Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വേദനിലയത്തിൽ അമ്മയുടെ ആത്മാവോ?...

jayalalitha-house-haunted കേൾക്കുന്നവർ വിശ്വസിച്ചാലും ഇല്ലെങ്കിലും ഒരുകൂട്ടം തമിഴ്മക്കൾ ഇക്കാര്യം ഉറച്ചു വിശ്വസിക്കുന്നു: പ്രിയപ്പെട്ട പുരട്‌ചി തലൈവി അമ്മ മരിച്ചെങ്കിലും ആത്മാവ് ഇവിടെത്തന്നെയുണ്ട്.

നിഗൂഢതകളുടെ കൊട്ടാരമായാണ് പലരും ജയലളിതയുടെ വീടുകളെ വിശേഷിപ്പിച്ചിരുന്നത്. കേൾക്കുന്നവർ വിശ്വസിച്ചാലും ഇല്ലെങ്കിലും ഒരുകൂട്ടം തമിഴ്മക്കൾ ഇക്കാര്യം ഉറച്ചു വിശ്വസിക്കുന്നു: പ്രിയപ്പെട്ട പുരട്‌ചി തലൈവി അമ്മ മരിച്ചെങ്കിലും ആത്മാവ് ഇവിടെത്തന്നെയുണ്ട്. ‘അനുഭവ’ കഥകളുമായി പലരും രംഗത്തുണ്ട്. ജയയുടെ വസതിയായിരുന്ന പോയസ് ഗാർഡനിലെ വേദനിലയത്തിൽനിന്നു രാത്രി അലർച്ച കേൾക്കുന്നുവെന്നാണു കഥകളിലൊന്ന്. വേദനിലയത്തിലെ ചില ജോലിക്കാർതന്നെയാണ് ഇതു പറയുന്നത്. ജോലിക്കാരും ജയ തെരുവിൽനിന്നു ദത്തെടുത്ത 17 അനാഥക്കുട്ടികളുമാണിപ്പോൾ ബംഗ്ലാവിൽ താമസം. 

ജയലളിതയുടെ മരണശേഷം, ബംഗ്ലാവിലെ ഒഴിഞ്ഞുകിടക്കുന്ന മുറികളിൽനിന്നു രാത്രി നിലവിളി കേൾക്കുന്നതായി ആദ്യം പറഞ്ഞത് ഈ കുട്ടികളാണത്രേ. ജയലളിത ഉപയോഗിച്ചിരുന്ന മുറിയുടെ വാതിൽ താനേ തുറക്കുകയും അടയുകയും ചെയ്യുന്നതു കണ്ടുവെന്നാണു മറ്റൊരു ജീവനക്കാരിയുടെ ഭാഷ്യം. എന്നാൽ, കെട്ടുകഥകൾക്കു പിന്നിൽ ശശികല കുടുംബമാണെന്ന ആരോപണവും ഉയർന്നിട്ടുണ്ട്. വേദനിലയം സർക്കാർ ഏറ്റെടുത്തു ജയലളിത സ്മാരകമാക്കണമെന്നു പനീർസെൽവം ആവശ്യപ്പെട്ടിരുന്നു. ഇതു തടയാനാണു പ്രേതകഥ പ്രചരിപ്പിക്കുന്നതെന്നാണ് ആരോപണം. 

jayalalitha-home

ജയലളിതയുടെ രാഷ്ട്രീയത്തിലെയും ജീവിതത്തിലെയും ഉയർച്ച താഴ്ചകൾക്ക് സാക്ഷ്യം വഹിച്ച വീടാണ് ചെന്നൈ പോയസ് ഗാർഡനിലെ വേദനിലയം എന്ന 36–ാം നമ്പർ വീട്. താൻ ഏറെ സ്നേഹിച്ചിരുന്ന അമ്മയുടെ പേരാണ് തന്റെ പ്രിയ വീടിനും ജയലളിത ഇട്ടത്. 21,600 ചതുരശ്രയടിയിൽ കന്റംപ്രറി ശൈലിയിൽ തൂവെള്ള പെയിന്റ് അടിച്ച, ഇരുനില വീട്. 1967 ൽ പോയസ് ഗാർഡനിലെ വേദനിലയം വാങ്ങുമ്പോൾ അതിന്റെ വില 1.37 ലക്ഷമായിരുന്നു, ഇന്നതിന് ഏകദേശം 43.96 കോടി മതിപ്പുവില വരും. 

vedanilayam

മറീന ബീച്ചിലെ ജയലളിത സമാധിയെ സംബന്ധിച്ചും പ്രേതകഥ പ്രചരിക്കുന്നുണ്ട്. ഇവിടെ നിയമിക്കുന്ന പൊലീസുകാർക്കു പെട്ടെന്നു രോഗം പിടിപെടുന്നുവെന്നാണു കഥ. 20 പൊലീസുകാരെയെങ്കിലും രോഗംമൂലം മാറ്റേണ്ടിവന്നത്രേ. മറീന ബീച്ചിലെ കൊടുംവെയിലിൽ ഒരു ദിവസം ചെലവഴിച്ചാൽ പൊലീസെന്നല്ല, ആരും രോഗികളായിപ്പോകുമെന്നാണു പ്രേതകഥയെ എതിർക്കുന്നവരുടെ വാദം.