ഓരോ വീടുകൾക്കും പറയാൻ ഒട്ടേറെ കഥകളുണ്ടാകും. കോഴിക്കോട് ചേവായൂരിൽ ഈ വീട് ഇങ്ങനെ ഗമയോടെ തലയുയർത്തി നിൽക്കുന്നതിനു പിന്നിലും രസകരമായ ഒരു കഥയുണ്ട്. ഉടമസ്ഥൻ താമസിച്ചിരുന്ന കുടുംബവീട് പുതുക്കിപ്പണിയുന്നതിനായി ഭാഗംകിട്ടിയ ഈ വീട്ടിലേക്ക് താമസം മാറാൻ തീരുമാനിച്ചു. ആ സമയം ഇത് വാടകയ്ക്ക് കൊടുത്തിരിക്കുകയായിരുന്നു. പരമ്പരാഗത ശൈലിയിലുള്ള വീട് മാറിത്താമസിക്കുന്നതിനു മുൻപ് ഒന്ന് പൊടിതട്ടിയെടുക്കാം എന്നേ വിചാരിച്ചിരുന്നുള്ളൂ. പക്ഷേ ഇനിയാണ് ട്വിസ്റ്റ്.. പണിതു വന്നപ്പോൾ വീട് അടിമുടി അങ്ങുമിനുക്കാം എന്നായി ചിന്ത...അങ്ങനെ തൽക്കാലത്തേക്ക് താമസിക്കാൻ പണിത വീട്ടിൽ ആളുകൾ സ്ഥിരതാമസമാക്കി.
ഗ്ലാസ് വർക്കുകളുടെയും സാമഗ്രികളുടെയും ബിസിനസ് ആണ് ഉടമസ്ഥനായ സന്തോഷിന്. അതുകൊണ്ട് വീടിനെ ഒരു പരീക്ഷണശാലയായും മാറ്റിയിട്ടുണ്ട്. സിറ്റ് ഔട്ടിലും പോർച്ചിലും നൽകിയ ഗ്ലാസ് മേൽക്കൂരയാണ് വീടിന്റെ പുറംകാഴ്ചയെ അടയാളപ്പെടുത്തുന്നത്.
എച്ച് പി എൽ (High Pressure Laminate) ബോർഡുകളാണ് (century exteria) വീടിന്റെ പുറംഭിത്തികളിൽ ക്ളാഡിങ്ങായി ഉപയോഗിച്ചിരിക്കുന്നത്. വില കുറവ്, തടിയുടെ ഫിനിഷ്, കൂടുതൽ ഈടുനിൽക്കും എന്നിവയാണ് ഗുണം.
ഏഴ് സെന്റിൽ 1400 ചതുരശ്രയടിയാണ് വിസ്തീർണം. വാസ്തുദോഷങ്ങൾ പരിഹരിച്ചായിരുന്നു പുതുക്കിപ്പണി. തെക്കോട്ട് ദർശനമുണ്ടായിരുന്ന വീടിനെ കിഴക്കോട്ട് മാറ്റി. കന്നിമൂലയിൽ ഉണ്ടായിരുന്ന അടുക്കള മാറ്റി മാസ്റ്റർ ബെഡ്‌റൂം നിർമിച്ചു. മറ്റൊരു കിടപ്പുമുറി അടുക്കളയാക്കി മാറ്റി.
ഊണുമുറിയിൽ നിന്നും പുറത്തേക്കുള്ള ഭിത്തി ഉയർത്തിമാറ്റാവുന്ന ഷട്ടർ ആണ്. ഇത് തുറക്കുന്നത് വീടിനു വശത്തെ പാഷ്യോയിലേക്കാണ്. ധാരാളം വെളിച്ചവും കാറ്റും ഇതുവഴി വീടിനുള്ളിലേക്ക് വിരുന്നെത്തുന്നു.
ക്യാന്റിലിവർ ശൈലിയിലാണ് ഗോവണിയുടെ ഡിസൈൻ. ഇരൂൾ തടി കൊണ്ടാണ് ഗോവണിയുടെ പടികൾ. കൈവരികളിൽ ടഫൻഡ് ഗ്ലാസ് നൽകി.
താഴെ ഒരു കിടപ്പുമുറിയും മുകളിൽ മൂന്നു കിടപ്പുമുറിയുമാണ് ഉള്ളത്. അറ്റാച്ഡ് ബാത്റൂമുകൾ, സ്‌റ്റോറേജ് സ്‌പേസുകൾ എന്നിവയും നൽകി. വെനീർ ആണ് പാനലിങ്ങിന് ഉപയോഗിച്ചത്.
ഗ്രീൻ+ വൈറ്റ് തീമിൽ അടുക്കള. പ്ലാനിലാക് ഗ്ലാസ് ആണ് ഇവിടെ കബോർഡുകൾക്ക് നൽകിയത്. നാനോവൈറ്റ് കൊണ്ടാണ് പാതകം. ചെറിയൊരു ബ്രേക്ഫാസ്റ്റ് കൗണ്ടറും ഇവിടെ ഒരുക്കി. ഗോവണി കയറിച്ചെല്ലുമ്പോൾ ഒരു ലിവിങ് സ്‌പേസും നൽകിയിട്ടുണ്ട്.
അഞ്ചു സെന്റിലും മുറ്റം നന്നായി ലാൻഡ്സ്കേപ് ചെയ്തിരിക്കുന്നു. ചെടികളും മരങ്ങളും തണൽ വിരിക്കുന്നു. ചുരുക്കത്തിൽ തറവാട് വീടിന്റെ പണി കഴിയുമ്പോൾ അവിടെ താമസിക്കണോ ഇവിടെ തുടരണോ എന്നാണ് ഇപ്പോൾ ഉടമസ്ഥന്റെ കൺഫ്യൂഷൻ.
ചിത്രങ്ങൾ- അജീബ് കൊമാച്ചി
Project Facts
Location- Chevayoor, Calicut
Area- 1400
Plot- 7 cent
Owner- Santhosh
Construction, Design- Jinsho Jose
V-Decor, Calicut
jinshokjose@gmail.com
Mob- 8606445566
Completion year- 2017 Sep
Read more on Renovated House Design
നിങ്ങളുടെ വീട് മനോരമ ഓൺലൈനിൽ പ്രസിദ്ധീകരിച്ചു കാണാൻ ആഗ്രഹമുണ്ടോ? നല്ല ചിത്രങ്ങളും ചെറുവിവരണവും മൊബൈൽ നമ്പറും സഹിതം customersupport@mm.co.in എന്ന ഇമെയിൽ വിലാസത്തിലേക്ക് അയച്ചു തരൂ...