ചെറിയ പ്ലോട്ടാണ് സ്വന്തമായുള്ളത്. അവിടെ ചെറിയ ബജറ്റിൽ സാധാരണ സൗകര്യങ്ങളുള്ള ഒരു വീട് വേണം എന്നതായിരുന്നു മത്സ്യത്തൊഴിലാളിയായ ഷിബുവിന്റെ ആഗ്രഹം. തന്റെ സ്വപ്നം ബാല്യകാലസുഹൃത്തും ഡിസൈനറുമായ മുഖിലിനെ ഷിബു അറിയിച്ചു. 5 മാസം കൊണ്ട് വെറും ലക്ഷം 12 രൂപയ്ക്ക് ഷിബുവിന്റെ സ്വപ്നഗൃഹം ഇവിടെ ഉയർന്നു.

ചെറിയ ബജറ്റ്, ചെറിയ പ്ലോട്ട് എന്നീ പരിമിതികളെ അപ്രസക്തമാക്കുന്ന ഡിസൈനാണ് ഇവിടെ അവലംബിച്ചത്. 1270 സ്ക്വയർഫീറ്റ് വിസ്തീർണ്ണമുള്ള വീട്ടിൽ നാലു കിടപ്പുമുറികളാണുള്ളത്. കൂടാതെ ഫോയർ, ലിവിങ്, ഡൈനിങ്, കിച്ചൻ, വർക്ക്ഏരിയ, അപ്പർ ലിവിങ് എന്നിവയും ഉൾപ്പെടുന്നു. മുകൾനിലയിൽ 2 കിടപ്പുമുറികളും, അപ്പർ ലിവിങ്ങും, കോമൺ ടോയ്‌ലറ്റും, ബാൽക്കണിയുമാണുള്ളത്.

അടിത്തറ നിർമ്മാണത്തിനായി കരിങ്കല്ലാണ് ഉപയോഗിച്ചത്. പൂഴി നിറഞ്ഞ ഭാഗമായതിനാൽ തറയ്ക്ക് ചെലവ് അധികം വേണ്ടിവന്നു. വെട്ടുകല്ലും സിമന്റ് പ്ലാസ്റ്ററിങ്ങുമാണ് ഭിത്തി കെട്ടുവാൻ തെരഞ്ഞെടുത്തത്. കോഴിക്കോട് ആസ്ഥാനമായി പ്രവർത്തിക്കുന്ന കൺസേൺ ആർക്കിടെക്ചറിലെ ഡിസൈനർമാരായ മുഖിൽ, ഡിജേഷ്, ബബിത്, രാഗേഷ് എന്നിവരാണ് വീടുപണിക്ക് നേതൃത്വം നൽകിയത്.

ലിവിങ് റൂം എന്ന രീതിയിൽ പ്രത്യേകം ഒരു ഭാഗമൊന്നും സജ്ജീകരിച്ചിട്ടില്ല. താഴെയുള്ള ഒരു കിടപ്പുമുറി ലിവിങ്ങായി ഉപയോഗിക്കുന്നു. ഡൈനിങ്ങില്‍ നിന്ന് പ്രവേശിക്കാവുന്ന രീതിയിലാണ് ബാത്റൂമോടുകൂടിയ 2 കിടപ്പുമുറികളും. എലിവേഷനിൽ കാണുന്ന മഞ്ഞ നിറത്തിലുള്ള പ്രൊജക്ഷന്‍ സ്റ്റെയർ ഏരിയയുടേതാണ്. മുകൾനിലയുമായി ബന്ധിപ്പിക്കുന്ന ഈ സ്റ്റെയറിന് താഴെയായി സ്റ്റോറേജ് സൗകര്യവും ഒരുക്കിയിട്ടുണ്ട്

ലളിതവും ഉപയോഗക്ഷമവുമായ കിടപ്പുമുറികൾ. പ്ലൈവുഡിൽ പോളിഷ് ചെയ്ത് നിർമിച്ച വാർഡ്രോബുകളാണ് കിടപ്പുമുറികളെ അലങ്കരിക്കുന്നത്.

‘എൽ’ ഷേപ്പിലുള്ള കിച്ചന്റെ സമീപത്തായി വർക്ക്ഏരിയയും സ്ഥാനം പിടിച്ചിരിക്കുന്നു. ഗ്രാനൈറ്റ് കൊണ്ടുള്ള കൗണ്ടർടോപ്പും ഫൈബർ ബോർഡ് കൊണ്ടുള്ള ക്യാബിനറ്റുകളുമാണ് അടുക്കളയിൽ.

ചെലവ് കുറച്ച ഘടകങ്ങൾ
- 5 മാസം കൊണ്ട് നിർമാണം പൂർത്തീകരിച്ചു.
- ഗുണമേന്മയുള്ള എന്നാൽ ബജറ്റിൽ ഒതുങ്ങിയ ഉത്പന്നങ്ങൾ ഉൾപ്പെടുത്തി.
- വീടിനടുത്ത് നിന്നാണ് പല നിർമ്മാണസാമഗ്രികളും തെരഞ്ഞെടുത്തത്.
- ഫാൾസ് സീലിങ്, പാനലിങ് എന്നിവയെല്ലാം തീർത്തും ഒഴിവാക്കി.
ചിത്രങ്ങൾ- അഗിൻ കൊമാച്ചി
Project Facts
Location- Bhatt Road, Calicut
Area- 1270
Plot-2.75 cent
Owner- Shibu
Architects- Mukhil M, Babith SR, Rajesh CM, Dijesh O
mail@concerncalicut.com
Ph- 0495 2767030
Mob- 9895427970
നിങ്ങളുടെ വീട് മനോരമ ഓൺലൈനിൽ പ്രസിദ്ധീകരിച്ചു കാണാൻ ആഗ്രഹമുണ്ടോ? നല്ല ചിത്രങ്ങളും ചെറുവിവരണവും മൊബൈൽ നമ്പറും സഹിതം customersupport@mm.co.in എന്ന ഇമെയിൽ വിലാസത്തിലേക്ക് അയച്ചു തരൂ...