Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഈ വീട് കോപ്പിയടിക്കാനാകില്ല!...

contemporary-nature-friendly1 പ്രകൃതിയോടും ചുറ്റുപാടിനോടും ഇഴുകിച്ചേർന്ന ശൈലി എന്ന അർഥംകൂടി സമകാലിക ശൈലിക്കുണ്ടെന്ന് ഈ വീട് പറയുന്നു.

ജ്യാമിതീയ രൂപങ്ങൾകൊണ്ട് കെട്ടിടങ്ങളെ ശ്രദ്ധേയമാക്കുന്ന ആർക്കിടെക്ടാണ് ഡോ. ജോസ്ന റാഫേൽ. കേരളത്തിലെ കാലാവസ്ഥയ്ക്കും ജീവിതശൈലിക്കും ഏറ്റവും അനുയോജ്യം ജ്യാമിതീയ രൂപങ്ങളാണെന്നതാണ് ജോസ്നയുടെ പക്ഷം. പക്ഷേ, ഇത്തവണ പുതിയൊരു ശൈലിയുമായാണ് ജോസ്ന രംഗപ്രവേശം ചെയ്യുന്നത്. 100% കന്റെംപ്രറി ശൈലിയിലുള്ള ചാവക്കാട്ടെ ജിഷാറിന്റെ വീട് ഡിസൈൻ ചെയ്യുന്നതിലൂടെ വ്യത്യസ്തമായ ഒരു ശൈലി ആസ്വദിക്കുകകൂടിയാണ് ജോസ്ന ചെയ്യുന്നത്.

രണ്ട് വഴികളെ അഭിമുഖീകരിച്ചു നിൽക്കുന്ന പ്ലോട്ടായതിനാൽ രണ്ട് വശങ്ങൾക്കും അർഹിക്കുന്ന പ്രാധാന്യം നൽകിയാണ് എക്സ്റ്റീരിയർ ഡിസൈൻ ചെയ്തിരിക്കുന്നത്. കോംപസിറ്റ് പാനൽ, സ്റ്റോൺ ക്ലാഡിങ്ങുകൾ, പല തട്ടായുള്ള മേൽക്കൂര എന്നിവയെല്ലാം എക്സ്റ്റീരിയറിനു മാറ്റുകൂട്ടാൻ ഉപയോഗിച്ചിരിക്കുന്നു.

L ആകൃതിയിലുള്ള വരാന്തയാണ് ഈ വീടിനു നല്കിയിരിക്കുന്നത്. ഈ വരാന്തയെ ‘പ്രൈവറ്റ്, പബ്ലിക്’ എന്നിങ്ങനെ രണ്ടായി തിരിച്ചിട്ടുണ്ട്. തൂണിന്റെ മറവിലുള്ള ഭാഗം തികച്ചും ‘പ്രൈവറ്റ്’ ആണ്. റോഡിലൂടെ പോകുന്നവരുടെ കണ്ണിൽപ്പെടാതെ വീട്ടുകാർക്ക് ഇവിടെ ഇരിക്കാം.

മൾട്ടിപർപ്പസ് റൂംസ്

contemporary-nature-friendly2 ഫോർമൽ ലിവിങ് റൂം. ലിവിങ് റൂമുകൾക്ക് ഇടയിലെ കോർട് യാർഡ്.

ഫോയറിൽ നിന്നാണ് അകത്തെ മുറികളിലേക്ക് പ്രവേശിക്കുന്നത്. നിസ്കരിക്കാൻ പ്രത്യേകം മുറി വേണമെന്നും പുറത്തു നിന്നു വരുന്നവർക്കും നിസ്കരിക്കാവുന്ന വിധത്തിലുള്ള പ്രാർഥനാ മുറിയാകണമെന്നും വീട്ടുകാർ ആഗ്രഹിച്ചിരുന്നു. ഫോയറിനോടു ചേർന്ന് ഗോവണിയുടെ അടിയിൽ പ്രാർഥനാ മുറിയാക്കിയത് അങ്ങനെയാണ്. ഇതിന്റെ ഡിസൈനർ ഭിത്തി മുറിക്കുള്ളിലുള്ള ആളെ പുറത്തുനിന്നു കാണാത്ത വിധത്തിൽ മറച്ചുപിടിക്കാനും സഹായിക്കുന്നു. എന്നാൽ കൃത്രിമ വെളിച്ചം കൂടാതെത്തന്നെ ഈ മുറി ഉപയോഗിക്കാനും സാധ്യമാണ്.

contemporary-nature-friendly4 4X4 ചതുരശ്ര അടി വിസ്‌തീർണമുള്ള റസ്റ്റിക് ഇറ്റാലിയൻ മാർബിൾ ഉപയോഗിച്ചാണ് ഫോർമൽ ലിവിങ് റൂമിലെ ഭിത്തി ക്ലാഡിങ് ചെയ്തത്.

മൂന്ന് സ്വീകരണമുറികളാണ് ഈ വീട്ടിലുള്ളത്. ഫോർമൽ ലിവിങ് റൂം, സ്ത്രീകൾക്കുള്ള ലിവിങ് റൂം, മുകളിലെ ഫാമിലി ലിവിങ്. ഓരോ മുറിയിലെയും സ്വകാര്യതയ്ക്കു വളരെയധികം പ്രാധാന്യം കൊടുത്തുകൊണ്ടുതന്നെ ഈ മുറികളെല്ലാം പരസ്പരം തുറന്നിരിക്കുന്നു എന്നതാണ് ഇവിടത്തെ ഏറ്റവും ശ്രദ്ധേയമായ കാര്യം. പ്രത്യേകിച്ച്, ഫോയറിന്റെ വലതുവശത്തുള്ള ഫോർമൽ ലിവിങ്, റസ്റ്റിക് ഇറ്റാലിയൻ മാർബിൾ പതിച്ച ഒരു ഭിത്തി ഉപയോഗിച്ചാണ് ഈ മുറിയെ മറ്റു ഭാഗങ്ങളിൽ നിന്നു വേർതിരിച്ചിരിക്കുന്നത്.

upper-living മുകളിലെ ഫോർമൽ ലിവിങ്

തൊട്ടടുത്തുതന്നെ ഒരു കോർട് യാർഡ് ഉള്ളതിനാൽ വെളിച്ചമോ വായുസഞ്ചാരമോ ഇവിടെ തെല്ലും കുറയുന്നില്ല താനും. മുകളിൽ പർഗോളയും ഭിത്തിയിൽ നീളൻ ജനാലകളുമുള്ള ഒരു കോർട് യാർഡ് ഫോർമൽ ലിവിങ്ങിനും ഫാമിലി ലിവിങ്ങിനും മധ്യത്തിലുണ്ട്. കൂടുതൽ ആളുകളുള്ളപ്പോൾ സിറ്റിങ് സ്പേസ് ആയും ഉപയോഗിക്കാം. വളരെയധികം സ്വകാര്യതയോടെയും അതേസമയം കോമൺസ്പേസിന്റെ ഭാഗവുമായാണ് സ്ത്രീകളുടെ ലിവിങ്ങും ഡിസൈൻ ചെയ്തിരിക്കുന്നത്. ഡൈനിങ്ങിൽ നിന്ന് ഒരു പാഷ്യോയും നൽകിയിട്ടുണ്ട്.

കിടപ്പുമുറികൾ ഒരുമിച്ച്

contemporary-nature-friendly3 മൂന്ന് ലിവിങ് റൂമുകൾ വീട്ടുകാരുടെ ആവശ്യമായിരുന്നു. ഗോവണിയുടെ മധ്യത്തിൽ, പ്രാർഥനാമുറിയുടെ മുകളിലായിവരും മുകളിലെ ലിവിങ്.

അടുക്കളയിലെ പാതകത്തിന്റെ ഒരു ഭാഗം ഉയരം കുറച്ചു നിർമിച്ചത് ഇരുന്നു കൊണ്ട് ജോലി ചെയ്യാനും അത്യാവശ്യമാണെങ്കിൽ ബ്രേക്ഫാസ്റ്റ് ടേബിൾ ആയി ഉപയോഗിക്കാനുമാണ്. വർക് ഏരിയയിൽ പാതകത്തിന് ഉയരം കൂടുതലാണ്.

contemporary-nature-friendly5

കിടപ്പുമുറികൾ ഒരൊറ്റ യൂണിറ്റാകണമെന്നത് വീട്ടുകാരുടെ ആഗ്രഹമായിരുന്നു. രണ്ട് വീതം കിടപ്പുമുറികൾ താഴെയും മുകളിലുമായി നൽകിയിരി ക്കുന്നു. ഇടനാഴിയിൽ നിന്ന് പ്രവേശിക്കാവുന്ന രീതിയിൽ ക്രമീകരിച്ചതിനാൽ കിടപ്പുമുറികൾ സ്വകാര്യത സൂക്ഷിക്കുന്നു. കറുപ്പ്, ചാരം വെളുപ്പ് നിറങ്ങൾക്കു പ്രാധാന്യമുള്ള അകത്തളത്തിൽ കിടപ്പുമുറികളും വ്യത്യസ്തരാകുന്നില്ല. കിടപ്പുമുറികളിൽ ഉപയോഗിച്ചിരിക്കുന്ന വോൾപേപ്പറുകൾ പോലും ഈ ഷേഡുകളിൽ ഉൾപ്പെടുന്നവയാണ്.

contemporary-nature-friendly6

താരതമ്യേന ഉയരം കുറഞ്ഞ പ്രാർഥനാമുറിയുടെ മുകളിൽ, രണ്ട് നിലകളുടെയും മധ്യത്തിലാണ് മുകളിലെ ഫാമിലി ലിവിങ് നിർമിച്ചിരിക്കുന്നത്. രണ്ട് നിലകളെത്തമ്മിൽ ബന്ധിപ്പിക്കുന്നതിൽ ഈ ഫാമിലി ലിവിങ് റൂമിന് വലിയ പങ്കുണ്ട്. സ്ഥാനത്തിന്റെ പ്രത്യേകതയാൽ കോമൺ സ്പേസുകളുടെ ഭാഗമായിത്തന്നെ ഫാമിലി ലിവിങ് നിലകൊള്ളുന്നു. ഹോം തിയറ്ററും യൂട്ടിലിറ്റി മുറിയും മുകളിലെ നിലയുടെ ഭാഗമാണ്. എക്സ്റ്റീരിയറിലെ സ്റ്റോൺ ക്ലാഡിങ്ങുള്ള ഭാഗം യൂട്ടിലിറ്റി ഏരിയയാണെന്ന് ആർക്കെങ്കിലും തിരിച്ചറിയാനാകുമോ? അതാണ് ഇവിടത്തെ ഡിസൈനിങ്ങിന്റെ വിജയം.

ജനലിനോ വാതിലിനോ തടി ഉപയോഗിച്ചിട്ടില്ല എന്നതാണ് ഈ വീടിന്റെ മറ്റൊരു പ്രത്യേകത. ഹാർഡ് വുഡ് കൊണ്ടുള്ള വാതിലുകളും തടിയുടെ അതേ ഡിസൈനുള്ള യുപിവിസി ജനാലകളുമാണ് ഇവിടെയുള്ളത്. ലെപാറ്റോ ഫിനിഷ്ഡ് ഗ്രാനൈറ്റ് സിറ്റ് ഔട്ടിനും മാറ്റ് ഫിനിഷുള്ള ഇറ്റാലിയൻ മാർബിൾ കോമൺ ഏരിയയിലും റസ്റ്റിക് ടൈലുകൾ കിടപ്പുമുറിയിലും ഉപയോഗിച്ചിരിക്കുന്നു. ഫർണിച്ചർ ഈ വീടിനു പ്രത്യേകമായി നിർമിച്ചവയാണ്. ഫർണിച്ചർ മാത്രമല്ല, ഈ വീട്ടിലെ ഓരോ ഘടകവും ഈ വീട്ടിലേക്കു മാത്രമാണ് !  

josna പ്ലോട്ടിന്റെ പ്രത്യേകതകൾക്ക് അനുസരിച്ച് ഡിസൈൻ ചെയ്ത വീട്. വടക്കു കിഴക്ക് നിന്നുള്ള കാറ്റ് പ്രയോജനപ്പെടുത്തി.

ഈ വീട് കോപ്പിയടിക്കാനാകില്ല !

ഡോ. ജോസ്ന റാഫേൽ, ആർക്കിടെക്ട്

തിരുവനന്തപുരം എൻജിനീയറിങ് കോളജിൽ നിന്ന് ബിആർക്കും ന്യൂഡൽഹിയിലെ സ്കൂൾ ഓഫ് പ്ലാനിങ് ആൻഡ് ആർക്കിടെക്ചറിൽ നിന്ന് എംആർക്കും നേടി. ഇപ്പോൾ തൃശൂർ ഗവൺമെന്റ് എൻജിനീയറിങ് കോളജിലെ ആർക്കിടെക്ചർ വിഭാഗം മേധാവി.

വീട് കന്റെംപ്രറിയായിരിക്കണമെന്ന വീട്ടുകാരുടെ നിർബന്ധമാണ് ഇത്തരമൊരു ഡിസൈനിലേക്കു നയിച്ചത്. കന്റെംപ്രറി വീടുകളുടെ പ്രധാന സവിശേഷതകളായ നിരപ്പായ മേൽക്കൂരയും ഗ്ലാസും ഇവിടെ ഉപയോഗിച്ചിരിക്കുന്നു.

പ്ലോട്ടിന്റെ പ്രത്യേകതയും വീട് അഭിമുഖീകരിക്കുന്ന ദിശകളും ഇത്തരമൊരു ഡിസൈൻ സ്വീകരിക്കാൻ കാരണമായി. വീടിന്റെ മുന്നിലും വലതുവശത്തുമായി രണ്ട് വഴികളുണ്ട്. ഈ രണ്ടു വഴികളിൽ നിന്നും കാണുന്ന വിധത്തിൽ രണ്ട് ഭാഗവും ഭംഗിയായി എക്സ്റ്റീരിയർ ഒരുക്കി. വീടിന്റെ മുഖം വടക്ക് കിഴക്കു ദിശകളിലേക്കായതുകൊണ്ടാണ് കന്റെപ്രറി വീടുകളുടെ മുഖമുദ്രയായ ഗ്ലാസ് ഇവിടെ ഉപയോഗിക്കാൻ സാധിച്ചത്. പടിഞ്ഞാറോട്ടോ തെക്കോട്ടോ ആണ് ഏതെങ്കിലും മുഖമെങ്കിൽ ഗ്ലാസ് ഉപയോഗിച്ചാൽ വീടിനുള്ളിൽ ഒരു തീച്ചൂളയുടെ പ്രതീതിയുണ്ടായേനെ. ഇവിടെ വടക്കും കിഴക്കും പരമാവധി ജനലുകൾ നൽകിയതിനാൽ വീടിനുള്ളിൽ കാറ്റിന് ഒരു കുറവുമില്ല. വീടിന്റെ തെക്ക്–പടിഞ്ഞാറ് ഭാഗങ്ങളിൽ ജനലുകൾ ഒഴിവാക്കി കൂടുതൽ ഭിത്തി നൽകാൻ പ്രത്യേകം ശ്രദ്ധിച്ചിട്ടുമുണ്ട്.

കിഴക്കുഭാഗത്ത് കാലത്ത് പത്ത് മണിയോടെ അല്പം ചൂട് വരാനുള്ള സാധ്യത മുന്നിൽക്കണ്ട് അവിടത്തെ ജനാലകളുടെ ഷേഡ് അല്പം നീട്ടിയാണ് ഇട്ടിരിക്കുന്നത്.‌

owner-family ജിഷാറും കുടുംബവും

രണ്ട് വശത്തും റോഡ് ഉള്ളതിനാൽ ഈ വീടിന്റെ ഗെയ്റ്റും വളരെ തന്ത്രപ്രധാനമായ ഭാഗത്താണ് സ്ഥാപിച്ചിരിക്കുന്നത്. രണ്ട് മതിലുകളും ചേരുന്ന കോർണറിൽ ഗെയ്റ്റ് വരുമ്പോൾ വീടിന്റെ ഭംഗി പൂർണമായി ആസ്വദിക്കാനുമാകും. ഇക്കാരണങ്ങളാലാണ് ഈ വീട് കോപ്പിയടിക്കാനാകില്ലെന്നു പറയുന്നത്.

Project Facts

Area:5500 sqft
Architect:
ഡോ. ജോസ്‌ന റാഫേൽ
കാവ്യം ഡിസൈൻസ്, തൃശൂർ
josnaraphael@gmail.com

Location
ചാവക്കാട്, തൃശൂർ
Year of completion
മേയ്, 2016