Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പാവയ്ക്ക പ്രമേഹം കുറയ്ക്കുമോ?

bitter-gourd

പഴങ്ങളിലും പച്ചക്കറികളിലും വച്ച് ഏറ്റവും കയ്പ്പുള്ള ഒന്നാണല്ലോ പാവയ്ക്ക. പരമ്പരാഗതമായി പല അസുഖങ്ങൾക്കും ഒരു പരിഹാരമായി പാവയ്ക്ക ഉപയോഗിക്കുന്നു. ധാരാളം വൈറ്റമിനുകളും മിനറലുകളുമുള്ള പാവയ്ക്കയിൽ കലോറിയും ഫാറ്റും നന്നെ കുറവാണ്.

Nutrition details for bitter Gourd (100 gm)

Energy – 25 kcal
Protein -1.6 gm
Fat - .2gm
Fiber - .8 gm
Carbohydrates – 4.2 gm
Calcium – 20 gmg
Iron - .61 mg
Carotene – 126 meg
Thiamine – 0.07 mg
Riboflavin - .09 mg
Niacin - .5 mg
Vit C – 88 mg
Magnesium – 26 mg
Sodium – 2.4 mg
Potassium – 171 mg
Zinc -.38

രോഗപ്രതിരോധ ശക്തി, കരൾ സംബന്ധിയായ അസുഖങ്ങൾ, രക്തസമ്മർദം തുടങ്ങി പല അസുഖങ്ങൾക്കും പാവയ്ക്ക ഒരു പരിഹാരമാർഗം എന്ന നിലയിൽ കാണുന്നുണ്ട്. എങ്കിലും പ്രമേഹരോഗികൾക്കിടയിലാണ് ഇവയ്ക്ക് കൂടുതൽ പ്രാധാന്യം ലഭിച്ചുവരുന്നത്.

പാവയ്ക്കയ്ക്ക് പ്രമേഹത്തെ കുറയ്ക്കാൻ പറ്റുമോ എന്നത് വർഷങ്ങളായി ഉള്ള ചോദ്യമാണ്. ഇതിനെ അനുകൂലിച്ചും പ്രതികൂലിച്ചും പല പഠനങ്ങളും വരുന്നുണ്ട്. പാവയ്ക്കയിൽ അടങ്ങിയിരിക്കുന്ന Vicine, Charantin, Poly peptide എന്നീ ഘടകങ്ങളാണ് രക്തത്തിലെ പഞ്ചസാരയെ കുറയ്ക്കാൻ സഹായിക്കുന്നത് എന്നും ഒരു പഠനത്തിൽ പറയുന്നു. ഇവയുടെ ഒരുമിച്ചുള്ള പ്രവർത്തനം രക്തത്തിലേക്ക് പഞ്ചസാര വരുന്നതു നിയന്ത്രിക്കാനും രക്തത്തിലുള്ള പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാനും കഴിയും എന്നു പറയുന്നു. മറ്റൊരു പഠനത്തിൽ പാവയ്ക്കായിലുള്ള ഒരു Lactin രക്തത്തിലെ പഞ്ചസാരയെ കുറയ്ക്കാൻ സഹായിക്കും എന്നു പറയുന്നു. 2011ൽ 4 ആഴ്ച തുടർച്ചയായി നടന്ന പഠനത്തിൽ പാവയ്ക്കയുടെ ഉപയോഗ ശേഷം പ്രമേഹരോഗികളിൽ രക്തത്തിലെ പഞ്ചസാര കുറയുന്നതായും രേഖപ്പെടുത്തിയിരിക്കുന്നു.‌

എന്നാൽ പാവയ്ക്കയുടെ ഉപയോഗ ശേഷവും രക്തത്തിലെ പഞ്ചസാരയുടെ അളവ് മാറ്റമില്ലാതെ തുടരുന്നു എന്നു കാണിക്കുന്ന പഠനങ്ങളും ഉണ്ട്. ഇവയ്ക്ക് ഉദാഹരണമാണ് ഇന്ത്യയിൽ തന്നെ നടന്ന രണ്ടുപഠനങ്ങൾ. ഇവയിൽ പാവയ്ക്കയുടെ ഉപയോഗ ശേഷവും രക്തത്തിലെ പഞ്ചസാരയുടെ നിലയ്ക്ക് കാര്യമായ മാറ്റം ഉണ്ടാകുന്നില്ല എന്നു പറയുന്നു. പാവയ്ക്ക നീരിന് പാവയ്ക്കയെക്കാൾ ഗുണമുള്ളതായി തെളിയിക്കപ്പെട്ടിട്ടില്ല. ചില പഠനങ്ങളിൽ പാവയ്ക്കാ നീരിന്റെ ദോഷവശങ്ങളെക്കുറിച്ചും പറയുന്നു. ഗർഭാവസ്ഥയിൽ പാവയ്ക്ക നീരു ചിലരിൽ ദോഷകരമായ ഫലങ്ങൾ ഉണ്ടാക്കുന്നതായി കണ്ടുവരുന്നു. അതിനാൽതന്നെ ഗർഭിണിയായ പ്രമേഹരോഗികൾ പാവയ്ക്കാ നീര് ഒഴിവാക്കുന്നതാണ് ഉത്തമം.

ഇന്ത്യയിലും ലോകത്തിന്റെ പല കോണിലുമായി പാവയ്ക്കയെയും പ്രമേഹത്തെയും കുറിച്ചുള്ള പല പഠനങ്ങളും നടന്നു വരുന്നു. പ്രമേഹം ശരിയായ ചികിത്സയും ഭക്ഷണ ക്രമീകരണവും വ്യായാമവും കൊണ്ടുമാത്രം നിയന്ത്രണ വിധേയമാകുന്ന ഒന്നാണ്. പ്രമേഹരോഗികൾക്ക് അവരുടെ ഭക്ഷണത്തില്‍ ഉൾപ്പെടുത്താവുന്ന ഒന്നാണ് പാവയ്ക്ക. എന്നാൽ പാവയ്ക്കായോ പാവയ്ക്കാ നീരോ കൊണ്ടു മാത്രം പ്രമേഹത്തെ നിയന്ത്രിക്കാം എന്നുള്ളതിന് മതിയായ തെളിവുകളില്ല. കിഡ്നി സംബന്ധമായ രോഗമുള്ളവർ ഡോക്ടറുടെയോ ഡയറ്റീഷന്റെയോ നിർദേശ പ്രകാരമേ പാവയ്ക്ക ഭക്ഷണത്തിൽ ഉൾപ്പെടുത്താവു.