വേനൽക്കാലമായതോടെ ചൂടുകാല രോഗങ്ങളും ഒന്നൊന്നായി എത്തിത്തുടങ്ങി. ഇതിൽ ഏറ്റവും പ്രധാനപ്പെട്ട ഒരു രോഗമാണ് ചിക്കൻപോക്സ്. മലയാളികൾ ഏറ്റവും കൂടുതൽ തെറ്റിദ്ധരിച്ചിട്ടുള്ള രോഗങ്ങളിൽ ഒന്നാണിത്. 1980 ഭൂമിയിൽ നിന്ന് തുടച്ചു നീക്കിയ വസൂരിയും, ഇപ്പോഴും വ്യാപകമായി കാണുന്ന ചിക്കൻപോക്സും ഒന്നാണെന്ന് ധരിക്കുന്നവർപോലുമുണ്ട്.
ചിക്കൻപോക്സ് ത്വക് രോഗം
വായുവിലൂടെ പകരുന്ന വൈറസ് രോഗമാണ് ചിക്കൻപോക്സ്. വെരിസെല്ലാസോസ്റ്റർ എന്ന വൈറസാണ് രോഗകാരണം. വസൂരിയ്ക്ക് കാരണമാകുന്നത് വേരിയോള എന്ന വൈറസും വസൂരിയുടെ കുരുക്കൾ പല അറകളുള്ളതാണ്. ചിക്കൻപോക്സിന്റെ കുരുക്കൾക്ക് ഒറ്റ അറ മാത്രമേ ഉള്ളൂ. തീർത്തും തൊലിപ്പുറമേ ഉണ്ടാകുന്ന അസുഖമായ ചിക്കൻപോക്സിന്റെ അണുക്കൾ ശരീരത്തിൽ പ്രവേശിച്ചാൽ 10 മുതൽ 21 ദിവസങ്ങളെടുക്കും വളർന്നുപെരുകി രോഗലക്ഷണങ്ങൾ പ്രകടമാകാൻ. തലവേദന, പനി, തുമ്മൽ, ക്ഷീണം എന്നിവയായിരിക്കും പ്രാരംഭലക്ഷണങ്ങൾ.
ഈ ലക്ഷണങ്ങൾ രണ്ടു മൂന്നുദിവസം നീണ്ടുനിൽക്കും. അതിനുശേഷമായിരിക്കും കുരുക്കൾ പ്രത്യക്ഷപ്പെടുക. കുരുക്കൾ വരും മുമ്പ് പനിയും തുമ്മലും തലവേദനയും തുടങ്ങുന്ന സമയത്താണ് രോഗാണുവാഹകർ മറ്റുള്ളവർക്ക്, കൂടുതലായും രോഗം പകർന്നുനൽകുക. കുരുക്കൾ ഉണ്ടാകുന്നതു നിലച്ചാൽ പിന്നെ രോഗം പകരുകയില്ല. ചിക്കൻ പോക്സാണെന്നറിയാതെ ,പനിയും തലവേദനയുമായി യാത്ര ചെയ്യുമ്പോഴാണ് മറ്റുള്ളവർക്ക് രോഗപകർച്ചയുണ്ടാകുന്നതെന്ന ബോധം മലയാളികൾക്കിന്നുമില്ല. ഒന്നോ രണ്ടോ കുരുക്കൾ കാണുമ്പോഴേ ചിക്കൻപോക്സാണെന്നു തിരിച്ചറിയാം. അപ്പോൾ തന്നെ ആന്റിവൈറൽ മരുന്നായ അസൈക്ലോവിർ കഴിച്ചുതുടങ്ങിയാൽ കൂടുതൽ കുരുക്കൾ പ്രത്യക്ഷപ്പെടുന്നത് ഒഴിവാക്കാനും രോഗപകർച്ച തടയാനും കഴിയും.
രാവിലെയും വൈകിട്ടും തണുത്ത ശുദ്ധജലത്തിൽ കുളിക്കണം. ശുചിത്വത്തിന്റെ കുറവാണ് സെക്കണ്ടറി രോഗബാധകൾക്കും,മറ്റു സങ്കീർണതകൾക്കും മുഖ്യകാരണം. കുളിക്കുന്നത് ചൊറിച്ചിൽ കുറയ്ക്കും. കലാമിൻലോഷൻ പുരട്ടുന്നതും ആന്റിഹിസ്റ്റമിനുകൾ കഴിക്കുന്നതും ചൊറിച്ചിൽ കുറയ്ക്കാൻ നല്ലതാണ്. രോഗിയെ കാറ്റും വെളിച്ചവും കടക്കാത്ത മുറിയിൽ അടച്ച് ഒറ്റപ്പെടുത്തുന്നതു പ്രാകൃതമാണ്. നല്ല കാറ്റും വെളിച്ചവും കടക്കുന്ന മുറിയിൽ വേണം രോഗിയെ കിടത്താൻ. ദിവസവും രാവിലെയും വൈകിട്ടും കുളിച്ച് വൃത്തിയുള്ള വസ്ത്രങ്ങൾ ധരിക്കണം. ഒരു ഭക്ഷണവും വർജ്യമല്ല. ഇറച്ചിയും മീനുമൊക്കെ കഴിക്കാം. തണുത്ത ഭക്ഷണം കൊടുക്കരുത്. ചെറു ചൂടുള്ള ഭക്ഷണം നൽകുക. ഉപ്പ് നിർബന്ധമായും നൽകണം. അല്ലെങ്കിൽ രക്തസമ്മർദം താഴ്ന്ന് രോഗി മരിക്കാനിടയാകും.
വാക്സിൻ ഫലപ്രദം
വൈറൽ ബാധയുണ്ടാകുന്ന സമയത്ത് ആസ്പിരിൻ കഴിക്കുന്നത് റെയ്സ് സിൻഡ്രോം എന്ന അവസ്ഥയ്ക്കു കാരണമാകും. അതിനാൽ പനി കുറയ്ക്കാൻ പരസെറ്റാമോളല്ലാതെ മറ്റൊന്നും കഴിക്കരുത്. ആധുനിക വൈദ്യശാസ്ത്രത്തിൽ ചിക്കൻപോക്സിനു ഫലപ്രദമായ ചികിത്സയുണ്ട്. പ്രതിരോധ കുത്തിവയ്പുമുണ്ട്. വാക്സിന് ആയിരം രൂപയിൽ കൂടുതൽ ചിലവു വരും. 12 വയസിനു താഴെ ഒരു ഡോസ് വാക്സിൻ എടുത്താൽ മതി. 12 വയസിനു മേൽ ഒരു മാസം ഇടവിട്ടു രണ്ടു ഡോസ് വാക്സിൻ കുത്തിവയ്ക്കണം. ഗർഭിണികൾക്കും വൃദ്ധർക്കുമൊക്കെ ചിക്കൻപോക്സ് വളരെ മാരകമാണ്. തലച്ചോർ, വൃക്കകൾ, കരൾ, ശ്വാസകോശങ്ങൾ എന്നിവയിലൊക്കെ ഈ വൈറസ് ബാധിച്ചാൽ മരണം വരെ സംഭവിക്കാം. യഥാസമയം ചികിത്സിച്ചാൽ,കേരളത്തിൽ പ്രതിവർഷം ചിക്കൻപോക്സ് മൂലമുണ്ടാകുന്ന ആയിരക്കണക്കിനു മരണങ്ങൾ ഒഴിവാക്കാം.
തുടക്കത്തിൽ തന്നെ ചികിത്സിക്കണം
ചിക്കൻപോക്സ് തുടക്കത്തിൽ തന്നെ ചികിത്സിക്കണം.ചികിത്സിച്ചാൽ കുരുക്കൾ ഉൾവലിയുമെന്ന ധാരണ തെറ്റാണ്. ചികിത്സിച്ചില്ലെങ്കിൽ പിന്നീട് ഹെർപ്പിസ് സോസ്റ്റർ എന്ന രോഗമായി മാറാം. ഇത് കേൾവിയേയും കാഴ്ചയേയും ബാധിക്കാം. ചിക്കൻപോക്സ് വന്നാൽ കലാമിൻ ലോഷൻ പുരട്ടി കുളിക്കാം. ഇറച്ചിയും മീനും ഉപ്പും ഉൾപ്പെടെ ഏതു ഭക്ഷണവും കഴിക്കാം.