Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വെറും രണ്ട് ലക്ഷത്തിന് കിടിലൻ ലുക്ക്!

two-lakh-home 43 വർഷം പഴക്കമുള്ള തന്റെ വീടിനെ സന്തോഷ് മാഷ് പുതുക്കിയെടുത്തത് ഒരു സിംപിൾ ടെക്നിക്കിലൂടെ...

വീടിന് സൗകര്യം പോരാ എന്ന തോന്നൽ ഉണ്ടായിരുന്നെങ്കിലും, മക്കൾ പരാതി പറയാൻ തുടങ്ങിയെങ്കിലും വീടുപുതുക്കാനുള്ള ഭീമമായ ചെലവ് എന്നും സന്തോഷ് മാഷിനെ പുറകോട്ടു വലിക്കുമായിരുന്നു.

ബിഎഫ്എ പഠനം പൂർത്തിയാക്കിയ, ചിത്രകലാ അധ്യാപകനായ സന്തോഷിന്റെ സ്കെച്ചുകളിൽ പലപ്പോഴും സ്വന്തം വീടും കഥാപാത്രമാകാറുണ്ട്. ‘വീട്’ സ്ഥിരമായി വായിക്കുമ്പോഴെല്ലാം കൊളോണിയൽ ശൈലിയിലുള്ള വീടുകള്‍ സന്തോഷിനെ ആകർഷിച്ചിരുന്നു. നിലവിലുള്ള വീടിനു മുകളിൽ ഒരു വലിയ കുട പോലെ ട്രസ്സിന്റെ കൂട് പൊക്കി ചോർച്ച ഒഴിവാക്കുന്ന നാട്ടുനടപ്പിനോട് സന്തോഷിന് ആദ്യം മുതലേ പ്രതിപത്തി തോന്നിയില്ല.

സ്വന്തം സ്കെച്ചുകളിൽ തെളിഞ്ഞ കൂര യാഥാർഥ്യമാക്കാൻ സന്തോഷ് സഹായം തേടിയത് വെൽഡിങ് വർക്കുകൾ ചെയ്യുന്ന കൂട്ടുകാരൻ ശരത്തിനെ. ശരത്തിനും ഇതൊരു പരീക്ഷണമായിരുന്നു. ഒരു വെല്ലുവിളി പോലെ, പൈപ്പ് വച്ച് ചരിവ് നോക്കി സന്തോഷ് ആഗ്രഹിച്ച പോലൊരു ചട്ടക്കൂട് ശരത് ഉണ്ടാക്കിയെടുത്തു. ചതുരശ്രയടിക്ക് 39 രൂപയുള്ള റൂഫിങ് പ്രൊഫൈൽ ഷീറ്റ് ആണ് അതിനു മുകളിൽ വിരിച്ചത്.

new-face-home വീടിന്റെ പുറംഭാഗത്ത് യാതൊരു വ്യത്യാസവും വരുത്തിയില്ല. നിലവിലുള്ള വീടിന് മുകളിൽ ട്രസിട്ട് പ്രൊഫൈൽ ഷീറ്റ് വിരിച്ചു. ഭംഗി കൂട്ടാനായി രണ്ട് കിളിവാതിലുകളും ചിമ്മിനിയും മെനഞ്ഞെടുത്തു.

ട്രസ്സിന് ഭംഗി കൂട്ടാൻ രണ്ടു കിളിവാതിലുകളും സന്തോഷിന്റെ ഭാവനയിൽ തെളിഞ്ഞു. അകത്തുനിന്നു തുറക്കാവുന്ന രീതിയിലാണ് ഈ കിളിവാതിലുകൾ. ചുരുക്കത്തിൽ പറഞ്ഞാല്‍, പഴയ വീടിനെ ഒരു തരിപോലും അലോസരപ്പെടുത്താതെ, പുതിയ കൂര മുകളിലേക്കുയർന്നു.

front-truss-view ചതുരശ്രയടിക്ക് 39 രൂപ വരുന്ന പ്രൊഫൈൽ ഷീറ്റ് ആണ് ട്രസ്സിനു മുകളിൽ വിരിച്ചത്.

പഴയവീടിന്റെ ചെറിയ ഒരു ഭാഗം മാത്രമാണ് മച്ചിട്ട് ഓടിട്ടിരുന്നത്. അതിനെയും മൂടുന്ന രീതിയിൽ മുന്‍ഭാഗത്തേക്കും പിൻഭാഗത്തേക്കും ചരിഞ്ഞിരിക്കുന്ന രീതിയിലാണ് കൂര. ഇടതുവശത്തുമാത്രം, മഴവെള്ളം അടിച്ചു ടെറസിലേക്ക് കയറാതിരിക്കാൻ കുറച്ചുഭാഗത്ത് ഷീറ്റ് പിടിപ്പിച്ചിട്ടുമുണ്ട്. കൊളോണിയൽ ശൈലി പൂർണമായിക്കോട്ടെ എന്നു കരുതി പ്ലൈ കൊണ്ട് ഒരു ചിമ്മിനിയും തയാറാക്കി.

സംഭവം ക്ലിക്ക്ഡ്

എല്ലാംകൂടി മാഷിന് ചെലവായത് രണ്ടുലക്ഷത്തിൽ താഴെ മാത്രം! മുൻഭാഗത്തിന് മറ്റൊരു മാറ്റവും വരുത്തരുതെന്ന മാഷിന്റെ നിർബന്ധവും ഫലിച്ചു. പഴയ മച്ചിന്റെ മേലെയുള്ള ഓടിന്റെ ചോർച്ചയ്ക്ക് പരിഹാരവും കണ്ടു. മുകളിലെ ടെറസിൽ മാഷിന്റെ പെയിന്റിങ് സൃഷ്ടികൾക്കുള്ള പണിപ്പുരയും ഒത്തുകിട്ടി.

വീടിനകത്തും പുറത്തും അല്ലറ ചില്ലറ മിനുക്കുപണികൾ കൂടി ചെയ്തിട്ടുണ്ട്. മുൻവശത്തെ പഴയ ഷോവോളിനു മുകളിലെ പർഗോള ഫ്രെയിം വീടിന് ഭംഗി കൂട്ടിയതേയുള്ളൂ. മാത്രമല്ല, മുകളിൽ നിന്നുള്ള മഴവെള്ളം ഷോവോളിലൂടെ ഒലിച്ചിറങ്ങില്ല എന്ന ഗുണവുമുണ്ട്. കാർപോർച്ചിലേക്ക് കൂടി റൂഫിങ് ഷീറ്റ് നീട്ടിയെടുത്തു. പഴയ മുറികൾ അങ്ങനെത്തന്നെ നിർത്തിയപ്പോൾ അടുക്കള ഭാഗത്ത് അൽപം വലുപ്പം കൂട്ടി.

പഴയ ജനാലകൾ വലുപ്പം കൂട്ടിയെടുത്തു. ഇപ്പോൾ 1100 ചതുരശ്രയടി വലുപ്പമുള്ള വീട്ടിൽ നിറയെ വെളിച്ചം കടന്നുവരാൻ തുടങ്ങി. ധാരാളമായുള്ള പുസ്തകങ്ങൾക്കിരിക്കാൻ ഗ്ലാസ് പീസുകൾ ചുവരിൽ പിടിപ്പിച്ചു. പഴയ റെഡ്ഓക്സൈഡ് ഫ്ലോറിനു മുകളിൽ ഗ്രാനൈറ്റ് വിരിച്ചു.

ഏതാനും മാസങ്ങള്‍ക്കു മുമ്പുവരെ ‘നമുക്കു മാത്രം പഴയ വീടല്ലേ’ എന്നു പരിഭവം പറ‍ഞ്ഞിരുന്ന മക്കൾക്കും ഇപ്പോള്‍ സന്തോഷമായെന്ന് സന്തോഷത്തോടെ സന്തോഷ്. ഇന്നവരുടെ വീടു കാണാൻ നിരവധി പേർ എത്തുന്നു. ഇവിടെയുണ്ടായിരുന്ന പഴയ വീട് എവിടെ എന്ന് അദ്ഭുതം കൂറുന്നു. എന്താണ് ഇതിന്റെ പിന്നിലെ ടെക്നിക്ക് എന്ന് അന്വേഷിക്കുന്നു. സമീപപ്രദേശത്തെ മറ്റു വീടുകളിലും ഇതേ രീതി അവലംബിച്ചു തുടങ്ങിയിരിക്കുന്നു എന്നതാണ് വീട്ടുകാർക്ക് ഏറ്റവും സന്തോഷം തരുന്നത്.

ഒരു കല്ലുപോലും നശിപ്പിക്കാതെ

old-house 43 വർഷം പഴക്കമുള്ള വീടിന്റെ 26 വർഷം മുമ്പത്തെ ചിത്രം. പണി നടക്കുമ്പോഴുള്ള ചിത്രം (വലത്).

തൃശൂർ ജില്ലയിൽ പൊയ്യക്കടുത്ത് പുളിപ്പറമ്പിലുള്ള ചിത്രകലാ അധ്യാപകനായ സന്തോഷ് ലൂയിസിന്റെ വീടിനു പഴക്കം 43 വർഷം. അപ്പച്ചൻ ലൂയിസ് വൈദ്യൻ അന്ന് 10,000 രൂപയ്ക്ക് വീടു വച്ചപ്പോൾ ആ പ്രദേശത്തെ ഒരേ ഒരു വാർക്കവീടായിരുന്നു അവരുടേത്. ലൂയിസ് വൈദ്യന്റെ ഡയറിയുടെ മഞ്ഞ കലർന്ന താളുകളിൽ അന്നു ചെലവായ കണക്കുകൾ ഇപ്പോഴും വ്യക്തമായി വായിക്കാം. അന്നത്തെ മെയ്ക്കാടുപണിക്കാരന് ദിവസക്കൂലി വെറും 10 രൂപ. അപ്പച്ചന്‍ ഉണ്ടാക്കിയതൊന്നുംതന്നെ, വീടിന്റെ ഒരു കല്ലുപോലും താനായിട്ട് നശിപ്പിക്കരുതെന്ന് നിശ്ചയദാർഢ്യമായിരുന്നു മകൻ സന്തോഷിന്. പഴയതിനോട് കൂട്ടിച്ചേർക്കലുകൾ നടത്തിയാലും ഒന്നും നശിപ്പിക്കാൻ താനില്ല; മുറ്റത്തെ കായ്ക്കാത്ത തെങ്ങ് ആണെങ്കിൽപോലും.