറുത്തുപൊടിച്ചു തേനിൽ ചാലിച്ചു കഴിക്കുക.
കഫശല്യം
∙ തേൻ, ഇഞ്ചിനീര്, തുളസിനീര്, ഉള്ളിനീര് എന്നിവ യോജിപ്പിച്ചു കഴിക്കുക.
∙ ദിവസം രണ്ടോ മൂന്നോ പ്രാവശ്യം തുളസിയിലയിട്ട് ആവി കൊള്ളുക.
പല്ലിന്റെ പ്രശ്നങ്ങൾക്ക്
∙ മുക്കൂറ്റി വേരോടെ, കറുവാപ്പട്ടയില, തുളസിക്കതിര്, വരട്ടു മഞ്ഞൾ എന്നിവ കുറച്ചു വീതം എടുത്തു തേനിലരച്ചു മോണയിൽ പുരട്ടിയാൽ മോണയിൽ നിന്നുള്ള രക്തം വരലും പല്ലുവേദനയും വായ്നാറ്റവും മാറും.
∙ വൻകടലാടി വേരരച്ചു മോരിൽ ചേർത്തു കവിൾ കൊള്ളുന്നതു മോണപഴുപ്പിനും വായ്നാറ്റം മാറാനും നല്ലതാണ്.
∙ അയമോദകം കഷായം ശർക്കര ചേർത്തു കഴിക്കുന്നതും നന്ന്.
വായ്പുണ്ണിന്
∙ മോരിൽ മഞ്ഞളും കറിവേപ്പിലയും ചേർത്ത് കഴിക്കുക.
∙ തൈര് കഴിക്കുക.
കണ്ണിന്റെ പ്രശ്നങ്ങൾക്ക്
∙ പൂവാംകുറുന്നില നീര് തേൻ ചേർത്ത് കണ്ണിൽ ഒഴിക്കുക.
∙ ഇളനീർക്കുഴമ്പ് ഇറ്റിക്കുക.
∙ തേറ്റാംപരൽ ഇട്ടു തിളപ്പിച്ച വെള്ളം കൊണ്ട് കണ്ണു കഴുകിയാൽ മതി. കണ്ണിനു തിളക്കം കിട്ടാനും കൺപോളകളുടെ വീക്കം കുറയാനും നല്ലതാണ്.
∙ വാളമ്പുളിയില ഇട്ടു തിളപ്പിച്ച വെള്ളം മൺചട്ടിയിൽ ഒഴിച്ച് കഴിക്കുക.
വിട്ടുമാറാത്ത തുമ്മലിന്
∙ അയമോദകം കഷായം കരിപ്പെട്ടി ചേർത്ത് കഴിക്കുക.
∙ ഇഞ്ചിനീര് തേൻ കലർത്തി കഴിക്കാം.
വയറിന്റെ പ്രശ്നങ്ങൾക്ക്
മലബന്ധം മാറാൻ
∙ ചെന്നാമുക്കിയില തുളസിക്കതിരും ചേർത്ത് തിളപ്പിച്ചു കഴുകുക.
വയറിളക്കം
∙ ഇഞ്ചിനീര് കായം പൊടിച്ചു ചേർത്തു കഴിക്കുക.
∙ കട്ടൻ ചായയിൽ നാരങ്ങാനീരു ചേർത്തു കഴിക്കുക.
വിരശല്യം മുതൽ കുഴിനഖം വരെ
അമിത ആർത്തവ രക്തസ്രാവം
∙ അയമോദകം വെള്ളത്തിലിട്ടു തിളപ്പിച്ച് കഷായമാക്കി ശർക്കര ചേർത്ത് കഴിക്കുക. ധാന്വന്തരം ഗുളിക ചേർത്താൽ ഉത്തമം.
വിഷമേറ്റാൽ
∙ പശു നെയ്യിൽ തുമ്പയിലയരച്ചു പുരട്ടുക.
∙ മഞ്ഞൾ അരച്ചു കുത്തേറ്റിടത്ത് ഇടാം.
വിരശല്യം
∙ തുമ്പപ്പൂവ് മലരും ചുക്കും ഇട്ടു പാൽ കാച്ചി കൊടുക്കുക.
∙ കച്ചോലം വെള്ളം തൊട്ടരച്ചു കഴിക്കുക.
∙ പപ്പായ കറിവച്ചു കഴിക്കുക.
ഉറക്കം കിട്ടാൻ
∙ പച്ചകച്ചോലം വെണ്ണ/നെയ്യിൽ അരച്ചു നെറുകയിൽ പുരട്ടുക.
∙ കിടക്കുന്നതിനു മുമ്പു രണ്ടു ഗ്ലാസ് തണുത്ത വെള്ളം കുടിക്കുക.
∙ ഉറങ്ങാൻ നേരം കാൽ കഴുകി തുടച്ച് ഉള്ളം കാലിൽ വെണ്ണ പുരട്ടുക.
വിശപ്പില്ലായ്മ
∙ ജാതിക്ക അരച്ച് തേനിലിട്ടു കഴിക്കുക.
∙ അയമോദകം വെന്ത വെള്ളം കുടിക്കാം.
കുഴിനഖം
∙ തുളസിയില ഇട്ടു മൂപ്പിച്ച വെളിച്ചെണ്ണ പുരട്ടുക.
∙ ചെറുനാരങ്ങയിൽ കുഴിയുണ്ടാക്കി വിരൽ അതിൽ തിരുകി വയ്ക്കുക.
മുടി
മുടിക്കു കറുപ്പു കിട്ടാൻ
∙ 50 ചെമ്പരത്തിപ്പൂവ് ഒരു ഔൺസ് വെളിച്ചെണ്ണയിലിട്ടു ചൂടാക്കി തലയിൽ തേയ്ക്കാം.
അകാല നര മാറ്റാൻ
∙ നറുനീണ്ടിക്കിഴങ്ങ്, ആമ്പലില അല്ലെങ്കിൽ പൂവ്, താമരക്കിഴങ്ങ് എന്നിവ തുല്യ അളവിലെടുത്ത് മോരിലരച്ച് തലയിൽ പുരട്ടുക. കഫക്കെട്ടുള്ളവർ ചെയ്യരുത്.
∙ നീലിഭൃംഗാദി വെളിച്ചെണ്ണയും കയ്യുന്ന്യാദി വെളിച്ചെണ്ണയും സമം തേയ്ക്കുക.
പേൻ ശല്യം കുറയ്ക്കാൻ
∙ രാത്രി കിടക്കും മുമ്പു തലയിണയിൽ വിരിച്ച വെള്ളത്തോർത്തിൽ തുളസിയില വിതറി കിടക്കുക.
∙ കറിവേപ്പില അരച്ചു തലയിൽ പുരട്ടുക.
കണ്ണിൽ മരുന്നൊഴിക്കുമ്പോൾ
∙ സൂര്യാസ്തമയ ശേഷം കണ്ണിൽ മരുന്നൊഴിക്കരുത്.
∙ ഒരു കണ്ണിൽ ബാധിച്ച രോഗം മറ്റേക്കണ്ണിൽ ബാധിക്കാനെളുപ്പമായതുകൊണ്ടു രണ്ടു കണ്ണിലും മരുന്നൊഴിക്കണം.
∙ കണ്ണിൽ മരുന്നെഴുതിക്കഴിഞ്ഞ് ഉടനെ വെട്ടത്തു നോക്കുകയോ കണ്ണു കഴുകുകയോ ചെയ്യരുത്.
∙ ഛർദ്ദി, പനി, തലവേദന ഇവ ഉള്ളപ്പോൾ മരുന്നെഴുതരുത്.
∙ രാവിലെ ഉണർന്ന ഉടനെ 10—15 മിനിട്ടു നേരം തണുത്ത വെള്ളം ധാരയായി ഒഴിച്ചുകണ്ണു കഴുകണം.
∙ ഇടയ്ക്കു കൃഷ്ണമണികൾ ഇടത്തോട്ടും വലത്തോട്ടും മുകളിലേയ്ക്കും താഴേയ്ക്കും വട്ടം കറക്കുന്നത് നല്ലതാണ്. ഘടികാരദിശയിലും തിരിച്ചും കൃഷ്ണമണികൾ ചലിപ്പിക്കുന്നതും ഗുണം ചെയ്യും.
അടുക്കളയിലെ ഡോക്ടർമാർ
മഞ്ഞൾ : ത്വക്രോഗങ്ങൾ, രോഗപ്രതിരോധം, മുറിവുകൾ എന്നിവയ്ക്കു നല്ലത്. വേദനയ്ക്കും ചതവിനും മഞ്ഞൾ അരച്ചു പുരട്ടുന്നതു നല്ലതാണ്. വിഷചികിത്സയിലും ഉപയോഗിക്കുന്നു.
കറിവേപ്പില : കൃമി, അർശസ്, വാതം, നേത്രരോഗങ്ങൾ, ഛർദ്ദി എന്നിവയ്ക്ക് ഔഷധമായി ഉപയോഗിക്കുന്നു. കറിവേപ്പില മഞ്ഞൾ ചേർത്തു അരച്ചു പുരട്ടുന്നതു തൊലിപ്പുറത്തെ തിണർപ്പു മാറ്റാൻ ഉത്തമം.
വെളുത്തുള്ളി : ആസ്മ, ഹൃദ്രോഗം, കൃമി, ഗ്യാസ്ട്രബിൾ, ദഹനക്കേട്, ചുമ, ക്ഷയം, പ്രമേഹം എന്നിവ കുറയ്ക്കും. വെളുത്തുള്ളി ചേർത്ത ലശൂനാദിഘൃതം അൾസറിനും മൂലക്കുരുവിനും ഔഷധമായി ഉപയോഗിക്കുന്നു.
ജീരകം : പ്രസവരക്ഷ, ചർമശുദ്ധി, പനി, കഫം എന്നിവയ്ക്ക് ഉത്തമമായ ഔഷധം. ജീരകം മോരിൽ ചേർത്തു കഴിച്ചാൽ എക്കിൾ ശമിക്കും.
കടുക് : രക്തവാതം, പ്രമേഹം, മൂലക്കുരു, ചെവിവേദന എന്നിവയ്ക്ക് ഔഷധം.
ആരോഗ്യത്തിനു ദിവസവും
വെള്ളം : ഉണർന്നെഴുന്നേറ്റ ഉടനെ വെറും വയറ്റിൽ ശുദ്ധജലം കുടിക്കുക. ദിവസം മുഴുവൻ ഉണർവും ഉന്മേഷവും ലഭിക്കും.
നെല്ലിക്ക : ബുദ്ധിശക്തിക്കും ഓർമയ്ക്കും അകാല നര ഒഴിവാക്കാനും ദിവസവും നെല്ലിക്ക ചവച്ചരച്ചു കഴിക്കുക.
തേൻ : ദീർഘായുസിനും സൗന്ദര്യത്തിനും നിത്യവും തേൻ കഴിക്കുന്നതു നല്ലതാണ്.
എള്ള് : ദിവസവും എള്ള് ചവച്ചരച്ചു കഴിക്കുന്നതു പല്ലിനും എല്ലിനും നല്ലതാണ്.
വിവരങ്ങൾക്ക് കടപ്പാട്: ഡോ: സി. ഡി. സഹദേവൻ