Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഗർഭിണികൾ പാരസെറ്റമോൾ കഴിക്കരുതെന്ന് ഗവേഷകർ

pregnancy

പനിയോ തലവേദനയോ ശരീരവേദനയോ വന്നാലുടൻ പാരസെറ്റമോൾ കഴിക്കുകയാണ് മിക്കവരുടെയും പതിവ്. വൈദ്യ നിർദേശമില്ലാതെതന്നെ ഒരു സ്വയം ചികിൽസ. എന്നാൽ ഗർഭിണികൾ ഇനി പാരസെറ്റമോൾ കഴിക്കരുതെന്നാണ് ഗവേഷകർ പറയുന്നത്. 

ഗർഭിണികൾ പാരസെറ്റമോൾ കഴിച്ചാൽ ജനിക്കുന്ന പെൺ കുഞ്ഞിന് വന്ധ്യതയുണ്ടാകുമെന്ന് ഒരു പഠനം മുന്നറിയിപ്പു നൽകുന്നു. 

എഡിൻബർഗ് സർവകലാശാല ഗവേഷകർ നടത്തിയ പഠനത്തിൽ, ഒരാഴ്ച പാരസെറ്റമോളുമായി സമ്പർക്കത്തിൽ വന്ന ഗർഭസ്ഥ ശിശുവിന്റെ അണ്ഡാശയത്തിൽ അണ്ഡങ്ങളുടെ എണ്ണം 40 ശതമാനം കുറഞ്ഞതായി കണ്ടു. ജനിക്കാൻ പോകുന്നത് പെൺകുഞ്ഞാണെങ്കിൽ അണ്ഡത്തിലെ കോശങ്ങളുടെ എണ്ണം കുറയാൻ പാരസെറ്റമോളിന്റെ ഉപയോഗം കാരണമാകും. ഇത് ഭാവിയിൽ ഗർഭം ധരിക്കാൻ പ്രയാസം നേരിടാനും നേരത്തേയുള്ള ആർത്തവ വിരാമത്തിനും കാരണമാകും. 

പാരസെറ്റമോള്‍, പ്രോസ്റ്റാഗ്ലാന്‍ഡിൽ ഇ 2 എന്ന ഹോർമോണുമായി ചേർന്ന് ഗർഭസ്ഥശിശുവിന്റെ പ്രത്യുല്പാദന വ്യവസ്ഥയുടെ വളർച്ചയിൽ പ്രധാന പങ്കു വഹിക്കുന്നു. ഗർഭസ്ഥ ശിശു ആൺകുഞ്ഞാണെങ്കിലും ഇത് ദോഷകരമായി ബാധിക്കും. എന്നാൽ വന്ധ്യതാപ്രശ്നങ്ങൾ ഉണ്ടാകില്ലെന്നു മാത്രം.

കോപ്പൻഹേഗൻ യൂണിവേഴ്സിറ്റി ഹോസ്പിറ്റലിലെ ഡോ. ഡേവിഡ് ക്രിസ്റ്റെൻസണും സംഘവും എലികളിൽ നടത്തിയ മൂന്നു വ്യത്യസ്ത പഠനങ്ങളിലും ഗർഭകാലത്തെ പാരസെറ്റമോളിന്റെ ഉപയോഗം ഗർഭസ്ഥശിശുവിന്റെ, പ്രത്യുല്പാദന വ്യവസ്ഥയുടെ വളർച്ചയെ ബാധിക്കുന്നതായി കണ്ടു. 

ഗർഭിണിയായ ഒരു സ്ത്രീ വേദന മാറാൻ കഴിക്കുന്ന അതേ അളവിൽ പാരസെറ്റമോൾ പെണ്ണെലികൾക്കു നൽകി. അവ അണ്ഡകോശങ്ങളുടെ എണ്ണം കുറഞ്ഞ പെണ്ണെലികൾക്കു ജന്മം നൽകി. ഇത് പ്രായപൂര്‍ത്തിയെത്തുമ്പോൾ ഗർഭധാരണത്തിനു തടസ്സമാകും. 

പാരസെറ്റമോളും ഇബുപ്രൊഫൈനും മനുഷ്യ ഭ്രൂണത്തിൽ ഉണ്ടാക്കുന്ന പ്രത്യാഘാതങ്ങളെക്കുറിച്ചു പഠിച്ച ഗവേഷകർ, ഒരാഴ്ച ഗർഭസ്ഥ ശിശുവിന്റെ അണ്ഡാശയത്തെയും വൃഷണത്തെയും നിരീക്ഷിച്ചു. അണ്ഡാശയത്തിലെ  കോശങ്ങൾ 40 ശതമാനം കുറഞ്ഞതായും വൃഷണത്തിലെ ജെം സെല്ലുകളുടെ എണ്ണം അഞ്ചിൽ ഒന്നായി കുറഞ്ഞതായും കണ്ടു.

ഗർഭിണികൾ പാരസെറ്റമോള്‍ കഴിക്കരുതെന്ന് എൻഡോക്രൈൻ കണക്ഷൻസ് ജേണലിൽ പ്രസിദ്ധീകരിച്ച ഈ പഠനം പറയുന്നു. 

Read More : ആരോഗ്യവാർത്തകൾ