കുട്ടികളെ തട്ടിക്കൊണ്ടു പോകാൻ ശ്രമം, ജനാലയിലെ കറുത്ത സ്റ്റിക്കർ, കുട്ടികളെ തട്ടിക്കൊണ്ടു പോകാൻ ശ്രമിച്ചെന്ന് ആരോപിച്ച് മർദനം അടുത്തിടെയായി സമൂഹമാധ്യമങ്ങൾ ഉൾപ്പടെ പലയിടത്തും പ്രത്യക്ഷപ്പെടുന്ന വാർത്തകളും വിഡിയോകളുമാണ് ഇതൊക്കെ. ഇതൊക്കെ സത്യമാണോ കാണുന്നവരും കേൾക്കുന്നവരുമൊക്കെ പരസ്പരം ഈ അശങ്കകൾ പങ്കുവയ്ക്കാറുമുണ്ട്. ഇതിൽ കൂടുതലും ഇരകളാകുന്നത് അന്യസംസ്ഥാന തൊഴിലാളികളാണ്. തിരുവന്തപുരത്ത് ഒരു ട്രാൻസ്ജെൻഡറിനും കിട്ടി നാട്ടുകാരുടെ വക തല്ല്. കഴിഞ്ഞ ദിവസം കണ്ണൂരിൽ ഒരു അന്യസംഥാന തൊഴിലാളിയും നാട്ടുകാരുടെ ക്രൂരമർദനത്തിന് ഇരയായിരുന്നു. കുട്ടികളെ തട്ടിക്കൊണ്ട് പോകുന്നതുമായി ബന്ധപ്പെട്ട് വിവിധ കേസുകളിലായി 199 പേരെ പോലീസ് അറസ്റ്റ് ചെയ്തു. അതിൽ 188 പേരും മലയാളിളാണെന്ന് മുഖ്യമന്ത്രി തന്നെ പറഞ്ഞതിന് തൊട്ടു പിന്നാലെയാണ് ഈ സംഭവങ്ങൾ അരങ്ങേറിയതെന്നും ഓർക്കണം. ഈ ആൾക്കൂട്ട വിചാരണയെക്കുറിച്ച് ഡോ. നെൽസൺ എഴുതിയ ഫേസ്ബുക്ക് പോസ്റ്റ് നാം ഓരോരുത്തരം വായിച്ചിരിക്കേണ്ടതാണ്.
പോസ്റ്റ് എഴുതുന്നത് നാലുമണിക്കാണ്, വെളുപ്പിന്...
കിടന്നിട്ട് ഉറക്കം വന്നില്ല. നെഞ്ചിൽ ഒരു കല്ല് എടുത്ത് വച്ചപോലെ..
ഇന്നലെ കിടക്കുന്നതിനു തൊട്ടുമുൻപാണ് ഫേസ്ബുക്കിൽ ആരോ ടാഗ് ചെയ്തതിന്റെ നോട്ടിഫിക്കേഷൻ വന്നത്. നോക്കിയപ്പോൾ ഒരു വീഡിയോയാണ്. ഒരു ഇതരസംസ്ഥാന തൊഴിലാളിയെ മൃഗീയമായി - വേണ്ട, മൃഗങ്ങൾക്ക് നാണക്കേടാണ് - ആൾക്കൂട്ടം വിചാരണ ചെയ്ത് ക്രൂരമായി മർദ്ദിക്കുന്നതിന്റെ വീഡിയോ. കുട്ടികളെ തട്ടിക്കൊണ്ടുപോകുന്നുവെന്നാരോപിച്ചാണ് മർദ്ദനം.
സ്ഥലം കണ്ണൂർ മാനന്തേരി... ഒരു ആൾക്കൂട്ടത്തിനു നടുവിലിരുത്തിയിരിക്കുകയാണയാളെ..മുഖത്ത് മർദ്ദനത്തിന്റെ ചോരപ്പാടുകൾ.. മുന്നിൽ നിൽക്കുന്ന ഒരാൾ മുറിഹിന്ദിയിൽ എന്തൊക്കെയോ ചോദിക്കുന്നുണ്ട്. കേൾക്കുന്ന അയാൾക്കും തിരിച്ച് പറയുന്നത് പരിഭാഷകനും മനസിലായില്ലെന്ന് ചുരുക്കം.. അതിനു വീര്യം കൂട്ടാൻ പിന്നിൽ നിൽക്കുന്ന പ്രബുദ്ധൻ അയാളുടെ പിടലിക്ക് തല്ലുന്നുണ്ട്..ഓരോ അടിക്കും അയാൾ വലിയവായിൽ നിലവിളിക്കുന്നു..
ഇടയ്ക്ക് ഈ ബഹളത്തിനിടയിലും വിശന്നിട്ടാവണം, അയാൾ കയ്യിലെ പൊതിച്ചോറിൽ നിന്ന് പച്ചച്ചോറ് വാരി കഴിക്കാൻ തുടങ്ങി..ആൾക്കൂട്ടത്തിൻ്റെ വക പരിഹാസം പിറകെ..കൂട്ടത്തിൽ നിന്ന് ഒരാൾ " നീ നിലത്തൂന്ന് തിന്നാ മതി **** മോനേ " എന്ന് ആക്രോശിച്ചുകൊണ്ട് ആ ചോറുപൊതി തട്ടി നിലത്തേക്കിട്ടു.. അയാളുടെ സഞ്ചിയും ഭാണ്ഡവും അരിച്ചുപെറുക്കുന്നു.. മർദനം തുടരുന്നുണ്ട് ഒപ്പം...
ഒരുപാട് കാണാൻ തോന്നിയില്ല...
കുട്ടികളെ തട്ടിക്കൊണ്ട് പോകുന്നതുമായി ബന്ധപ്പെട്ട് വിവിധ കേസുകളിലായി 199 പേരെ പോലീസ് അറസ്റ്റ് ചെയ്തു. അതിൽ 188 പേരും (94. 47%) മലയാളികൾ തന്നെ എന്ന് മുഖ്യമന്ത്രി പറഞ്ഞിട്ട് മണിക്കൂറുകൾ കഴിഞ്ഞതേയുള്ളൂ. അതിനിടയിൽത്തന്നെ കേരളത്തിൽ പലയിടത്തും ആക്രമണങ്ങളുണ്ടായി.. പരിഭ്രാന്തിയുളവാക്കുന്ന സന്ദേശം പരത്തരുതെന്ന് പൊലീസ് മേധാവിയുടെ മുന്നറിയിപ്പുണ്ടായി. ഇപ്പോൾ ആ പോസ്റ്റിനൊപ്പമുള്ള ഫോട്ടോകളുടെ ഷെയർ 30,000 കടന്നു നിൽക്കുന്നു.
കേരളത്തിന് അക്ഷരാർഥത്തിൽ ഭ്രാന്തുപിടിച്ചിരിക്കുന്നു..
കുറച്ച് ചോദ്യങ്ങൾ ചോദിച്ചോട്ടേ? ഇന്ത്യയിലെ സംസ്ഥാനങ്ങളിലെല്ലായിടത്തും , പിന്നെ ലോകരാജ്യങ്ങളിൽ പലയിടങ്ങളിലും ജോലിക്കും ഉല്ലാസത്തിനുമെല്ലാം പോകുന്നവരാണു മലയാളികൾ. അതായത് അവിടത്തെ അന്യസംസ്ഥാന തൊഴിലാളികൾ. അടുത്ത കാലം വരെ ട്വിറ്ററിലും ഫേസ്ബുക്കിലും കേരളത്തിനെ കരിവാരിത്തേക്കാനും മോശക്കാരാക്കി ചിത്രീകരിക്കാനും ശ്രമം നടന്നിരുന്നു, അതിനെതിരെ പ്രതികരിച്ചിരുന്നു നമ്മൾ...ഒറ്റക്കെട്ടായി..
- ഈ തല്ലിയവരിലൊരാൾ അങ്ങനെ ഏതെങ്കിലുമൊരു സംസ്ഥാനത്ത് ഒരു ഗ്രാമത്തിലൂടെ നടന്ന് പോകുമ്പൊ സോഷ്യൽ മീഡീയയിലൂടെ പരന്ന ഊഹാപോഹത്തിൻ്റെ പേരിൽ, ഉദാഹരണത്തിന് ബീഫ് കൈവശം വച്ചെന്ന ആരോപണത്തിൽ ആൾക്കൂട്ടം വളഞ്ഞ് തല്ലിയാൽ? കയ്യിലെ ബാഗും തുണിയുമുരിഞ്ഞ് പരിശോധിച്ചാൽ? നോവുമോ? അതുതന്നെയാണ് നിങ്ങളും ചെയ്തത്..
- രാവിലെ തൊട്ട് പാട്ട പെറുക്കിയും വീടുവീടാന്തരം കയറിയും ചിലയിടത്ത് കാലുപിടിച്ചുമെല്ലാം അയാളുണ്ടാക്കിയ ചോറാണത്. തിന്നുകൊണ്ടിരിക്കുമ്പൊ അന്ന് ആകെ കിട്ടാനിടയുള്ള ഒരു വറ്റ് ആരെങ്കിലും തട്ടിത്താഴെയിട്ടാൽ നിനക്കൊക്കെ നോവുമോ? അതുതന്നെയാണ് നിങ്ങളും ചെയ്തത്.
- ബംഗാളിലും യു.പിയിലും രാജസ്ഥാനിലുമൊക്കെ മനോവൈഷമ്യം അനുഭവിക്കുന്നവരെ കെട്ടിയിട്ട് തല്ലുന്നതും കൊല്ലുന്നതുമൊക്കെ സോഷ്യൽ മീഡീയയിൽ കണ്ട് വിമർശിച്ച് ഞെളിഞ്ഞ് നിന്ന് പറഞ്ഞ ഒരു കാര്യമുണ്ട്. ഇതൊന്നും ഇവിടെ നടക്കില്ലെന്ന്..100% സാക്ഷരതയാണിവിടെയെന്ന്... ഇപ്പോഴെവിടെ? തലച്ചോറ് എലി കരണ്ടോ
- കുറച്ച് നാൾ മുൻപ് ഒരു പ്രാക്ടിക്കൽ പരീക്ഷയ്ക്ക് പോയിരുന്നു. കിട്ടിയത് ഒരു ഇതരസംസ്ഥാനക്കാരനെയാണ് രോഗിയായിട്ട്. അറിയാവുന്ന മുറി ഹിന്ദിയിൽ കാര്യം തിരക്കി. അയാൾ കിടക്കുന്നത് മറ്റ് പതിനൊന്ന് പേർ കിടക്കുന്ന ഒരു മുറിയിലാണ്. അതും ഒരു ഷെഡ് പോലത്തെ സംവിധാനത്തിൽ.അവിടത്തെ വൃത്തിഹീനമായ സാഹചര്യവും ഓവർ ക്രൗഡിങ്ങും സമ്മാനിച്ച രോഗം ഒടുവിൽ ആശുപത്രിക്കിടക്കയിലും എത്തിച്ചു...കൂലി നഷ്ടം, ധനനഷ്ടം. ആശുപത്രിയിൽ നിന്ന് ഇനി അയാൾ തിരിച്ച് നാട്ടിലേക്ക് പോകും..
റോഡ് പണിയാനും പാലം കെട്ടാനും കെട്ടിടവും ഫ്ലാറ്റും കെട്ടാനും തൊട്ട് പറമ്പിൽ പണിയാനും പുല്ലു പറിക്കാനും വരെ അവരു വേണം. നാലുപേർ കിടക്കുന്നിടത്ത് പത്ത് പേരെ കിടത്താം. ട്രേഡ് യൂണിയനില്ല, പണിമുടക്കില്ല, മൂന്ന് പേരുടെ കൂലിക്ക് അഞ്ച് പേരെ പണിയിക്കാം.. അതായത് നീയൊക്കെ അവരെ ഓടിക്കണമെന്ന് വിചാരിച്ചാലും ശരി ഈ സുവർണാവസരം കളഞ്ഞ് മലയാളിയെ പണിക്ക് നിർത്താൻ തൊഴിലുടമകൾ സമ്മതിക്കില്ല.
- എല്ലാ അന്യസംസ്ഥാനക്കാരനെയും ഓടിക്കണമെന്നൊരുത്തൻ. എന്നിട്ട് നീയൊക്കെ എന്തോ ചെയ്യും? ഭൂമിയേൽ കുനിഞ്ഞ് പുല്ല് പറിക്കാൻ കഴിയില്ല ഒരുത്തനും. അരി ആന്ധ്രായീന്ന്. പച്ചക്കറി കർണാടകത്തീന്നും തമിഴ്നാട്ടീന്നും. കോഴിയും പോത്തും അന്യസംസ്ഥാനം. അവരൊന്ന് അറിഞ്ഞ് പണിമുടക്കിയപ്പൊ ഇവിടെ വില കൂടിയത് ഓർമിക്കണം...ഓിച്ചിട്ട് മേലോട്ട് നോക്കി ഇരിക്കാം..
- കറുത്ത സ്ത്രീക്ക് വെളുത്ത കുട്ടിയുണ്ടാകില്ലെന്ന ധാരണയും വച്ചുകൊണ്ട് പൊലീസ് കളിക്കാനിറങ്ങുന്ന പോങ്ങന്മാർ മറുവശത്ത്
അയാളുടെ ഭാര്യയ്ക്കുള്ള തുണിയും അയാളുടെ കുഞ്ഞിനുള്ള കളിപ്പാട്ടവുമാകാം നിങ്ങൾ തട്ടിക്കളഞ്ഞതും താഴെയിട്ടുകളഞ്ഞതും...പൊലീസിന് അയാൾക്കെതിരെ തെളിവൊന്നും കിട്ടിയില്ലെന്നുമറിഞ്ഞു.. എന്തു നേടി?
വീടുകളിലെ ടോർച്ചർ സഹിക്കാതെ ഒളിച്ചോടുന്ന കുഞ്ഞുങ്ങളുടെയും അയല്പക്കങ്ങളിലെയും സ്വന്തം വീട്ടിലെ തന്നെയും " രക്ഷകർത്താക്കൾ " കാരണം അപ്രത്യക്ഷരാകുന്നവരുടെയും കുറ്റം കൂടി അവരുടെ ചുമലിൽ വച്ചാൽ സമാധാനമായി നിങ്ങൾ ഉറങ്ങും..പക്ഷേ കുഞ്ഞുങ്ങൾ ഇനിയും അപ്രത്യക്ഷരാകും..
ഈ പാപക്കറ നിങ്ങളുടെ കൈകളിൽ നിന്ന് എങ്ങനെ നിങ്ങൾ കഴുകിക്കളയും?
ആർക്കും സോഷ്യൽ മീഡിയയിൽ ഒരു മെസ്സേജെഴുതി ഒരാളെ കൊല്ലാമെന്നായിരിക്കുന്നു. കേരളത്തിനു ഭ്രാന്തുപിടിച്ചിരിക്കുന്നു :(
അവരും മനുഷ്യരാണ് , പൂവിട്ട് പൂജിച്ചില്ലെങ്കിലും മിനിമം മാനുഷിക പരിഗണനയെങ്കിലും നൽകണം. ഇല്ലെങ്കിൽ മറ്റുള്ളവർക്ക് നേരെ കൈ ചൂണ്ടാനോ, നമുക്ക് മറ്റിടങ്ങളിൽ ഇതേ അനുഭവമുണ്ടാകുമ്പൊ പ്രതികരിക്കാനോ അവകാശമില്ലാതാകും