Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

അരുമകൾക്കമൃതായി അമ്മിഞ്ഞപ്പാൽ

breast-feeding

മുലപ്പാലിൻറെ മഹത്വത്തെക്കുറിച്ച് ഏറെ പറയാറുണ്ടെങ്കിലും ചിലപ്പോഴെങ്കിലും നമ്മുടെ അമ്മമാർ അതൊക്കെ മറന്നുപോകുന്നതായി തോന്നുന്നു. മുലപ്പാലിൻറെ ഗുണഗണങ്ങളെക്കുറിച്ചുള്ള അവബോധത്തോടൊപ്പം തന്നെ പ്രധാനമാണ് എങ്ങനെ മുലയൂട്ടണമെന്നതും. നവജാതശിശുക്കളുള്ള അമ്മമാർക്കും ഉടനടി അമ്മയാകാൻ പോകുന്നവർക്കുമായി മുലയൂട്ടലുമായി ബന്ധപ്പെട്ട ചില നുറുങ്ങുകൾ ഇതാ:

എപ്പോൾ തുടങ്ങണം?

സുഖപ്രസവമാണെങ്കിൽ ഒരു മണിക്കൂറിനുള്ളിലും സിസേറിയനാണെങ്കിൽ മയക്കം തെളിഞ്ഞതിനുശേഷം കഴിയുന്നതും ആദ്യത്തെ രണ്ടു മുതൽ അങ്ങേയറ്റം നാലു മണിക്കൂറിനുള്ളിലും മുലയൂട്ടൽ തുടങ്ങണം. മുല ചപ്പിക്കുടിക്കുവാനുള്ള കുഞ്ഞിൻറെ കഴിവ് ഏറ്റവും ശക്തമായിരിക്കുന്നത് പ്രസവശേഷമുള്ള ആദ്യമണിക്കൂറിലാണെന്നോർക്കുക.

എപ്പോഴെല്ലാം മുലയൂട്ടണം?

ഇത്ര മണിക്കൂർ ഇടവിട്ട് എന്നു പറയാൻ പറ്റില്ല. കുഞ്ഞിന് ആവശ്യമുള്ളപ്പോഴൊക്കെ കൊടുക്കുക. Demand feeding എന്നതാണ് ഏറ്റവും അനുയോജ്യം. ആരോഗ്യമുള്ള കുഞ്ഞ് ഒരു പ്രാവശ്യം വയറുനിറയെ പാൽ കുടിച്ചാൽ രണ്ടു മൂന്നു മണിക്കൂർ സുഖമായി ഉറങ്ങും. വീണ്ടും വിശന്നുകരയുമ്പോൾ പാൽ കൊടുത്തു തുടങ്ങാം.

കുഞ്ഞിനെ എങ്ങനെ പിടിക്കണം?

പല അമ്മമാരും മുലയൂട്ടുന്നതു വിവിധങ്ങളായ രീതിയിൽ പിടിച്ചിട്ടാണെങ്കിലും പ്രധാനമായും നാലുതരത്തിലുള്ള രീതികളാണുള്ളത്.

ക്രേഡിൽ ഹോൾഡ്(Cradle hold) : ഇവിടെ കുഞ്ഞിൻറെ തല, ഏതു ഭാഗത്തെ മുലയാണോ കൊടുക്കുന്നത് ആ ഭാഗത്തെ കൈമുട്ടിൻറെ മടക്കിനുള്ളിൽ വരത്തക്കവണ്ണമാണ് അമ്മ പിടിക്കേണ്ടത്. കൂടാതെ കൈകൊണ്ടു കുഞ്ഞിൻറെ പുറം താങ്ങുകയും വേണം. ആവശ്യത്തിന് ഉയരം കിട്ടാൻ മടിയിൽ ഒരു തലയിണ വച്ചതിനുശേഷം വേണം ഇതു ചെയ്യാൻ. മറുകൈ കൊണ്ടു മുല പിടിച്ചു കുഞ്ഞിൻറെ വായിൽ വച്ചുകൊടുക്കുകയും വേണം. ഏറ്റവും കൂടുതലായി ഉപയോഗിക്കുന്ന ഒരു പൊസിഷൻ ആണിത്.

ക്രോസ് ക്രേഡിൽ ഹോൾഡ് (Cross Cradle hold) : ഇത് ഏകദേശം ക്രേഡിൽ ഹോൾഡ് പൊസിഷൻ പോലെത്തന്നെയാണെങ്കിലും കുഞ്ഞു കുടിക്കുന്ന മുലയുടെ നേരെ വിപരീത ദിശയിലുള്ള കൈകൊണ്ടാണു കുഞ്ഞിനെ പിടിക്കുന്നത്. മടിയിൽ തലയിണ വച്ചശേഷം കൈപ്പത്തികൊണ്ടു കുഞ്ഞിനെ തലയും കൈകൊണ്ടു പുറവും താങ്ങണം. ഇങ്ങനെ തല താങ്ങിപ്പിടിക്കുമ്പോൾ തള്ളവിരൽ കുഞ്ഞിൻറെ മുകളിൽ വരുന്ന ചെവിക്കു പിറകിലും മറ്റു വിരലുകൾ അടിയിൽ വരുന്ന ചെവിക്കു പിറകിലും വരുന്ന രീതിയിലും വേണം പിടിക്കാൻ. മറ്റേ കൈകൊണ്ടു മുല പിടിച്ചു കുഞ്ഞിൻറെ വായിൽ വച്ചു കൊടുക്കാം.

ഫുട്ബോൾ ഹോൾഡ് (Foot ball hold) : ഈ രീതിയെ ക്ലച്ച് ഹോൾഡ് (Clutch hold) എന്നും പറയാറുണ്ട്. കുഞ്ഞിൻറെ തല മുൻവശത്തു വരത്തക്കവണ്ണം ഏതെങ്കിലുമൊരു കക്ഷത്തിൽ ഇടുക്കിപ്പിടിക്കുന്ന രീതിയാണിത്. ഇങ്ങനെ ചെയ്യുമ്പോൾ കുഞ്ഞിൻറെ തലയും കഴുത്തും കൈകൊണ്ടു താങ്ങിപ്പിടിക്കണം. മറുകൈകൊണ്ടു മുലക്കണ്ണു കുഞ്ഞിൻറെ വായിൽ വച്ചുകൊടുക്കണം. മടിയിൽ തലയിണവച്ചശേഷം ആയാസരഹിതമായി കുഞ്ഞിനു മുലക്കണ്ണിലേക്കെത്തിപ്പിടിക്കാൻ തക്ക രീതിയിൽ വേണം ഇതു ചെയ്യാൻ. കുഞ്ഞിൻറെ കഴുത്ത് ഒരുപാടു വളയാതിരിക്കാനും ശ്രദ്ധിക്കണം. ഇരട്ടക്കുഞ്ഞുങ്ങളെ ഒരേ സമയം രണ്ടു വശത്തും മുലയൂട്ടാൻ ഏറ്റവും പറ്റിയ പൊസിഷനാണിത്. ഒരു ഫുട്ബോൾ മാറോടടുക്കി പിടിക്കുന്നതുപോലെ കുഞ്ഞിൻറെ തല പിടിക്കുന്നതിനാലാണ് ഈ പേരു വന്നത്.

വശങ്ങളിലേക്ക് ചരിഞ്ഞുകിടക്കുന്ന പൊസിഷൻ(Lying down/Sidelying position) : വലതുവശത്തേക്കു ചരിഞ്ഞു കിടക്കുമ്പോൾ ഇടതുകൈ കൊണ്ടും ഇടതുവശത്തേക്കു ചരിഞ്ഞുകിടക്കുമ്പോൾ വലതുകൈകൊണ്ടും മുല പിടിച്ചു കുഞ്ഞിൻറെ വായിൽ വച്ചുകൊടുക്കുന്ന പൊസിഷൻ ആണിത്. ഏതു ഭാഗത്തേക്കാണോ ചരിഞ്ഞു കിടക്കുന്നത് ആ ഭാഗത്തെ കൈ തലയ്ക്കു പിറകിൽ വരത്തക്കവണ്ണം വേണം അമ്മ കിടക്കാൻ. ചില അമ്മമാർക്ക് തുടകൾക്കിടയിൽ ഒരു ചെറിയ തലയിണ വയ്ക്കുന്നതു സൗകര്യപ്രദമായി തോന്നാം. സിസേറിയൻ കഴിഞ്ഞവരാണെങ്കിൽ വയറിനു മുകളിൽ ഒരു ചെറിയ തലയിണ വയ്ക്കുന്നത് കുഞ്ഞിക്കാലു കൊണ്ടുള്ള ചവിട്ടു തടയാൻ സഹായിക്കും.

മേൽപ്പറഞ്ഞവയ്ക്കു പുറമെ സാഡിൽ സിറ്റിങ്ങ് (Saddle Sitting) പൊസിഷൻ എന്നൊരു രീതികൂടി ചിലർ അവലംബിക്കാറുണ്ട്. ഒരു സൈക്കിൾ സീറ്റിലോ കുതിരപ്പുറത്തെ സീറ്റിലോ ഇരിക്കുന്നതുപോലെ അമ്മയുടെ മടിയിൽ കുത്തനെ ഇരുന്നുകൊണ്ട് മുലകുടിക്കുന്ന പൊസിഷനാണിത്. കഴുത്ത് ഉറക്കാത്തതുകൊണ്ടു നവജാതശിശുക്കൾക്കും മൂന്നു മാസത്തിൽ താഴെയുള്ള കുഞ്ഞുങ്ങൾക്കും ഈ രീതി അഭികാമ്യമല്ല.

ഫലപ്രദമായ മുലയൂട്ടൽ എങ്ങനെ?

ഓരോ ഒന്നര മുതൽ മൂന്നു മണിക്കൂർ ഇടവിട്ട് കുഞ്ഞുണർന്ന് മുല കുടിക്കും. (ദിവസത്തിൽ 8 മുതൽ 12 തവണ വരെ).

ആദ്യത്തെ ഒന്നുരണ്ടു ദിവസം പച്ച കലർന്ന കറുപ്പുനിറത്തിൽ മലശോധന ഉണ്ടായിരിക്കും. അതിനുശേഷം തവിട്ടു കലർന്ന മഞ്ഞ നിറത്തോടും പിന്നീട് മഞ്ഞനിറത്തോടും കൂടിയ മലശോധന.

ജനിച്ചു മൂന്നാം ദിവസം മുതൽ ദിവസേന മൂന്നു മുതൽ ആറു തവണ വരെയെങ്കിലും മലശോധന.

ദിവസേന ആറു മുതൽ എട്ടു തവണ വരെയെങ്കിലും മൂത്രം പോകും. (ഡയപ്പർ ഉപയോഗിക്കുകയാണെങ്കിൽ 6—8 തവണ നന്നായി കുതിർന്ന ഡയപ്പർ മാറ്റണമെന്നർഥം)

ജനിച്ചപ്പോഴുള്ള ഭാരത്തിൻറെ 10% വരെ ഭാരം ആദ്യത്തെ ഒരാഴ്ച കുറയാമെങ്കിലും ജനിച്ചു അഞ്ചാറു ദിവസം കഴിയുമ്പോൾ മുതൽ ശരീരഭാരം ക്രമേണ കൂടാൻ തുടങ്ങും. (ദിവസേന 15 മുതൽ 30 ഗ്രാം വരെയും ആഴ്ചയിൽ 110 മുതൽ 220 ഗ്രാം വരെയും ഭാരം വർധിക്കും.)

ശ്രദ്ധിച്ചുനോക്കിയാൽ കുഞ്ഞിൻറെ താടിയിലെ സന്ധി പാലുകുടിക്കുന്നതിനനുസരിച്ച് ഇളകുന്നതു കാണാം. മുല വലിച്ചുകുടിക്കുന്ന ശബ്ദവും കേൾക്കാൻ സാധിക്കും. ഒരു അഞ്ചാറുതവണ പെട്ടെന്നു വലിച്ചുകുടിച്ച് പാൽ വായിൽ നിറച്ചശേഷം ഒരുമിച്ച് ഇറക്കുന്നതാണ് കുഞ്ഞുങ്ങളുടെ രീതി.

ആദ്യ ദിവസങ്ങളിലെ പാൽ

പ്രസവാനന്തരം ആദ്യത്തെ മൂന്നു ദിവസത്തെ പാൽ കട്ടികൂടിയതും മഞ്ഞനിറത്തോടുകൂടിയതുമായിരിക്കും. ഇതിനെ കൊളസ്ട്രം എന്നു പറയുന്നു. രോഗപ്രതിരോധശക്തി നൽകുന്ന ആൻറിബോഡികൾ, പ്രോട്ടീൻ, വിറ്റാമിൻ A, D, E, K എന്നിവയെല്ലാം കൂടിയ അളവിൽ ഇതിൽ അടങ്ങിയിരിക്കുന്നു. ആദ്യത്തെ കുറെ ആഴ്ചകളിൽ കുഞ്ഞിനെ ശ്വാസകോശ സംബന്ധമായ അണുബാധയിൽ നിന്നും വയറിളക്കത്തിൽ നിന്നും രക്ഷിക്കാൻ ഇതിനു കഴിയും. അതിനാൽ ഈ പാൽ പിഴിഞ്ഞുകളയുകയോ കുഞ്ഞിനു കൊടുക്കാതിരിക്കുകയോ ചെയ്യരുത്.

മുലപ്പാൽ കുറയാൻ കാരണങ്ങൾ

അമ്മയുടെ പോഷണക്കുറവാണ് പാൽ കുറയാൻ പ്രധാന കാരണം. അമ്മയ്ക്കുണ്ടാവുന്ന മാനസിക സംഘർഷങ്ങൾ, കുഞ്ഞുമായി മാനസികമായ അടുപ്പം ഇല്ലാതിരിക്കൽ (ഉദാ: ആവശ്യമില്ലാത്തതും അപ്രതീക്ഷിതവുമായ ഗർഭധാരണങ്ങളിൽ), പ്രസവാനന്തരമുള്ള മാനസികാസ്വാസ്ഥ്യങ്ങൾ, മുല കൊടുക്കുന്ന രീതി ശരിയാകാതെ വരുമ്പോൾ പാൽ ചുരത്താൻ ബുദ്ധിമുട്ടുണ്ടാവുക എന്നീ സന്ദർഭങ്ങളിലും കുഞ്ഞിനു വേണ്ടത്ര പാൽ കിട്ടാതെ വരാം.

ചിലതരം മരുന്നുകൾ (ഗർഭനിരോധന ഗുളികകൾ, മെതർജിൻ, എർഗോമെട്രിൻ മുതലായവ. മുലയിലെ വിണ്ടുകീറലുകൾ, പഴുപ്പ്, പതിഞ്ഞ മുലഞ്ഞെട്ട്, ഉൾവലിഞ്ഞ മുലഞെട്ട് എന്നിവയും മുലയൂട്ടൽ തടസ്സപ്പെടുത്താം. ഇത്തരം സാഹചര്യങ്ങളിൽ മൂലകാരണം കണ്ടെത്തി ചികിത്സ വേണ്ടവയാണെങ്കിൽ അതു ചെയ്യുക. മുല ഞെട്ടുമായി ബന്ധപ്പെട്ട പ്രശ്നങ്ങളിൽ ബ്രസ്റ്റ് പമ്പ് ഉപയോഗിച്ചു മുലപ്പാൽ ഊറ്റിയെടുത്ത് കൊടുക്കാം.

പ്രത്യേകം ശ്രദ്ധിക്കാൻ

കിടന്നുകൊണ്ടു മുല കൊടുക്കുമ്പോൾ അമ്മ ഉറങ്ങിപ്പോകരുത്.

പാൽ മൂക്കിലും ശ്വാസകോശത്തിലും കയറാതെ സൂക്ഷിക്കുക. അങ്ങനെ വന്നാൽ ആസ്പിരേഷൻ ന്യൂമോണിയ പോലുള്ള ഗുരുതരമായ പ്രശ്നങ്ങൾ ഉണ്ടാകാം.

പാൽ ശ്വാസനാളത്തിൽ കയറിയാൽ കമിഴ്ത്തിപ്പിടിച്ചു പുറത്തു തട്ടണം. ഗുരുതരമായാൽ വൈദ്യസഹായം തേടണം.

മുലയൂട്ടുമ്പോൾ ശ്രദ്ധിക്കാൻ

കുഞ്ഞു മുലക്കണ്ണിൽ കഷ്ടപ്പെട്ട് എത്തിപ്പിടിക്കുന്ന രീതിയിൽ കുഞ്ഞിനെ പിടിക്കരുത്. കുഞ്ഞിനു സൗകര്യപ്രദമായ അകലത്തിൽ പിടിക്കണം.

കുഞ്ഞിൻറെ മൂക്ക് മൂലയിൽ അമർന്ന് ശ്വാസോച്ഛ്വാസം തടസപ്പെടരുത്. (വലിയ സ്തനങ്ങളുള്ളവർ പ്രത്യേകം ശ്രദ്ധിക്കണം.)

മുലക്കണ്ണിൽ മാത്രമായി കടിച്ചുതൂങ്ങാൻ കുഞ്ഞിനെ അനുവദിക്കരുത്. അതു മുലക്കണ്ണിനു ക്ഷതവും വിള്ളലും ഉണ്ടാക്കും. മറിച്ചു മുലക്കണ്ണിനു ചുറ്റുമുള്ള കറുത്ത വൃത്തം കൂടി കുഞ്ഞിൻറെ വായ്ക്കുള്ളിലാണെന്ന് ഉറപ്പുവരുത്തണം.

ഓരോ തവണയും കുഞ്ഞു രണ്ടു മുലയും കുടിച്ചുതീർക്കുന്നുവെന്ന് ഉറപ്പാക്കണം.

ഓരോ തവണ മുലയൂട്ടുമ്പോഴും തുടക്കം ഒരേ മുലയിൽ നിന്നാവാതെ മുലകൾ മാറ്റിമാറ്റി കൊടുക്കുക.

മുലയൂട്ടലിനെക്കുറിച്ചുള്ള അമിതമായ ഉത്കണ്ഠ മുലപ്പാലിൻറെ അളവു കുറയ്ക്കും.

മുലക്കണ്ണ് കുഞ്ഞിൻറെ കരച്ചിൽ മാറ്റാനുള്ള ഉപകരണമായി ഉപയോഗിക്കാതിരിക്കുക.

മുല കൊടുക്കും മുമ്പ് മുല നന്നായി കഴുകാനും മുലയൂട്ടൽ കഴിഞ്ഞാൽ കുഞ്ഞിനെ തോളത്തിട്ടു തട്ടി ഗ്യാസ് (ഏമ്പക്കം) പുറത്തേക്കു വിടുവിക്കാനും ശ്രദ്ധിക്കുക.

ബ്രസ്റ്റ് പമ്പ് ഉപയോഗിക്കുമ്പോൾ

ശരിയായ രീതിയിൽ മുല വലിച്ചു കുടിക്കാൻ ബുദ്ധിമുട്ടുള്ള കുഞ്ഞുങ്ങൾക്കുവേണ്ടി മുലപ്പാൽ കറന്നെടുക്കാനുള്ള ലളിതമായ ഒരു ഉപകരണമാണ് ബ്രസ്റ്റ് പമ്പ്. ബ്രസ്റ്റ് പമ്പ് ഉപയോഗിച്ചോ അല്ലാതെയോ കറന്നെടുക്കുന്ന പാലിനെ എക്സ്പ്രസ്ഡ് ബ്രസ്റ്റ് മിൽക്ക് എന്നു പറയുന്നു. പ്രത്യേകതരം പ്ലാസ്റ്റിക്കിൽ നിർമിച്ച, മുലയിൽ ഘടിപ്പിക്കുന്ന ഒരു ഭാഗവും ഒരു റബ്വർ നിർമിതമായ സക്കറും ചേർന്നതാണ് ഈ ഉപകരണം. ബ്രസ്റ്റ് പമ്പിനു പകരമായി 20 മി. ലീ. പ്ലാസ്റ്റിക് സിറിഞ്ചിൻറെ അറ്റം വൃത്താകൃതിയിൽ വൃത്തിയായി മുറിച്ചുമാറ്റിയും ഉപയോഗിക്കാവുന്നതാണ്. കറന്നെടുത്ത പാൽ അന്തരീക്ഷത്തിലെ താപനിലയിൽ ആറു മണിക്കൂർ വരെ കേടുകൂടാതിരിക്കും.

റഫ്രിജറേറ്ററിൽ വച്ചാൽ 24 മണിക്കൂർ വരെ കേടുകൂടാതെ സൂക്ഷിക്കാം. ഫ്രിഡ്ജിൽ വച്ച മുലപ്പാൽ പുറത്തെടുത്താൽ ചൂടാക്കരുത്. പകരം സാധാരണ ഊഷ്മാവിലുള്ള പച്ചവെള്ളത്തിൽ ഇറക്കിവച്ചു തണുപ്പു മാറ്റിയെടുക്കാം. മറ്റൊരു കാര്യം ശ്രദ്ധിക്കേണ്ടത് കറന്നെടുത്ത പാൽ മുലക്കുപ്പിയിലാക്കി കൊടുക്കരുത്. ചെറിയ കപ്പും സ്പൂണും ഉപയോഗിച്ചോ പഴയ കാലത്തെ ഗോകർണം ഉപയോഗിച്ചോ കൊടുക്കാം. ഇനി അഥവാ പാൽ തീരെ ഇല്ലാത്തവർക്ക് കൃത്രിമ പോഷണങ്ങളെ ആശ്രയിക്കേണ്ടിവരും. അങ്ങനെ വരുമ്പോൾ പാൽപ്പൊടി ടിന്നിൽ പറയുന്ന അതേ ഫോർമുലയിൽ വേണം പാൽ തയ്യാറാക്കാൻ. അല്ലെങ്കിൽ വേണ്ടത്ര പോഷണങ്ങൾ കിട്ടുകയില്ല. ഈ പാലും കൊടുക്കാനായി മുലക്കുപ്പിയെ ആശ്രയിക്കരുത്. ഫോർമുല ഫീഡിനെക്കാൾ അപകടമാണു മുലക്കുപ്പിയുടെ ഉപയോഗം.

പ്രഫ. സുനിൽ മൂത്തേടത്ത് പ്രഫസർ ഓഫ് നഴ്സിങ്, അമൃത ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ്, കൊച്ചി

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.