ആഗ്രഹിച്ചു വീടു പണിയുന്ന ആരും വീടുപണിയുടെ ഓരോ ഘട്ടങ്ങളും ഓർമയിൽ സൂക്ഷിക്കാൻ ഇഷ്ടപ്പെടും. എന്നാൽ, ഞാൻ ഒരിക്കലും ഓർമിക്കാൻ ഇഷ്ടപ്പെടാത്ത ഒരധ്യായമാണ് എന്റെ വീടുപണിക്കാലം. എന്റെ അനുഭവം മറ്റുള്ളവർക്ക് ഒരു പാഠമാകട്ടെ എന്നു കരുതിയാണ് ഇവിടെ പങ്കുവയ്ക്കുന്നത്.
എന്റെ പേര് വിജയാനന്ദ്. കരുനാഗപ്പള്ളിയിലെ പഴയ വീടിന്റെ സ്ഥാനത്ത് പുതിയ വീട് പണിയാനൊരുങ്ങിയപ്പോൾ ഒരു ബിൽഡറെ പോയിക്കണ്ട് പണി ഏൽപിക്കുകയായിരുന്നു. വീടുപണിയും തുടങ്ങി. പക്ഷേ, ഞങ്ങള്‍ ആഗ്രഹിച്ചതു പോലൊന്നുമല്ല വീടുപണി മുന്നോട്ടു പോയിരുന്നത്. പല കാര്യങ്ങളും ചോദ്യം ചെയ്യുമ്പോൾ പണിതു കഴിയുമ്പോൾ എല്ലാം ശരിയാകും എന്നായിരുന്നു ഉത്തരം.
മൂന്നു വർഷത്തോളം എങ്ങുമെത്താതെ വീടുപണി നീണ്ടു. സ്ട്രക്ചർ മാത്രമാണ് തീർന്നത്. എന്റെ അമ്മയുടെ ഏറ്റവും വലിയ സ്വപ്നമായിരുന്നു ഞാൻ വീടു പണിതു കാണുക എന്നത്. എന്നാൽ ഇതിനിടയിൽ അമ്മയുടെ മരണവും സംഭവിച്ചു. അതോടെ ഞാനാകെ തകർന്നു. അപ്പോഴാണ് ഒരു ഗൃഹപ്രവേശത്തിന് എന്റെ കോളജ്കാല സുഹൃത്തായ ആർക്കിടെക്ട് അഖിലിനെ കാണുന്നത്. അഖിൽ പണിത ആ വീട് എനിക്ക് വളരെ ഇഷ്ടമായി. എന്റെ അനുഭവം അറിഞ്ഞപ്പോള്‍ വീടുപണി അഖിൽ ഏറ്റെടുത്തു.
വാസ്തുപ്രകാരമുള്ള മാറ്റങ്ങളോടൊപ്പം അഖിലിന്റെ വകയുള്ള ചില പുനഃക്രമീകരണങ്ങളും കൂടിയായപ്പോൾ വീണ്ടും വീടുപണി തുടങ്ങി. കുറച്ചുഭാഗം പൊളിച്ചു പണിയേണ്ടി വന്നു. 4100 ചതുരശ്രയടി വിസ്തീർണമുള്ള വീട്ടിൽ എല്ലാ മുറികളിലും എന്തിന്, സിറ്റ്ഔട്ടിൽ വരെ ഫോൾസ് സീലിങ് ഉണ്ട്. സീലിങ്ങിലെ അപാകതകൾ മറയ്ക്കാൻ വേണ്ടി നൽകിയതാണിത്. മേൽക്കൂരയിൽ 14 കൂരകളാണുള്ളത്. ഇതെല്ലാം പൊളിച്ചു പണിയലിന്റെ ഭാഗമായി സംഭവിച്ചതാണ്.
എന്റെ വീട്
ഫോയറിൽ പെബിൾസ് ഇട്ടു ഭംഗിയാക്കി. ഫോയറിനെ മറ്റിടങ്ങളില്‍ നിന്ന് വേർതിരിക്കുന്ന ക്ലാഡിങ് ചെയ്ത ഭിത്തിയിൽ ഗ്ലാസ് പില്ലർ നൽകി മനോഹരമാക്കിയിട്ടുണ്ട്. ലിവിങ് റൂമിനെ വേറിട്ടുനിർത്തുന്ന ഭിത്തിയിൽ ക്ലാഡിങ് ചെയ്തു; ബുദ്ധപ്രതിമയും വച്ചു.
പ്ലൈവുഡ് കൊണ്ടാണ് അടുക്കളയിലെ കാബിനറ്റ് പണിതത്. അടുക്കളയിൽനിന്ന് ഊണിടം കാണാവുന്ന രീതിയിൽ ഭിത്തിയിൽ കുറച്ചിടം ഓപൻ ആക്കി അതിൽ പ്ലൈവുഡ് കൊണ്ടുള്ള ഡിസൈനും ഗ്ലാസ് പില്ലറും നൽകി മനോഹരമാക്കി. ഗോവണിയുടെ കൈവരിക്ക് തേക്കും സ്റ്റീലും ഗ്ലാസും ചേർന്ന് പ്രൗഢിയേകുന്നു.
ഒരു ബാൽക്കണി വേണമെന്ന ഞങ്ങളുടെ ആഗ്രഹം ആദ്യത്തെ ബിൽഡർ നിഷ്കരുണം തള്ളിക്കളഞ്ഞിരുന്നു. അതിനു പകരം മുകളിലെ നിലയിലെ ലിവിങ് റൂമിനോടു ചേർന്ന് സീറ്റിങ് ഏരിയ പോലെ ഒരിടം പുതുതായി കൂട്ടിയെടുത്തു. അതിന്റെ ചുവരിലും സീലിങ്ങിലും പർഗോള നൽകി. അതിലൂടെ വീഴുന്ന വെയിൽ അകത്തളങ്ങളിൽ തീർക്കുന്ന നിഴൽചിത്രങ്ങൾ കാണാന്‍ നല്ല ഭംഗിയാണ്.
ചുവരിലെ പര്‍ഗോളയിൽ ഓറഞ്ച് നിറത്തിലുള്ള ടെക്സ്ചർ പെയിന്റ് നൽകി. തറയ്ക്ക് പെബിൾസും കൃത്രിമപ്പുൽത്തകിടിയും അഴകു പകരുന്നു. ഡിസൈൻ വർക് ചെയ്ത പ്ലൈവുഡിനു മുകളിൽ തേക്കിന്റെ പലക വിരിച്ചാണ് ഇരിപ്പിടം ഒരുക്കിയത്.
ജനാലകളുടെയും വാതിലിന്റെയും കട്ടിള ആഞ്ഞിലിയിലും ഫ്രെയിം മഹാഗണിയിലുമാണ് പണിതിരിക്കുന്നത്. താഴത്തെയും മുകളിലെയും പ്രധാനവാതിലുകൾ തേക്കിൻതടിയിലും. വീടിനു മുന്നിൽ ഭംഗിയുള്ള ലാൻഡ്സ്കേപ് ഒരുക്കിയിട്ടുണ്ട്. മുന്നിലെ മാവ് വെട്ടിക്കളയണമെന്ന് ആദ്യത്തെ ബിൽഡർ പറഞ്ഞതാണ്. ഇപ്പോൾ ആ മാവാണ് ലാൻഡ്സ്കേപ്പിലെ ശ്രദ്ധാകേന്ദ്രം.
ഇപ്പോഴും വീടിൽ ഞാൻ പൂർണ തൃപ്തനല്ല. കാരണം, ഏച്ചുകെട്ടിയാൽ മുഴച്ചിരിക്കുമല്ലോ. പണനഷ്ടത്തേക്കാൾ എന്നെ വിഷമിപ്പിക്കുന്നത് അതാണ്. ഇപ്പോഴും ചെറിയ ഭംഗിയുള്ള വീടുകൾ കാണുമ്പോൾ നഷ്ടബോധം തോന്നും. എന്നാൽ ചെറിയ ചില സന്തോഷങ്ങളും ഈ വീടുപണി എനിക്കു സമ്മാനിച്ചിട്ടുണ്ട്. ആർക്കിടെക്ട് അഖിൽ രവീന്ദ്രനും നിർമാണച്ചുമതലയുള്ള ദിനേഷ് ദിവാകരനുമടങ്ങുന്ന ഗ്രീൻ ട്രീ ഗ്രൂപ്പിൽ ഈ വീടുപണിയോടെ ഞാനും പങ്കാളിയായി. പുതിയതായി വീടു പണിയുന്നവർക്ക് എന്നാൽ കഴിയുന്ന സഹായം ചെയ്യാൻ പറ്റുന്നത് സന്തോഷമല്ലേ?