Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഗുളികകൾ ഭക്ഷണത്തിനു മുൻപോ ശേഷമോ?

146729808

ഭക്ഷണത്തിനു മുൻപു കഴിച്ചാലെന്താ, ശേഷം കഴിച്ചാലെന്താ.. എല്ലാം വയറ്റിലേക്കു തന്നെയല്ലേ പോകുന്നത്..? 

ഭക്ഷണം കഴിച്ചതിനു ശേഷം കഴിക്കുക, ഭക്ഷണം കഴിക്കുന്നതിന് ഒരു മണിക്കൂർ മുൻപു കഴിക്കുക തുടങ്ങിയ നിർദേശങ്ങൾ ഗുളികകൾക്കും മരുന്നിനും ഒപ്പം തരുമ്പോൾ നമ്മിൽ പലരും ഇങ്ങനെ വിചാരിക്കാറില്ലേ..

ശരിക്കും എന്തിനാണ് ഡോക്ടർമാർ ഇങ്ങനെ നിർദേശം തരുന്നത്..?

നമ്മൾ കഴിക്കുന്ന മരുന്നുകൾ അന്നനാളത്തിന്റെ പല ഭാഗത്തുവച്ചാണ് ശരീരത്തിലേക്ക് ആഗിരണം ചെയ്യപ്പെടുന്നത്. ചിലത് ആമാശയത്തിൽ വച്ച് രക്തത്തിലേക്ക് ആഗിരണം ചെയ്യപ്പെടും. ചില മരുന്നുകൾ ആമാശയവും കടന്ന് കുടലിലേക്കു പോകും. അവിടെ വച്ചായിരിക്കും ആഗിരണം ചെയ്യപ്പെടുക. ഈ ആഗിരണം എങ്ങനെ ഏറ്റവും ഫലപ്രദമാക്കാം എന്നതാണ് വിവിധ മാർഗനിർദേശങ്ങളിലൂടെ ഡോക്ടർമാർ ഉറപ്പാക്കുന്നത്.

ചില മരുന്നുകൾ വെറുംവയറ്റിൽ കഴിക്കുന്നതായിരിക്കും ആഗിരണം ചെയ്യപ്പെടാൻ നല്ലത്. അതായത് ആമാശയത്തിൽ മറ്റൊന്നും ഇല്ലാത്ത സാഹചര്യം. തൈറോക്സിൻ ഹോർമോൺ ഇതിനൊരുദാഹരണമാണ്. രാവിലെ ഭക്ഷണമൊന്നും കഴിക്കുന്നതിനു മുൻപ് ഇത് കഴിക്കാനാണ് ഡോക്ടർമാർ നിർദേശിക്കുക.

ചില മരുന്നുകൾ ആമാശയത്തിൽ ഭക്ഷണം ഉള്ളപ്പോഴായിരിക്കും ആഗിരണം ചെയ്യാൻ എളുപ്പം. അസിത്രോമൈസിൻ പോലുള്ള ആന്റിബയോട്ടിക്കുകൾ ഈ വിഭാഗത്തിൽ ഉൾപ്പെടുന്നു.

ഭക്ഷണത്തോടൊപ്പമോ ഭക്ഷണം കഴിച്ച് അൽപനേരത്തിനു ശേഷമോ കഴിക്കാൻ നിർദേശിക്കുന്ന മരുന്നുകളിൽ പലതും വയറ്റിൽ ചില്ലറ പ്രശ്നങ്ങൾ ഉണ്ടാക്കുന്നവ ആയിരിക്കും. ആ പാർശ്വഫലങ്ങളുടെ ആഘാതം കുറയ്ക്കാൻ കൂടിയാണ് അവ ഭക്ഷണത്തോടൊപ്പം കഴിക്കാൻ നിർദേശിക്കുന്നത്. ചില വേദനാസംഹാരികളും ഏതാനും ആന്റിബയോട്ടിക്കുകളും ഇത്തരത്തിൽ ആമാശയത്തിന്റെയും കുടലിന്റെയുമൊക്കെ ആന്തരിക സ്തരത്തെ(ലൈനിങ്) ചെറിയതോതിൽ ഉപദ്രവിക്കും. ആ ഉപദ്രവത്തിന്റെ അളവു കുറയ്ക്കാൻ ഭക്ഷണത്തോടൊപ്പം ആ മരുന്നുകൾ കഴിക്കുന്നതുകൊണ്ട് സാധിക്കും.

ചില മരുന്നുകൾ ആമാശയത്തിൽനിന്ന് ഭക്ഷണം ആഗിരണം ചെയ്യുന്നതിൽ കുറവ് വരുത്തും. പ്രമേഹ ചികിൽസയുടെ ഒരു ഭാഗമായി ഇത്തരം മരുന്നുകൾ ഉപയോഗിക്കുന്നുണ്ട്. ഭക്ഷണം കഴിച്ചുതുടങ്ങുമ്പോൾ തന്നെ ഈ മരുന്നുകളും കഴിക്കണം. മറ്റ് ആന്റി–ഡയബറ്റിക് മരുന്നുകൾ കഴിക്കുന്നതും ഇൻസുലിൻ കുത്തിവയ്ക്കുന്നതും ഒക്കെ ഭക്ഷണത്തിനു മുൻപാണ് വേണ്ടത്. കാരണം ഭക്ഷണം അകത്തെത്തുമ്പോൾ തന്നെ ഈ മരുന്നുകളും പ്രവർത്തിച്ചുതുടങ്ങണം.  

ചുരുക്കിപ്പറഞ്ഞാൽ എന്തു മരുന്ന് കഴിക്കുന്നു എന്നതിനൊപ്പം തന്നെ പ്രധാനമാണ് എപ്പോൾ കഴിക്കുന്നു എന്നതും. 

‘മെഡിക്കൽ ഷോപ്പ് ചികിൽസ’ ഒഴിവാക്കണമെന്നു പറയുന്നതിന് ഇതും ഒരു പ്രധാന കാരണമാണ്.