Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ജീവിതശൈലീരോഗങ്ങളെ പ്രതിരോധിക്കാൻ വെണ്ണപ്പഴം

avocado

പുറമെ കാണുമ്പോൾ പരുക്കനാണെന്ന് തോന്നുമെങ്കിലും ഉള്ള് വെണ്ണപോലെ മൃദുലം. ഇംഗ്ലീഷിൽ അവൊക്കാഡോ എന്നു വിളിക്കുന്ന ബട്ടർഫ്രൂട്ട് എന്ന വെണ്ണപ്പഴത്തെക്കുറിച്ചാണ് പറഞ്ഞു വരുന്നത്.

മധ്യ അമേരിക്കയാണ് വെണ്ണപ്പഴത്തിന്റെ ജന്മദേശം. കേരളത്തിൽ വയനാട്ടിലും ഇടുക്കിയിലെ ചില പ്രദേശങ്ങളിലും വെണ്ണപ്പഴം കൃഷി ചെയ്യുന്നുണ്ട്. പശുവിൻ വെണ്ണയുടെ നിറവും എണ്ണക്കുരുവിനോട് സാമ്യമുള്ള രുചിയും ആണതിന്. വെണ്ണപ്പഴം പാകമായാലും മാസങ്ങളോളം മരത്തിൽതന്നെ കേടുകൂടാതെ നില്ക്കും എന്നത് മറ്റൊരു പഴത്തിനും ഇല്ലാത്ത പ്രത്യേകതയാണ്.

ഏറ്റവും പോഷക പ്രധാനമായ പഴങ്ങളിൽ ഒന്നാണ് വെണ്ണപ്പഴം. മിക്ക പഴങ്ങളിലും പ്രധാനമായും അന്നജം ആണ് അടങ്ങിയിട്ടുള്ളത്. എന്നാൽ വെണ്ണപ്പഴത്തിൽ ആരോഗ്യകരമായ കൊഴുപ്പുകൾ ധാരാളം അടങ്ങിയിരിക്കുന്നു.

ഇരുപതോളം വ്യത്യസ്ത ഇനം ജീവകങ്ങളും ധാതുക്കളും വെണ്ണപ്പഴത്തിൽ അടങ്ങിയിരിക്കുന്നു. 100 ഗ്രാം വെണ്ണപ്പഴത്തിൽ ജീവകം K (26%), ഫോളേറ്റ് (20%), ജീവകം C (17%), പൊട്ടാസ്യം (14%), ജീവകം B5 (14%), ജീവകം B6, (13%), ജീവകം E (10%) എന്നിവ അടങ്ങിയിട്ടുണ്ട്. കൂടാതെ ചെറിയ അളവിൽ മഗ്നീഷ്യം, മാംഗനീസ്, കോപ്പർ, ഇരുമ്പ്, സിങ്ക്, ഫോസ്ഫറസ്, ജീവകം 4, B1 (തയാമിന്‍), B2 (റൈബോഫ്ലോവിൻ) ബി 3 (നിയാസിൻ) ഇവയും അടങ്ങിയിട്ടുള്ള വെണ്ണപ്പഴത്തിൽ 2 ഗ്രാം മാംസ്യം, 15 ഗ്രാം ആരോഗ്യമായ കൊഴുപ്പുകൾ ഇവ അടങ്ങിയിരിക്കുന്നു.

വെണ്ണപ്പഴത്തിൽ കോളസ്ട്രോൾ സോഡിയം ഇവ അടങ്ങിയിട്ടേയില്ല. പൂരിത കൊഴുപ്പ് വളരെ കുറച്ചു മാത്രമേ അടങ്ങിയിട്ടുള്ളു.

വെണ്ണപ്പഴത്തിൽ പൊട്ടാസ്യം ധാരാളം അടങ്ങിയിരിക്കുന്നു. ഇത് ഹൃദയാഘാതത്തിനും പക്ഷാഘാതത്തിനും വൃക്കത്തകരാറിനും കാരണമായേക്കാവുന്ന രക്തസമ്മർദം കുറയ്ക്കാന്‍ സഹായിക്കുന്നു. അധികമൊന്നും നമുക്ക് ലഭിക്കാത്ത ധാതുവാണ് പൊട്ടാസ്യം.

ഉയര്‍ന്ന കൊഴുപ്പ് അടങ്ങിയ ഭക്ഷണമാണിത്. 77 ശതമാനം കലോറിയും കൊഴുപ്പിൽ നിന്നാണ് ലഭിക്കുന്നത്. ഇന്നുള്ളതിൽ വച്ച് ഏറ്റവും കൊഴുപ്പ് അടങ്ങിയ സസ്യഭക്ഷണമാണ് വെണ്ണപ്പഴം.

ഒലേയിക് അമ്ലത്തിന്റെ രൂപത്തിലാണ് വെണ്ണപ്പഴത്തിലെ കൊഴുപ്പ്. ഇത് ഒരു മോണോ അൺസാച്ചുറേറ്റഡ് ഫാറ്റി ആസിഡ് ആണ്. ഒലിവ് ഓയിലിലെ പ്രധാനഘടകവും ഇതാണ്. അർബുദത്തെ പ്രതിരോധിക്കാനുള്ള കഴിവും ഒലേയിക് ആസിഡിനുണ്ട്.‌

ചൂടാകുമ്പോൾ ഓക്സീകരണത്തിനു വിധേയമാകാത്തതിനാൽ അവൊക്കാഡോ ഓയിൽ ഉപയോഗിച്ച് പാചകം ചെയ്യുന്നത് ആരോഗ്യകരവും ‌സുരക്ഷിതവും ആണ്.

വെണ്ണപ്പഴത്തിൽ നാരുകൾ ധാരാളം അടങ്ങിയിരിക്കുന്നു. ശരീരഭാരം കുറയ്ക്കാനും രക്തത്തിലെ പഞ്ചസാരയുടെ അളവു കുറയ്ക്കാനും നിരവധി രോഗങ്ങളെ തടയാനും വെണ്ണപ്പഴത്തിനു കഴിവുണ്ട്. 100 ഗ്രാം വെണ്ണപ്പഴത്തിൽ 7 ഗ്രാം നാരുകൾ അടങ്ങിയിട്ടുണ്ട്. ഒരു ദിവസം ആവശ്യമുള്ള നാരുകളുടെ 27ശതമാനമാണിത്.

കൊളസ്ട്രോൾ കുറയ്ക്കാനും ഉത്തമം. രക്തത്തിലെ ട്രൈഗ്ലിസറൈഡുകളെ 20% കുറയ്ക്കുന്നു. എൽ ഡി എല്‍ കൊളസ്ട്രോൾ 22% കുറയ്ക്കുന്നു. നല്ല കൊളസ്ട്രോളായ എച്ച് ഡി എൽ നെ 11 ശതമാനം വർധിപ്പിക്കാനും വെണ്ണപ്പഴത്തിനു കഴിയും.

വെണ്ണപ്പഴസത്ത് സന്ധിവാതം തടയാന്‍ നല്ലതാണെന്ന് പഠനങ്ങളിൽ തെളി‍ഞ്ഞിട്ടുണ്ട്. മറ്റു ഭക്ഷണ പദാർത്ഥങ്ങളിൽ നിന്ന് ആന്റി ഓക്സിഡന്റുകളെ ആഗീരണം ചെയ്യുന്നതോടൊപ്പം വെണ്ണപ്പഴവും ആന്റിഒക്സിഡന്റുകളുടെ കലവറയാണ്. ആന്റി ഓക്സിഡന്റുകള്‍ ആയ ല്യൂടിൻ സിസാന്തിൻ ഇവ കണ്ണുകളുടെ ആരോഗ്യത്തിന് നല്ലതാണ്. പ്രായമാകുമ്പോഴുണ്ടാകുന്ന തിമിരം, പേശി ക്ഷയം ഇവയ്ക്കെല്ലാമുള്ള സാധ്യതയെ കുറയ്ക്കാൻ വെണ്ണപ്പഴത്തിലടങ്ങിയ പോഷകങ്ങൾക്കു കഴിയും.

അർബുദം തടയുന്നു. പ്രോസ്റ്റേറ്റ് കാൻസർ കോശങ്ങളുടെ വളർച്ച തടയാൻ വെണ്ണപ്പഴത്തിനു കഴിയും ഹ്യൂമൻ ലിംഫോസൈറ്റുകളിൽ കീമോതെറാപ്പിയുടെ പാർശ്വഫലങ്ങൾ തടയാൻ വെണ്ണപ്പഴത്തിനു കഴിയും എന്ന് തെളിഞ്ഞിട്ടുണ്ട്.

നാരുകൾ‌ ധാരാളം അടങ്ങിയിരിക്കുന്നതു കൂടാതെ അന്നജം വളരെ കുറവാണ്. ശരീരഭാരം കുറയ്ക്കാനും വെണ്ണപ്പഴം സഹായിക്കും. തനിയെ കഴിക്കുകയോ സാലഡിൽ ചേർത്തു കഴിക്കുകയോ ചെയ്യാം.

മെക്സിക്കോയിൽ ഉള്ളവർ വെണ്ണപ്പഴം ഉപയോഗിച്ച് ‘ഗ്വാക്കമോൾ’ എന്ന വിഭവം ഉണ്ടാക്കുന്നു. ബ്രസീലിൻ ഐസ്ക്രീം മിൽക്ക് ഷേയ്ക്ക് ഇവയിൽ വെണ്ണപ്പഴം ചേർക്കുന്നു. വെണ്ണപ്പഴം കട്ടൻകാപ്പിയിൽ കലർത്തി പഞ്ചസാരയും ചേർത്ത് കഴിക്കുന്നത് ജാവയിലെ ഒരു വിശിഷ്ട ഭക്ഷണമാണ് വെണ്ണപ്പഴം കൊണ്ട് അച്ചാറും ഉണ്ടാക്കുന്നുണ്ട്.

ചർമസൗന്ദര്യം വർധിപ്പിക്കാൻ ശേഷിയുള്ളതിനാൽ സൗന്ദര്യവർധക വസ്തുക്കളുടെ നിർമാണത്തിനും വെണ്ണപ്പഴം ഉപയോഗിക്കുന്നുണ്ട്. വെണ്ണപ്പഴ‌ത്തിന്റെ കുരുപൊടിച്ച് തലയിൽ തേച്ചാൽ താരന്‍ മാറും. ചൈനയിലും ജപ്പാനിലും ആമാശയ വ്രണത്തിനും വയറുവേദനയ്ക്കും ഉള്ള മരുന്നായി ഈ പഴം കഴിക്കുന്നു.

കറുവപ്പട്ടയുടെ കുടുംബമായ ലോറേസിയയിലെ അംഗമാണ് വെണ്ണപ്പഴം. കൊഴുപ്പ് കൂടുതൽ അടങ്ങിയതിനാലും ഗന്ധകത്തിന്റെ അംശം കൂടുതൽ ഉള്ളതിനാലും കൂടുതൽ കഴിച്ചാൽ ദഹനക്കേടിനു സാധ്യതയുണ്ട്.

എന്നാൽ പൊട്ടാസ്യത്തിന്റെ അളവ് കൂടുതലായതിനാലും സോ‍ഡിയത്തിന്റെ അംശം കുറവായതിനാലും ഉയർന്ന രക്തസ‌മ്മർദമുള്ളവർക്ക് ‌കഴിക്കാൻ പറ്റിയ പഴമാണ്. അന്നജത്തിന്റെ അംശം കുറവായതിനാലും ഫ്രീ ഷുഗർ ഇല്ലാത്തതിനാലും ‌പ്രമേഹരോഗികൾക്കും അനുയോജ്യമായ ഒരു പഴമാണിത്.