Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സൂക്ഷിക്കണം, തൈറോയ്ഡിനെ...

thyrocare

ഒന്നു തുമ്മിയാൽ ഡോക്ടറെ സമീപിക്കുന്നവർ പോലും തൈറോയ്ഡ് സംബന്ധമായ അസുഖങ്ങളെ ഗൗരവമായി എടുക്കാറില്ല. കൃത്യമായ ഇടവേളകളിൽ പ്രമേഹവും രക്തസമ്മർദവും പരിശോധിക്കുന്നവർ പോലും തൈറോയ്ഡ് പരിശോധന നടത്തുന്ന കാര്യത്തിൽ മാത്രം കണ്ണടയ്ക്കാറാണു പതിവ്. എങ്കിൽ കേട്ടോളൂ, തൈറോയ്ഡ് രോഗം തകരാറിലാക്കുന്നതു ശരീരത്തെ മാത്രമല്ല മനസ്സിനെക്കൂടിയാണ്. തൈറോയ്ഡ് രോഗം മൂലമുണ്ടാകുന്ന ഹോര്‍മോണ്‍ വ്യതിയാനങ്ങള്‍ മാനസികസമ്മർദങ്ങളിലേക്കും നയിക്കാം.

∙ എന്താണ് തൈറോയ്ഡ്
ചിത്രശലഭത്തിന്റെ ആകൃതിയിൽ കഴുത്തിനു മുൻഭാഗത്തായാണ് തൈറോയ്ഡ് ഗ്രന്ഥികള്‍ കാണപ്പെടുന്നത്. കോശപ്രവർത്തനങ്ങളിൽ നിർണായക പങ്കു വഹിക്കുന്ന ടി 3, ടി 4 എന്നീ ഹോർമോണുകൾ ഉൽപാദിപ്പിക്കുന്നത് ഈ ഗ്രന്ഥികളാണ്. തൈറോയ്ഡ് ഹോര്‍മോണ്‍ കൂടിയാലും കുറഞ്ഞാലും പ്രശ്‌നമാണ്. തൈറോയ്ഡ് ഹോര്‍മോണിന്റെ അളവ് ആവശ്യമായതിലും കുറയുന്ന അവസ്ഥ ഹൈപ്പോ തൈറോയ്ഡിസം എന്നും ഹോര്‍മോണ്‍ കൂടുന്ന അവസ്ഥ ഹൈപ്പര്‍ തൈറോയ്ഡിസം എന്നും അറിയപ്പെടുന്നു. മാത്രമല്ല തൈറോയ്ഡ് ഗ്രന്ഥിയില്‍ ഉണ്ടാകുന്ന ഗോയിറ്റര്‍ അടക്കമുള്ള മുഴകളും രോഗാവസ്ഥയാണ്. ചുരുക്കത്തില്‍ തൈറോയ്ഡ് ഹോര്‍മോണിന്റെ ഉൽപാദനത്തില്‍ ഉണ്ടാകുന്ന വ്യതിയാനങ്ങളാണ് രോഗാവസ്ഥയിലേക്കു മാറുന്നത്.

∙ കുടുംബം തകരാം
ഇതുമായി ബന്ധപ്പെട്ട പഠനങ്ങള്‍ പറയുന്നത് കുടുംബബന്ധങ്ങളില്‍ വിള്ളല്‍ വീഴ്ത്തുന്നതില്‍ തൈറോയ്ഡ് രോഗം നിർണായക പങ്കു വഹിക്കുന്നു എന്നാണ്. അതിവൈകാരികത, അമിതദേഷ്യം, കടുത്ത നിരാശ, നിസ്സാരപ്രശ്‌നങ്ങളില്‍ അമിതമായ വൈകാരിക പ്രതികരണം, വിഷാദം, ഏകാഗ്രതക്കുറവ്, ഓർമക്കുറവ് തുടങ്ങിയവ തൈറോയ്ഡ്‌ രോഗവുമായി ബന്ധപ്പെട്ടു വരുന്ന പ്രശ്‌നങ്ങളാണ്. ഇവ ‍കുടുംബബന്ധങ്ങളെ ദോഷകരമായി ബാധിക്കാം. ചിലപ്പോൾ അക്ഷമയും ദേഷ്യവും മൂലം അതിരു വിടുന്ന വാക്കുകളും പ്രവൃത്തിയും വിവാഹമോചനത്തിനു വരെ കാരണമാകാം.

∙ ലക്ഷണങ്ങൾ
അമിതമായ ഉറക്കം, അമിതവണ്ണം, അലസത, ശരീരഭാഗങ്ങളില്‍ നീര്, കിതപ്പ്, ആര്‍ത്തവ സമയത്തെ അമിത രക്തസ്രാവം, അമിതമായി തണുപ്പ് അനുഭവപ്പെടുക, ശബ്ദത്തില്‍ ഉണ്ടാകുന്ന വ്യതിയാനം, മുടി കൊഴിച്ചില്‍, ചർമവരൾച്ച, കണ്‍പോളകളില്‍ നീര്, ക്രമം തെറ്റിയ ആര്‍ത്തവം എന്നിവയാണു ഹൈപ്പോ തൈറോയ്ഡിസത്തിന്റെ പ്രധാന ലക്ഷണങ്ങള്‍. ലക്ഷണങ്ങള്‍ ഇല്ലാതെയും ഹൈപ്പോ തൈറോയ്ഡിസം ഉണ്ടാകാം.

പെട്ടെന്നു ശരീരഭാരം കുറയുക, നെഞ്ചിടിപ്പ് ഉയരുക, ശരീരത്തിന് എപ്പോഴും ചൂട് അനുഭവപ്പെടുക, കൈകാലുകള്‍ക്കു
വിറയല്‍, ഉത്കണ്ഠ, അതിവൈകാരികത, സന്ധികള്‍ക്കു വേദന, അമിതമായ വിയര്‍പ്പ്, ക്രമം തെറ്റിയ ആര്‍ത്തവം, ഉറക്കമില്ലായ്മ തുടങ്ങിയവ ഹൈപ്പര്‍ തൈറോയ്ഡിസത്തിന്റെ ലക്ഷണങ്ങളാണ്.

∙ പരിശോധനയ്ക്കു മടി വേണ്ട
തൈറോയ്ഡ് പരിശോധന നടത്തുന്ന കാര്യത്തിൽ നമ്മുടെ രാജ്യത്തെ ജനങ്ങൾ വളരെ പിന്നിലാണത്രേ. ഡൽഹി ആസ്ഥാനമായി പ്രവർത്തിക്കുന്ന ഗ്ലോബൽ റിസർച് ആൻഡ് കൺസൽറ്റിങ് ഓർഗനൈസേഷൻ നടത്തിയ പഠനത്തിലാണ് ഈ കണ്ടെത്തൽ. സ്ത്രീകളാണ് തൈറോയ്ഡ് പരിശോധനയ്ക്ക് ഏറ്റവുമധികം മടി കാണിക്കുന്നത്. പ്രത്യേകിച്ചും ഗർഭിണികളായ സ്ത്രീകളിൽ നാലിലൊന്നു പേർ മാത്രമേ തൈറോയ്ഡ് പരിശോധന നടത്താറുള്ളു. വെറും അഞ്ചു ശതമാനത്തിൽ താഴെ മാത്രം സ്ത്രീകളാണ് ഗർഭധാരണസമയത്തെ തൈറോയ്ഡ് പ്രശ്നങ്ങളുമായി ഡോക്ടർമാരെ സമീപിക്കാറുള്ളതെന്നും കണക്കുകൾ വ്യക്തമാക്കുന്നു.

രണ്ടു തരത്തിലാണ് തൈറോയ്ഡ് ഗ്രന്ഥിയിലെ മുഴകൾ- കാൻസർ മുഴയും സാധാരണ മുഴയും. സാധാരണഗതിയിൽ അഞ്ചു ശതമാനം മുഴകളേ അപകടസാധ്യതയുള്ളതായി കാണാറുള്ളു. മുഴയുടെ വലുപ്പവും സ്വഭാവവും മനസ്സിലാക്കാൻ ഹോർമോൺ അളവ് പരിശോധന, അൾട്രാ സൗണ്ട് സ്കാൻ എന്നിവ നടത്തും. തൈറോയ്ഡ് ഫങ്ഷൻ ടെസ്റ്റും നടത്തും. അർബുദസാധ്യതയുള്ള മുഴയാണെങ്കിൽ ശസ്ത്രക്രിയയും തുടർന്നു റേഡിയോ എയ്ഡ് ചികിൽസയും വേണ്ടിവരും. അപകടസാധ്യത ഇല്ലാത്ത മുഴയാണെങ്കിൽ ശസ്ത്രക്രിയ ചെയ്തു നീക്കേണ്ടതില്ല.

∙ ഭക്ഷണത്തിലും ശ്രദ്ധ വേണം
പുരുഷന്മാരെ അപേക്ഷിച്ചു സ്ത്രീകളില്‍ തൈറോയ്ഡ് രോഗബാധ ഒമ്പത് ഇരട്ടി കൂടുതലാണെന്നു കണക്കാക്കിയിട്ടുണ്ട്. തൈറോയ്ഡ് രോഗികൾക്ക് ആഹാരകാര്യത്തില്‍ കര്‍ശന നിയന്ത്രണം വേണം. കൃത്രിമ നിറങ്ങളും രുചിക്കൂട്ടുകളും ചേര്‍ത്ത ഭക്ഷണവും എരിവും പുളിയും കൂടുതലുള്ള ഭക്ഷണവും ഒഴിവാക്കണം. അയഡിന്‍ ചേര്‍ത്ത ഉപ്പ്, ഇന്തുപ്പ് എന്നിവ ഭക്ഷണത്തിൽ ഉള്‍പ്പെടുത്തണം. ഇലക്കറികളും പച്ചക്കറികളും ധാരാളമായി ഉപയോഗിക്കാം.

വിവരങ്ങൾക്കു കടപ്പാട് : തൈറോകെയർ