പത്തൊമ്പതാം വയസ്സില്‍ സാധാരണ എല്ലാവരും എന്താണ് ചെയ്യുക. വിനോദം, പഠിപ്പ്, കോളജ് ഡേയ്സ്....സമ്പാദ്യത്തെക്കുറിച്ചൊന്നും ചിന്തപോലും ഉണ്ടാകില്ല. എന്നാല്‍ അമേരിക്കയിലെ പ്രശസ്ത ടെലിവിഷന്‍ റിയാലിറ്റി താരമായ കയ്‌ലീ ജെന്നെര്‍ അല്‍പ്പം വ്യത്യസ്തയാണ്.
19 വയസ്സിനുള്ളില്‍ തന്നെ ജെന്നെര്‍ വാങ്ങിച്ചിരിക്കുന്നത് മൂന്ന് വീടുകള്‍. 40 വയസ്സായിട്ടും ഒരു വീടുണ്ടാക്കാന്‍ പെടാപ്പാടു പെടുന്നവരുടെ ലോകത്താണ് ഈ മിടുക്കി മൂന്ന് വീടുകള്‍ സ്വന്തമാക്കിയിരിക്കുന്നത്. ലോസ് ഏഞ്ചല്‍സിലെ ഹിഡ്ഡന്‍ ഹില്‍സിലാണ് ജെന്നെറിന്റെ മൂന്നാമത്തെ വീട്.
മേക്ക് അപ്പ് ബിസിനസിലും താല്‍പ്പര്യമുള്ള ജെന്നെര്‍ 4.5 മില്ല്യണ്‍ ഡോളര്‍ മുടക്കിയാണ് മൂന്നാമത്തെ വീട് സ്വന്തമാക്കിയത്.
നാല് ബെഡ് റൂമുകളും, നാല് ബാത്ത് റൂമുകളും ഉള്ള വീട് തന്റെ ഓഫീസായും ഉപയോഗപ്പെടുത്താനാണ് താരത്തിന്റെ പദ്ധതി. മേക്ക് അപ്പ് ബിസിനസ് വിപുലീകരിക്കാനുള്ള പദ്ധതിയിലാണ് ജെന്നെര്‍.
സ്വിമ്മിങ് പൂളും കിടിലന്‍ ബാത്ത് ടബ്ബും എല്ലാം ഉള്‍പ്പെടെ അത്യാഡംബര ശൈലിയിലാണ് പുതിയ വീട്. മൊത്തം ലിവിങ് സ്‌പേസ് 12,000 ചതുരശ്രയടിയാണ്. എന്നാല്‍ ജെന്നെര്‍ സ്ഥിരതാമസം ഇവിടെയാകില്ലെന്നാണ് സൂചന.
ഹിഡ്ഡന്‍ ഹില്‍സില്‍ തന്നെയുള്ള മറ്റൊരു വീട്ടിലേക്ക് താരം ഉടന്‍ താമസം മാറുമെന്നാണ് വാര്‍ത്ത. ജെന്നിഫര്‍ ലോപ്പസും മിലി സൈറസും ഉള്‍പ്പെടെയുള്ള സെലിബ്രിറ്റികള്‍ താമസിക്കുന്ന ഏരിയയിലേക്കാണ് താമസം മാറുന്നത്.
കഴിഞ്ഞ ഒക്‌റ്റോബറില്‍ 774 കോടി രൂപ മുടക്കിയാണ് താരം എട്ട് ബെഡ്‌റൂമുകളും 11 ബാത് റൂമുകളും ഉള്ള ഒരു വീട് സ്വന്തമാക്കിയത്. ഹോം തിയറ്ററും മസാജ് റൂമും സ്വിമ്മിങ് പൂളുമെല്ലാം ഉള്ള വീടാണത്. ജെന്നെര്‍ക്ക് പ്രിയം ഹിഡ്ഡന്‍സില്‍ തന്നെയുള്ള ഈ വീടിനോടാണത്രെ.