വിസ്മയിപ്പിക്കുന്ന വീടുകളൊന്നും ഇവിടെയില്ല. വമ്പൻ കെട്ടിടങ്ങൾ പോയിട്ട് റോഡുകളോ പാലങ്ങളോ പോലുമില്ല. പിന്നെ എന്തു കാണാനാണ് ഒരു ആർക്കിടെക്ട് ആന്റാർട്ടിക്കയിലേക്ക് പോകുന്നത്? ഇതിനുള്ള ഉത്തരം തന്നെയായിരുന്നു അന്റാർട്ടിക്കയിലേക്കുള്ള യാത്രയുടെ പ്രചോദനവും. കെനിയയിലെ മസായ് മരായിൽ നിന്ന് ടാൻസാനിയയിലേക്ക് എല്ലാ വർഷവും മുടങ്ങാതെ നടക്കുന്ന മൃഗങ്ങളുടെ കൂട്ടപലായനമായ ‘ ദ് ഗ്രേറ്റ് മൈഗ്രേഷൻ’ കാണാനിടയായപ്പോഴാണ് അന്റാർട്ടിക്ക കാണണം എന്ന ആഗ്രഹമുദിച്ചത്. മനുഷ്യന്റെ അപ്രമാദിത്വത്തിന്റെ കാഴ്ചകളാണ് നമുക്കു ചുറ്റും. മനുഷ്യന്റെ നിസ്സാരതയും പ്രകൃതിയുടെ വിശാലതയും ബോധ്യപ്പെടുത്തുന്ന ഇടങ്ങളും ഈ ഭൂമിയിലുണ്ടെന്ന തിരിച്ചറിവ്. അതായിരുന്നു ഈ ആഗ്രഹമുദിക്കാൻ കാരണം.
കെനിയൻ യാത്രയിൽ ഒപ്പമുണ്ടായിരുന്ന പ്രശസ്ത ആർക്കിടെക്ചർ ഫൊട്ടോഗ്രഫറും ലോകസഞ്ചാരിയുമായ ബാലൻ മാധവനോടാണ് ഈ ആഗ്രഹം ആദ്യം പങ്കുവച്ചത്. അദ്ദേഹം തന്നെയാണ് യാത്രയ്ക്കുവേണ്ട ക്രമീകരണങ്ങളെല്ലാം ഒരുക്കിയതും. ആർക്കിടെക്ടുമാരായ യുജിൻ പണ്ടാല, ദീപു രവി എന്നിവരുൾപ്പെടെ 20 പേരായിരുന്നു സംഘത്തിൽ. 20 മലയാളികളൊരുമിച്ച് അന്റാർട്ടിക്കൻ മണ്ണിൽ(മഞ്ഞിൽ) കാലുകുത്തുന്നതും ഒരുപക്ഷേ, ചരിത്രത്തിൽ ആദ്യമായിരിക്കും !
ചിലി, അർജന്റീന, സൗത്ത് ആഫ്രിക്ക, ന്യൂസീലൻഡ് എന്നീ രാജ്യങ്ങൾ വഴി അന്റാർട്ടിക്കയിലെത്താം. ചിലിയിലൂടെയുള്ള വഴിയാണ് ഞങ്ങൾ തിരഞ്ഞെടുത്തത്. വിമാനത്തിൽ ദോഹ, സാവോ പോളോ വഴി ചിലിയുടെ തലസ്ഥാനമായ സാന്റിയാഗോയിലേക്കും അവിടെ നിന്ന് തീരദേശ നഗരമായ പുന്റ് അരീനസിലേക്കും. പിന്നീട് കപ്പലിൽ അന്റാർട്ടിക്കയിലേക്ക്. അതായിരുന്നു ഈ ജനുവരി അഞ്ചിന് തുടങ്ങി 17 ദിവസം നീണ്ട യാത്രയുടെ സഞ്ചാരക്രമം.
മഗല്ലൻ കടലിടുക്ക് എന്നറിയപ്പെടുന്ന കപ്പൽച്ചാലിലൂടെയുള്ള യാത്ര തുടങ്ങി അധികം വൈകാതെ തന്നെ കാലാവസ്ഥയിലെയും ഭൂപ്രകൃതിയിലെയും മാറ്റം ദൃശ്യമായിത്തുടങ്ങും. പോർട്ട് വില്യംസിലെത്തുന്നതോടെ ഹിമപർവതങ്ങളും ഒഴുകി നീങ്ങുന്ന മഞ്ഞുപാളികളുമൊക്കെ കാണാം. കേപ് ഹോൺ മുനമ്പ് പിന്നിടുന്നതോടെ പച്ചപ്പ് പൂർണമായി മായുകയായി ! പിന്നെയങ്ങോട്ട് വെള്ളനിറം മാത്രമാണ് കൺമുന്നിൽ. കടലിനു നടുവിൽ നോക്കെത്താദൂരത്തോളം വ്യാപിച്ചു കിടക്കുന്ന മഞ്ഞുമലകൾ. ഇടയ്ക്കിടെ മഞ്ഞുമൂടിയ പാറക്കൂട്ടങ്ങൾ. ഇതാണ് അന്റാർട്ടിക്ക. ഞങ്ങളെത്തുമ്പോൾ മൈനസ് 14 ഡിഗ്രിയായിരുന്നു താപനില. ശൈത്യം കനക്കുന്നതോടെ ഇത് മൈനസ് എഴുപത് വരെയെത്തും. അതോടെ കടൽവെള്ളം തണുത്തുറഞ്ഞ് ഐസായി നാനൂറ് ചതുരശ്ര കിലോമീറ്ററിലധികം അന്റാർട്ടിക്ക വളരും.
കരുതലോടെ കാൽവയ്പ്പ്
മനുഷ്യന്റെ കൈകടത്തലിന് അധികമൊന്നും വിധേയമാകാത്ത ഭൂവിഭാഗമാണ് അന്റാർട്ടിക്ക, പ്രകൃതി അത് ആഗ്രഹിക്കുന്നില്ല എന്നതാണ് വാസ്തവം എന്ന് തോന്നിപ്പോകും ഇവിടത്തെ കാഴ്ചകൾ കാണുമ്പോൾ. കപ്പലിൽ നിന്ന് ചെറിയ റബർ ബോട്ടിൽ വേണം മഞ്ഞുമലകളിലും പാറക്കെട്ടുകളിലും എത്താൻ. കർശനമായ പല നിയന്ത്രണങ്ങളും സഞ്ചാരികൾ പാലിക്കേണ്ടതുണ്ട്. കപ്പലിലെ ആംഫി തിയറ്ററിൽ ഇത് സംബന്ധിച്ച വിശദമായ വീഡിയോ കാണിക്കും. പൊട്ടാസ്യം പെർമാംഗനേറ്റിൽ കാൽ കഴുകിയശേഷമേ അന്റാറാർട്ടിക്കയിലേക്ക് ഇറങ്ങാനാകൂ. അവിടേക്ക് ഒരു മണൽത്തരി പോലും കൊണ്ടുപോകരുത്. അവിടെ നിന്ന് ഒന്നും എടുക്കുകയുമരുത്. അതാണ് നിയമം. മഞ്ഞിലൂടെ നടക്കാനുള്ള ബൂട്ടും പ്രത്യേകതരം കമ്പിളി വസ്ത്രവുമെല്ലാം കപ്പലിൽ നിന്ന് വിതരണം ചെയ്യും.
വേറൊരു ലോകം
മനുഷ്യൻ. അവന്റെ മാത്രം സൗകര്യത്തിന് പടുത്തുയർത്തിയ ലോകം. അതാണ് നമുക്ക് പരിചിതം. അന്റാർട്ടിക്ക അങ്ങനെയല്ല. പ്രകൃതിയൊരുക്കിയ വിസ്മയങ്ങൾ. അതുമാത്രമാണ് ചുറ്റുപാടെങ്ങും. നിശ്ശബ്ദതയെന്തെന്ന് അറിയണമെങ്കിൽ ഇവിടെയെത്തണമെന്ന് തോന്നിപ്പോകും.
അമേരിക്കയുടെ രണ്ടിരട്ടി വലുപ്പമുണ്ടെങ്കിലും രണ്ടായിരത്തോളം ആളുകൾ മാത്രമാണ് അന്റാർട്ടിക്കയിൽ താമസം. വിവിധ രാജ്യങ്ങളുടെ റിസേർച്ച് സ്റ്റേഷനുകളിൽ കഴിയുന്ന ശാസ്ത്രജ്ഞരാണ് ഇതിൽ കൂടുതലും. മനുഷ്യരുടെ വീടുകളില്ലെങ്കിലും പെൻഗ്വിൻ, ആൽബട്രോസ് എന്നിവയുടെയൊക്കെ കൂടുകൾ ഇഷ്ടംപോലെയുണ്ട് അന്റാർട്ടിക്കയിൽ. തീറ്റതേടിയശേഷം തിരികെ കൂട്ടിലേക്ക് പെൻഗ്വിനുകൾ വരുന്ന വഴിത്താരയ്ക്ക് ‘പെൻഗ്വിൻ ഹൈവേ’ എന്നാണ് പറയുക. പെൻഗ്വിനുകൾ നടന്നു വരുമ്പോൾ നമ്മൾ അവിടെയുണ്ടെങ്കിൽ മാറി നിന്നു കൊടുക്കണം. അതാണ് അന്റാർട്ടിക്കയിലെ നിയമം. വലിയ പാറയ്ക്കു മുകളിൽ ചെറുകരിങ്കൽക്കഷണങ്ങൾ അടുക്കിയാണ് പെൻഗ്വിനുകൾ കൂടുകൂട്ടുന്നത്. ഇത്തരം പെൻഗ്വിൻ കോളനികളിൽ ആയിരക്കണക്കിനു കൂടുകളാണുള്ളത്. പാറകളിലെ പൊടിമണ്ണ് കുഴച്ച് അടുപ്പുപോലെയാക്കി അതിനു മുകളിലാണ് ആൽബട്രോസ് മുട്ടയിടുന്നത്.
കപ്പൽച്ചേതങ്ങളുടെ കദനകഥകൾ
തകർന്നു കിടക്കുന്ന നൂറുകണക്കിനു കപ്പലുകളാണ് മനസ്സിനെ വേദനിപ്പിച്ചൊരു കാഴ്ച. സാഹസികതയ്ക്കു വേണ്ടിയും സമ്പത്തു മോഹിച്ചുമൊക്കെ മഞ്ഞിന്റെ നാട്ടിലെത്തിയവർ. തിരികെ പോകാൻ ഭാഗ്യം ലഭിക്കാത്തവർ. 1912 വരെ അന്റാർട്ടിക്കയുടെ തീരങ്ങളിൽ തിമിംഗലവേട്ട വ്യാപകമായിരുന്നു. തിമിംഗല എണ്ണ ശേഖരിക്കാനായി സ്ഥാപിച്ച കൂറ്റൻ ടാങ്കറുകളുടെയും കെട്ടിടങ്ങളുടെയും അവശിഷ്ടങ്ങൾ ഇപ്പോഴും കാണാം. തിമിംഗല വേട്ടയ്ക്ക് കർശന നിയന്ത്രണം വന്നതോടെ ഇവ ഉപേക്ഷിച്ച് മടങ്ങുകയായിരുന്നു. പിന്നീടുണ്ടായ അഗ്നി പർവ്വത സ്ഫോടനത്തിൽ കെട്ടിടങ്ങൾ തകരുകയും ചെയ്തു. ഇതൊക്കെ തുടച്ചു മാറ്റാൻ ഒരുപക്ഷേ, പ്രകൃതി തന്നെ തീരുമാനിച്ചിരിക്കണം.
നാട്ടിലെത്തിയപ്പോൾ മനസ്സ് പതിവിലേറെ ശാന്തമായിരുന്നു. എന്ത് ഊർജമാണ് അന്റാർട്ടിക്ക പകർന്നു തന്നതെന്ന സുഹൃത്തുക്കളുടെ അന്വേഷണത്തിന് മറുപടിയായി ഒന്ന് പറയാനുണ്ടായിരുന്നുള്ളൂ. ‘‘ ഊർജമല്ല. വിവേകമാണ് അന്റാർട്ടിക്ക പകർന്നു തന്നത്. പ്രകൃതിയിൽ അനാവശ്യ കൈകടത്തൽ പാടില്ലെന്ന വിവേകം.’’
വിസ്മയങ്ങളുടെ ഭൂഖണ്ഡം
ഒരു രാജ്യത്തിനും സ്വന്തമല്ലാത്ത ഭൂഖണ്ഡമാണ് അന്റാർട്ടിക്ക. ലോകത്ത് ആകെയുള്ള ഐസിന്റെ 90 ശതമാനവും ശുദ്ധജലത്തിന്റെ 70 ശതമാനവും ഇവിടെയാണുള്ളത്. ശരാശരി രണ്ട് കിലോമീറ്റർ മുതൽ അഞ്ച് കിലോമീറ്റർ വരെ കനമാണ് ഇവിടത്തെ മഞ്ഞുപാളികൾക്കുള്ളത്. ഈർപ്പം ഒട്ടും ഇല്ലാത്തതിനാൽ മരുഭൂമിയെക്കാൾ വരണ്ട കാലാവസ്ഥയാണ് ഇവിടത്തേത്.
ബി. സുധീർ
ഏഴ് ഭൂഖണ്ഡങ്ങളിലായി 65 ലധികം രാജ്യങ്ങൾ സന്ദർശിച്ച ആർക്കിടെക്ട്. ആർക് ഏഷ്യ സോഷ്യൽ റെസ്പോൺസിബിലിറ്റി കമ്മിറ്റി ചെയർമാൻ. ഐഐഎ കേരള ചാപ്റ്റർ മുൻ ചെയർമാൻ.