Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വെള്ളം കൂടുതല്‍ കുടിച്ചാൽ?

drinking

ആരോഗ്യം വേണോ? ദിവസവും 8 ഗ്ലാസ് വെള്ളം കുടിക്കണം എന്ന ചൊല്ലിനെ മാറ്റിയെഴുതുകയാണ് ആസ്ട്രേലിയയിലെ മൊണാഷ് സർവകലാശാല ഗവേഷകർ. ദാഹിച്ചാൽ മാത്രം വെള്ളം കുടിച്ചാൽ മതി എന്നു തെളിയിക്കുന്ന പഠനഫലം പുറത്തു വന്നു കഴിഞ്ഞു.

വെള്ളം കൂടതലായി കുടിക്കുന്നത് ശരീരത്തെ ഗുരുതരമായ വാട്ടർ ഇൻടോക്സിക്കേഷൻ എന്ന അവസ്ഥയിൽ എത്തിക്കുമെന്ന് പഠനം പറയുന്നു. മനുഷ്യശരീരത്തിൽ ദ്രാവകങ്ങളുടെ അളവ് നിയന്ത്രിക്കാനുള്ള യാന്ത്രിക പ്രവർത്തനം നടക്കുന്നതായും അത് നമ്മളെ അമിതമായി വെള്ളം കുടിക്കുന്നതിൽ നിന്നു തടയുന്നതായും പഠനത്തിൽ തെളിഞ്ഞു.

അമിതമായി വെള്ളം കുടിച്ചാൽ ഇറക്കാൻ പ്രയാസം അനുഭവപ്പെടുന്ന രീതിയിൽ തലച്ചോറിൽ പ്രവർത്തനങ്ങള്‍ നടക്കുകയും ശരീരത്തിൽ ജലത്തിന്റെ ആളവ് കൃത്യമായി നിയന്ത്രിക്കപ്പെടുകയും ചെയ്യും.

പഠനത്തിൽ പങ്കെടുത്തവരോട് വ്യായാമം ചെയ്തതിനു ശേഷ‌ം ദാഹിക്കുമ്പോഴും പിന്നീട് വ്യായാമത്തിൽ ഏർപ്പെടാത്ത നേരത്ത് ദാഹം തോന്നാതെ തന്നെ നിർബന്ധപൂർവവും വെള്ളം കുടിക്കാൻ ആവശ്യപ്പെട്ടു. ഈ രണ്ടു സമയങ്ങളിലും വെള്ളം ഇറക്കാനെടുക്കുന്ന ശ്രമം കണക്കുകൂട്ടി. ദാഹിക്കാതെ അമിതമായി വെള്ളം കുടിക്കാൻ മൂന്നിരട്ടി പ്രയാസം അനുഭവപ്പെട്ടു.

വെള്ളം കുടിക്കുമ്പോൾ തലച്ചോറിലെ വിവിധ ഭാഗങ്ങളുടെ പ്രവർത്തനം ഫങ്ഷണൽ മാഗ്നറ്റിക് റസൊണൻസ് ഇമേജിങ് (FMRI) വഴി അളന്നു. കഠിനമായി പരിശ്രമിച്ച് വെള്ളം ഇറക്കാൻ ശ്രമിച്ചപ്പോൾ തലച്ചോറിന്റെ വലതുമുൻഭാഗം കൂടുതൽ പ്രവർത്തിക്കേണ്ടി വന്നതായി എഫ് എം ആർ ഐ യിൽ കണ്ടു.

അമിതമായി വെള്ളം കുടിക്കുന്നതു മൂലം ശരീരം വാട്ടർ ഇൻട്രാക്സിക്കേഷൻ അഥവാ ഹൈപ്പോനട്രിമിയ എന്ന അപകടകരമായ അവസ്ഥയിലേക്കെത്തുന്നു. ശരീരത്തിലെ സോഡിയത്തിന്റെ അളവ് അമിതമായി കുറഞ്ഞ് മയക്കം, ഓക്കാനം മുതൽ ബോധക്ഷയം വരെ ഉണ്ടാകും പ്രായമായവർ പ്രത്യേകിച്ചും ധാരാളം വെള്ളം കുടിക്കരുതെന്നും എത്രമാത്രം ദ്രാവകരൂപത്തിലുള്ള ഭക്ഷണം കഴിക്കുന്നുണ്ടെന്ന് ശ്രദ്ധിക്കണമെന്നും പഠനത്തിനു നേതൃത്വം നൽകിയ മൈക്കിള്‍ ഫാരെൽ പറയുന്നു.

എന്തായാലും സമയം നോക്കിയും അളവു നോക്കിയും വെള്ളം കുടിക്കുന്നവർക്ക് ആശ്വസിക്കാം. ഇനി ദാഹിക്കുമ്പോൾ മാത്രം വെള്ളം കുടിച്ചാൽ മതിയല്ലോ.

പ്രൊസീഡിങ്സ് ഓഫ് ദ് നാഷണൽ അക്കാദമി ഓഫ് സയൻസിലാണ് ഈ പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്.